Type Here to Get Search Results !

Bottom Ad

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സംഘകൃഷി വ്യാപകമാക്കും


കാസര്‍കോട്.(www.evisionnews.in)ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് ജൈവകൃഷി പ്രോത്സാഹനത്തിനായി കുടുംബശ്രീ സംഘകൃഷി നടത്തും. മഹിളാ കിസാന്‍ സശാക്തീകരണ പരിയോജനയുടെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് കുടുംബശ്രീ കര്‍ഷകതൊഴിലാളികളായ വനിതകളെ കാര്‍ഷിക സംരംഭകരാക്കി മാറ്റുന്നതിന് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 2012 ആഗസ്റ്റ് 20 മുതല്‍ 2015 ഡിസംബര്‍ 31 വരെ പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. കാര്യശേഷി നൈപുണ്യ പരിശീലനങ്ങള്‍, കര്‍ഷക സഹായ കേന്ദ്രങ്ങള്‍, കാര്‍ഷിക ഉപകരണ വിതരണം, സീഡ് ബാങ്കുകള്‍, സമ്മിശ്ര കൃഷി, ജൈവകൃഷി തുടങ്ങിയ മേഖലയില്‍ ജില്ലയില്‍ 13,252 വനിതകള്‍ക്ക് ഈ കാലയളവില്‍ പരിശീലനം നല്‍കി. നെല്ല്, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, വാഴ, പച്ചക്കറി എന്നിവ കൃഷി ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുടുംബശ്രീ സംഘകൃഷി 679.6 ഹെക്ടറില്‍ നെല്‍കൃഷിയും 568.3 ഹെക്ടറില്‍ പച്ചക്കറിയും 422.2 ഹെക്ടറില്‍ മറ്റു കൃഷികളും നടത്തി. രണ്ടാം ഘട്ട പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ജില്ലാ മിഷന് അനുമതി ലഭിച്ചിട്ടുണ്ട്. വനിതാ കര്‍ഷകര്‍ക്ക് പരിശീലനം, സീഡ് ബാങ്ക്, മാതൃകാ കൃഷിത്തോട്ടങ്ങളുടെ രൂപീകരണം എന്നിവയും കാര്‍ഷിക മേഖലയില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തി ജൈവകൃഷിയിലൂടെ ഭക്ഷ്യസുരക്ഷ നേടുന്നതിനുളള പദ്ധതിയും രണ്ടാംഘട്ടത്തില്‍ ലക്ഷ്യമിടുന്നു.

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ മഹിളാ കിസാന്‍ സശാക്തീകരണ പരിയോജനയുടെ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി ആയൂത്രണ ശില്പശാലയുടെ ഉദ്ഘാടനം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. എം കെ എസ് പി കണ്‍സള്‍ട്ടന്റ് പി ഇ സൈജു പദ്ധതി വിശദീകരിച്ചു. കോടോം ബേളൂര്‍ കൃഷി ഓഫീസര്‍ പി വിഷ്ണു വിഷയാവതരണം നടത്തി. കുടുംബശ്രീ മിഷന്‍ എ ഡി എം സി യൂസഫ് സ്വാഗതവും, കുടുംബശ്രീ മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രജനി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad