കാസര്‍കോട്.(www.evisionnews.in)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളില്‍ ഇനിയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത രോഗികളെ കണ്ടെത്തി ഉള്‍പ്പെടുത്തുന്നതിനുള്ള പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് വിദ്ഗ്ധ ഡോക്ടര്‍മാരുടെ സേവനം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടര്‍ ഇ.ദേവദാസന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യുന്നതിന് കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ തല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യത്തിന് ഡോക്ടര്‍മാരെ ലഭിച്ചാല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ഉടന്‍ സംഘടിപ്പിക്കും. അഞ്ച് ദിവസങ്ങളില്‍ നടത്തുന്ന ക്യാമ്പിന് 11 വിഭാഗങ്ങളിലായി 45 വിദഗ്ദ ഡോക്ടറുടെ സേവനമാണ് ആവശ്യപ്പെടുന്നത്. ദുരിതബാധിതരുടെ അമ്പതിനായിരം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അതില്‍ അധികം വരുന്ന കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് സര്‍ക്കാരില്‍ നിന്നും കൂടുതല്‍ തുക ആവശ്യപ്പെടുന്നതിനും നടപടി സ്വീകരിക്കും. മുളിയാരില്‍ സമഗ്ര പുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നതിന് സ്ഥലം കൈമാറുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. നബാര്‍ഡ്, ആര്‍.ഐ.ഡി.എഫ് പദ്ധതികളില്‍ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തികള്‍ ഈ മാസം 30 നകം പൂര്‍ത്തിയാക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പദ്ധതിയുടെ ഭാഗമായ മേജര്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും. എല്ലാ മാസവും പ്രവര്‍ത്തി പുരോഗതി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വിലയിരുത്തും. യോഗത്തില്‍ എന്‍ഡോസെല്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. അമ്പുജാക്ഷന്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ: മുഹമ്മദ് അഷീല്‍, എ.ഡി.എം വി.പി മുരളീധരന്‍, നബാര്‍ഡ് എ.ജി.എം ജ്യോതിസ് ജഗന്നാഥ് എന്നിവരും വിവിധ വകുപ്പുകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരും സംബന്ധിച്ചു.

Post a Comment
0 Comments