Type Here to Get Search Results !

Bottom Ad

പോളിംഗ് ബൂത്തുകള്‍ സജ്ജം, വിധിയെഴുത്ത് നാളെ


കാസര്‍കോട്:  (www.evisionnews.in) പതിനാലാം കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. പോളിംഗ്  സാമഗ്രികളുമായി ഞായറാഴ്ച വൈകീട്ടോടെ ബൂത്തുകളിലെത്തിയ ഉദ്യേഗസ്ഥര്‍ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടെടുപ്പിനായി സജ്ജീകരിച്ചു. തെരഞ്ഞെടുപ്പിനായി ജില്ലയില്‍ 799 പോളിങ് ബൂത്തുകളിലേക്കായി 957 സിംഗിള്‍ പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.  രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് . ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച 11 തരത്തിലുളള തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് വോട്ട് ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണ്. ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡാണ് പൊതുവെ വോട്ടര്‍മാര്‍ ഉപയോഗിക്കേണ്ടത്. ഇതില്ലെങ്കില്‍ മാത്രമാണ് മറ്റു രേഖകള്‍ ഉപയോഗിക്കേണ്ടത്. ബി എല്‍ ഒ യില്‍ നിന്നും കിട്ടിയ ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പ് മാത്രം ഉപയോഗിച്ചും വോട്ട് ചെയ്യാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു.
പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍, സെക്കന്റ് പോളിങ് ഓഫീസര്‍മാര്‍, തേര്‍ഡ് പോളിങ് ഓഫീസര്‍മാര്‍ എന്നീ വിഭാഗങ്ങളിലായി 920 വീതം പോളിങ് ഓഫീസര്‍മാരും റിസര്‍വ്വ് ഇനത്തില്‍ 461 പേരും ഉള്‍പ്പെടെ 4141 പേരാണ് പോളിങ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളുടെ പോളിങ് സാമഗ്രി വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ കാസര്‍കോട് ഗവ: കോളേജിലും, കാഞ്ഞങ്ങാട് , തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെത് പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലുമാണ്  സജ്ജീകരിച്ചത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന  ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പ് വരുത്താന്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ആവശ്യാനുസരണം ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകള്‍ രംഗത്തുണ്ടാകും.      
വനിതകള്‍ നിയന്ത്രിക്കുന്ന പത്ത് പോളിങ് സ്റ്റേഷനുകളും മുപ്പത് മാതൃകാ പോളിങ് സ്റ്റേഷനുകളും ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്. പോളിംഗ് സ്റ്റേഷന്‍ അംഗപരിമിത സൗഹൃദമാക്കുന്നതിന് ബൂത്തുകളില്‍ വീല്‍ ചെയറുകള്‍ എത്തിച്ചു. റാമ്പ് സൗകര്യം ഏര്‍പ്പെടുത്തി. പരിസ്ഥിതി സൗഹൃദമായാണ് തെരഞ്ഞെടുപ്പ് നടക്കുക. 
990513 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 103404 പുരുഷന്‍മാരും 104741 സ്ത്രീകളും ഉള്‍പ്പെടെ 208145 വോട്ടര്‍മാരുണ്ട്. കാസര്‍കോട് മണ്ഡലത്തില്‍ 188848 വോട്ടര്‍മാരാണ് ആകെയുള്ളത് ഇതില്‍ 94214 പുരുഷന്‍മാരും 94634 സ്ത്രീകളുമുണ്ട്. ഉദുമയില്‍ 97117 പുരുഷന്‍മാരും 102712 സ്ത്രീകളും ഉള്‍പ്പെടെ 199829  വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 204445 വോട്ടര്‍മാരുള്ളതില്‍ 97205 പുരുഷന്‍മാരും 107240 സ്ത്രീകളുമുണ്ട്. തൃക്കരിപ്പൂര്‍മണ്ഡലത്തില്‍ 189246 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 88793 പുരുഷന്‍മാരും 100453 സ്ത്രീകളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 1150 പ്രവാസി വോട്ടര്‍മാരും 1575 സര്‍വ്വീസ് വോട്ടര്‍മാരുമുണ്ട്.


Post a Comment

0 Comments

Top Post Ad

Below Post Ad