മഞ്ചേശ്വരം:(www.evisonnews.in) കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ തീപാറുന്ന പോരാട്ടത്തില്‍ വിജയം പ്രവചനാതീതമായി. അച്ചടി ദൃശ്യമാധ്യമങ്ങളിലും കര്‍ണാടകയിലെ ചാനലുകളിലും മഞ്ചേശ്വരം എങ്ങോട്ട് എന്ന ആകാംക്ഷയോടെയാണ് സ്ഥിതിഗതികള്‍ നോക്കിക്കാണുന്നത്. മണ്ഡലത്തില്‍ യു.ഡി.എഫിനാണ് മേല്‍ക്കൈ എങ്കിലും യു.ഡി.എഫില്‍ നിന്ന് മണ്ഡലം ഒരിക്കല്‍കൂടി പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫും തുളുനാടന്‍ പട്ടണിഞ്ഞ് ഒരു വടക്കന്‍ വീരഗാഥ രചിച്ച് നിയമസഭയില്‍ താമരവിരിയിക്കാന്‍ അഹോരാത്രം പാടുപെടുന്ന ബിജെപി അടക്കമുള്ള സംഘപരിവാരങ്ങളും രണ്ടു ലക്ഷത്തിലേറെ വോട്ടുകളുള്ള മഞ്ചേശ്വരത്താകെ നിറഞ്ഞു നില്‍ക്കുകയാണ്.
യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും തന്റെ നേതൃത്വത്തില്‍ നടന്ന വികസന മുന്നേറ്റങ്ങളും എണ്ണിയെണ്ണി പറഞ്ഞാണ് പി.ബി അബ്ദുല്‍ റസാഖ് മണ്ഡലത്തില്‍ മുന്നേറുന്നതെങ്കില്‍ യു.ഡി.എഫിന്റെ പ്രചാരണങ്ങളെല്ലാം പൊള്ളയാണെന്നും മണ്ഡലത്തില്‍ 2006 വീണ്ടും ആവര്‍ത്തിക്കുമെന്നും എല്‍.ഡി.എഫ് അവകാശപ്പെടുന്നു. ഭൂരിപക്ഷം വര്‍ധിപ്പിക്കാനാണ് യു.ഡി.എഫിന്റെ നീക്കങ്ങള്‍. എന്നാല്‍ യു.ഡി.എഫില്‍ വിള്ളലുണ്ടാക്കി വിജയിക്കാനാണ് എല്‍.ഡി.എഫ് ശ്രമങ്ങള്‍.
ദക്ഷിണ കര്‍ണാടകയിലെ ഒരു മുന്‍ മന്ത്രിയുടെ നേതൃത്വത്തിലാണ് ബിജെപി പ്രചാരണം കൊഴുപ്പിക്കുന്നത്. ഓരോ ബൂത്തുകളിലും കര്‍ണാടകയിലെ അഞ്ചോളം സ്വയം സേവകരെയും നിയോഗിച്ചുണ്ടെന്നാണ് പുറത്തുവന്ന വിവരം. സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ഹൈന്ദവ വോട്ടുകള്‍ കഴിയുന്നത്ര പെട്ടിയിലാക്കാനാണ് കരുനീക്കങ്ങള്‍ നടത്തുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എച്ച് കുഞ്ഞമ്പു ആകട്ടെ എല്‍.ഡി.എഫിന് വോട്ടില്ലാത്ത മുസ്ലിം കേന്ദ്രങ്ങളിലാണ് തുടക്കം മുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബിജെപിയുമായാണ് മത്സരമെന്ന് യു.ഡി.എഫ് പറയുമ്പോള്‍ സിപിഎം പറയുന്നത് മത്സരം യുഡിഎഫുമായാണെന്നാണ്.
പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ യു.ഡി.എഫിനാണ് മുന്‍ തൂക്കമുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ മണ്ഡലത്തില്‍ അതിശക്തമായ ത്രികോണ മത്സരമാണ് പ്രകടമാകുന്നത്. പൊതുവായ രാഷ്ട്രീയ മാധ്യമ വിശകലനങ്ങളും ഇതുതന്നെയാണ്.

Post a Comment
0 Comments