-ഖയ്യൂം മാന്യ
എഴുതപ്പെടേണ്ട കാര്യമല്ലെന്നുറപ്പുണ്ട്. എന്നിട്ടും അക്ഷരങ്ങൾ പകർത്തിത്തുടങ്ങുന്നത്, ചെയ്‌ത കാര്യങ്ങളെ കൊട്ടിഘോഷിക്കാനാണെന്ന് തെറ്റിദ്ധരിക്കരുതേ.. ഒരു സന്ദേശം പകരാൻ പറ്റുമെങ്കിൽ, അതിന് വേണ്ടിയുള്ള ശ്രമം മാത്രമാണിത്. ആ 'നിയ്യത്തോ'ട് കൂടിയാണ്, എന്റെയും അല്ലാഹുവിന്റെയും ഇടയിലുള്ള രഹസ്യത്തിന്റെ പൂട്ട് ഞാൻ തുറക്കുന്നത്.
ശനിയാഴ്‌ച്ച രാത്രിയായിരുന്നു, വഴി തെറ്റിയെന്ന് ഞാൻ കരുതിയ കോൾ എന്നെ തേടിയെത്തുന്നത്.(www.evisionnews.in) മാവിനക്കട്ടയിൽ നിന്നായിരുന്നുവത്. ബദിയടുക്കയിലെ ഒരു സ്‌ത്രീ ഓപ്പറേഷൻ കഴിഞ്ഞിട്ടും ഡിസ്‌ചാർജ് ചെയ്യാനാവാതെ ആശുപത്രിയിൽ തന്നെ ബാക്കിയാണത്രെ. പണം സ്വരൂപിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിടത്താണ് ആരോ എന്റെ നമ്പർ കൊടുത്തത്. നാൽപതിനായിരത്തോളം രൂപയുടെ ആശുപത്രി ബിൽ. ഒരു ഫെയ്‌സ്‌ബുക്ക് പോസ്റ്റ് കൊണ്ട് അല്ലെങ്കിൽ വാട്‌സ്‌ആപ്പ് സന്ദേശം കൊണ്ട് പരിഹരിക്കാവുന്നതേ ഉള്ളൂ. ഇതിന് മുമ്പും വിസ്‌മയിപ്പിക്കുന്ന ഐക്യദാർഢ്യവുമായി സോഷ്യൽ മീഡിയ പലവട്ടം കൂട്ട് നിന്നിട്ടുമുണ്ട്. പക്ഷെ, മിനുട്ടുകൾ മുമ്പാണ് സുള്ള്യയിലെ ഹനീഫിന്റെ സംസാരശേഷിയില്ലാത്ത കുട്ടികളുടെ റിപ്പോർട്ട് പോസ്റ്റ് ചെയ്‌തത്. തുടർച്ചയായി സഹായഭ്യർത്ഥനകൾ അയക്കാൻ തുടങ്ങിയാൽ പിന്നെ ആരും അത് മൈൻഡ് ചെയ്യാതാവും എന്ന് നല്ല പേടിയുണ്ട്. പടച്ചവനേ എന്താണൊരു വഴി? പരശതം ചോദ്യങ്ങൾ ശസ്‌ത്രക്രിയ കൊണ്ട് മുറിച്ച് മാറ്റാൻ കഴിയാത്തവിധം ഉള്ളിൽ മുളച്ച് പൊന്തി.
പിറ്റേന്ന് രാവിലെ എന്റെ നാട്ടിൽ നിർമിക്കുന്ന സുലഖയുടെ വീടുമായി ബന്ധപ്പെട്ട ജോലിയിൽ മുഴുകുമ്പോഴാണ്, ഇതേ ഓർമപ്പെടുത്തലുമായി റഫീഖിന്റെ മെസേജ്. (www.evisionnews.in) കഴിഞ്ഞ രാത്രിയിലേത് വഴി തെറ്റി വന്ന വിളിയല്ല എന്ന് അന്നേരം എനിക്കുറപ്പായി. അല്ലാഹു ചില കാര്യങ്ങൾ നമ്മെ ഏൽപ്പിക്കുന്നത് അത്രമേൽ ആകസ്‌മികമായാണ്. അത് തിരിച്ചറിയുമ്പോൾ ലഭിക്കുന്ന കർത്തവ്യബോധം അനിർവചനീയവും! കാരണം നമ്മൾ നമ്മളന്നേരം സൃഷ്‌ടാവിന്റെ പ്രതിനിധിയാവുകയാണ്, ഭൂമിയിൽ ചില കാര്യങ്ങൾക്ക് വേണ്ടി തെരെഞ്ഞെടുക്കപ്പെടുന്ന 'ഖലീഫ'!
ഉച്ചയാവുമ്പഴേക്കും ആശുപത്രിയിലെത്തി. സംഭവം നൂറ്റിയൊന്ന് ശതമാനം യാഥാർത്ഥ്യമാണ്. എന്നത്തെയും പോലെ 'തവക്കൽത്തു അലല്ല്ലാഹ്'.. ഭാരമേൽപ്പിക്കാൻ ഏറ്റവും പര്യാപ്‌തമായവൻ അവനാണല്ലോ. ടൗണിലെ വ്യാപാരികളായ കുറച്ച് സുഹൃത്തുക്കൾ, ഗൾഫിലെ ഒന്ന്-രണ്ട് അടുത്ത പരിചയക്കാർ എന്നിവരുടെ ഒരു ലിസ്‌റ്റ് ഉണ്ടാക്കി വിളിക്കാൻ ആരംഭിച്ചു. അരമണിക്കൂർ ആവുമ്പഴേക്കും പ്രതികരണങ്ങൾ വന്ന് തുടങ്ങി. അയ്യായിരം, രണ്ടായിരം തുടങ്ങിയ വാഗ്‌ദാനങ്ങൾ.(www.evisionnews.in) ദുബായ് കെഎംസിസിയിലെ സുഹൃത്തുമായി പ്രതീക്ഷയോടെ ബന്ധപ്പെട്ടപ്പോൾ, പിറ്റേദിവസം ഒരു മൗത്ത് കാൻസർ രോഗിക്ക് വേണ്ടി ഒന്നരലക്ഷം രൂപ പിരിച്ചെടുക്കാനുള്ള ശ്രമത്തിലാണവർ. ഞാൻ പറഞ്ഞു, ഇക്കാര്യത്തിന് വേണ്ടി മെനക്കെടേണ്ട, നിങ്ങൾ ആ ദൗത്യം പൂർത്തീകരിക്കൂ. എന്നിട്ടും അവൻ വിടാൻ കൂട്ടാക്കിയില്ല, നൈഫ് കൾച്ചറൽ ഫണ്ടിന് വിവരം കൈമാറുകയും അവർ മുഖേന വൈകുന്നേരം തന്നെ നല്ലൊരു തുക കയ്യിൽ എത്തിക്കുകയും ചെയ്‌തു.
തിങ്കളാഴ്‌ച്ച രാവിലെ, എൻഎ നെല്ലിക്കുന്ന് എംഎൽഎയെ കണ്ട് ബില്ല് കുറക്കാൻ ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പര്യടനത്തിന്റെ തിരക്കിനിടയിലും അദ്ദേഹം ഡോക്‌ടർക്ക് ക്ഷമയോടെ വിളിക്കുകയും കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു. തിരിച്ച് ടൗണിലെത്തി നേരത്തെ പറഞ്ഞ തുക കളക്‌ട് ചെയ്‌ത് ആശുപത്രിയിലെത്തി. ബില്ല് തുക കുറക്കാൻ വേണ്ടി 11 മണി മുതൽ 2 മണി വരെ നീണ്ട കാത്തിരിപ്പ്. പക്ഷെ, ഞാനവിടെ ഒറ്റക്കല്ലല്ലോ. അല്ലാഹു എപ്പോഴും എന്റെ കൂട്ടിനുണ്ടല്ലോ എന്ന് ഞാൻ ആശ്വസിച്ചു. അത്രമേൽ മനോഹരമായ നിമിഷങ്ങൾ ആയുസിൽ അപൂർവ്വമാണ്, അനുഭവിച്ചറിയേണ്ടതാണ് അത്തരം സംതൃപ്‌തികൾ!
അതിനൊക്കെ ഫലമുണ്ടായി, ബില്ല് 28,000 ആയി കുറഞ്ഞു. മൂന്ന് മണിക്കൂർ കൊണ്ട് ഏതായാലും എനിക്ക് ആ ഡിസ്‌ക്കൗണ്ട് തുക സമ്പാദിക്കാൻ കഴിയില്ലല്ലോ എന്ന് സ്വയം തമാശ പറഞ്ഞ് ആരും കാണാതെ ചിരിച്ചു. ഡിസ്‌ചാർജ് ഷീറ്റ് അവരെ ഏൽപ്പിച്ച് പടികളിറങ്ങി വരുമ്പോൾ പൊരിവെയിൽ പോലും കുളിരോടെ തൊട്ട് എന്നെ കോരിത്തരിപ്പിച്ചു. അൽഹംദുലില്ലാഹ്..
പറഞ്ഞ് വരുന്നത്, ഇത്തരം സന്ദർഭങ്ങളെ നേരിടാൻ നമുക്ക് അടിയന്തരസംവിധാനം വേണമെന്നാണ്. സഹായം അർഹിക്കുന്നവരിലേക്ക് സമയവും വരുമാനത്തിൽ നിന്ന് ഒരു വിഹിതവും നീക്കിവെക്കാൻ നല്ല മനസ് കാണിക്കുന്നവരെ നമുക്ക് വേണം. (www.evisionnews.in) തരുന്ന തുക, അഞ്ഞൂറോ ആയിരമോ അയ്യായിരമോ ആയിക്കൊള്ളട്ടെ. അത് യോഗ്യതയുള്ളവർക്ക് മാത്രമേ എത്തുകയുള്ളൂ എന്ന് ഞാൻ ഉറപ്പ് തരുന്നു. 'ഞാൻ കൂടെയുണ്ട്' എന്ന വാഗ്‌ദാനവുമായി മെസേജിന് താഴെ വന്ന് നിൽക്കുമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കൈകൾ ചേർത്ത് പിടിച്ചാൽ അത്ഭുതങ്ങളുണ്ടാകുന്നത് നമുക്ക് ഒന്നിച്ച് കാണാം. നിരസിക്കപ്പെടില്ലെന്നുറപ്പുള്ള രോഗികളുടെ പ്രാർത്ഥനയും അല്ലാഹുവിന്റെ പ്രീതിയും മാത്രമാണ് നിങ്ങൾക്കുള്ള വാഗ്‌ദാനം. കൂടെ നിൽക്കാമോ കൂട്ടുകാരാ, കൊച്ചുസഹായങ്ങളുമായി?

Post a Comment
0 Comments