തിരുവനന്തപുരം (www.evisionnews.in): രണ്ടുമാസത്തെ വേനലവധിക്കു ശേഷം സ്‌കൂളുകള്‍ ബുധനാഴ്ച തുറക്കും. നവാഗതരെ സ്വീകരിക്കാന്‍ വര്‍ണാഭമായ ഒരുക്കത്തിലാണ് ഓരോ സ്‌കൂളുകളും. മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രവേശനോത്സനത്തോടെ അധ്യയന വര്‍ഷത്തിന് കൊടിയേറും. സംസ്ഥാനതല പ്രവേശനോത്സവം പട്ടം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
ഇത്തവണത്തെ പ്രവേശനോത്സവഗാനം ആലപിച്ചത് പിന്നണിഗായകന്‍ പി. ജയചന്ദ്രനാണ്. സര്‍വശിക്ഷാ അഭിയാന്‍ മീഡിയാ വിഭാഗം നിര്‍മ്മിച്ച ഗാനം മുതിര്‍ന്ന കുട്ടികള്‍ ആലപിച്ച് കുരുന്നുകളെ വരവേല്‍ക്കും. ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും ഉണ്ടായിരിക്കും. സ്‌കൂള്‍ പ്രവേശനോത്സവം സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലും പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളിലും ഉണ്ടായിരിക്കും. സര്‍വശിക്ഷാ അഭിയാന്റെ കമ്മ്യൂണിറ്റി മൊബിലൈസേഷന്‍ മേഖലയിലെ ഫണ്ടുപയോഗിച്ചാണ് സംസ്ഥാനത്തെയാകെയുള്ള വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.
കാസര്‍കോട് ജില്ലാതല പ്രവേശനോത്സവം ചെറുവത്തൂരിലെ കുട്ടമത്ത് ഗവ. ഹൈസ്‌കൂളില്‍ നടക്കും. കാസര്‍കോട് ഉപജില്ലാതല പ്രവേശനോത്സവം മധൂര്‍ ജൂനിയര്‍ ബേസിക് സ്‌കൂളിലാണ് നടക്കുന്നത്. പഞ്ചായത്തുതല പ്രവേശനോത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പുതുതായി ഒന്നാം ക്ലാസില്‍ എത്തുന്ന കുട്ടികള്‍ക്ക് പ്രവേശന കിറ്റ് വിതരണം ചെയ്യും. ബാഗ്, കുട, ചിത്രപുസ്തകം, ക്രയോണ്‍സ്, കളര്‍പെന്‍സില്‍, ബാലമാസിക, മിഠായി, ബലൂണ്‍ മുതലായവ ഉള്‍ക്കൊള്ളുന്ന പ്രവേശനകിറ്റാണ് നല്‍കുക.
30ന് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രാവിലെ പത്തുമുതല്‍ സമന്വയം എന്ന പേരില്‍ വിദ്യാഭ്യാസ ശില്‍പശാല നടക്കും ഏഴുവരെ ക്‌ളാസുകളിലെ മുഴുവന്‍ അധ്യാപകരും ജനപ്രതിനിധികളും പങ്കെടുക്കും. പഞ്ചായത്തില്‍ നടക്കേണ്ട വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും ഏകോപനവുമാണ് ഇവിടെ നടത്തുന്നത്. 31ന് വിദ്യാലയങ്ങളില്‍ പുതിയ അക്കാദമിക വര്‍ഷത്തെ ഒരുക്കം വിലയിരുത്തും. ജൂണ്‍ മാസത്തെ പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മതല ആസൂത്രണവും നടക്കും.
2016-17 വര്‍ഷത്തെ സ്‌കൂള്‍ഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ്, ടീച്ചര്‍ ഗ്രാന്റ്, പ്രവേശനോത്സവം തുക, സൌജന്യയൂണിഫോം വിതരണത്തിനുള്ള തുക എന്നിവ സ്‌കൂളുകള്‍ക്ക് നല്‍കും. യൂണിഫോം വിതരണം ജൂണില്‍ പൂര്‍ത്തീകരിക്കും.
Keywords: Kasaragod-news-school-open
Post a Comment
0 Comments