കാസര്‍കോട് (www.evisionnews.in): സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സപ്തതി സന്ദേശ യാത്ര ഞായറാഴ്ച രാവിലെ കാസര്‍കോടുനിന്നാരംഭിച്ചു. പ്രസ്‌ക്ലബ് പരിസരത്ത് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുല്‍ ഖാദര്‍ സൈക്കിള്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷനായി. എസ്ബിടി കാസര്‍കോട് ബ്രാഞ്ച് ചീഫ് മാനേജര്‍ എം ബാലന്‍, പോള്‍ ഡി ദിവാകര്‍ സംസാരിച്ചു. കോഴിക്കോട് റീജണല്‍ അസി. ജനറല്‍ മാനേജര്‍ എം.കെ സുരേഷ്ബാബു സ്വാഗതവും എ.കെ ജയിംസ് നന്ദിയും പറഞ്ഞു.
എസ്ബിടിയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ സൈക്കിളിലാണ് യാത്രചെയ്യുന്നത്. 29ന് വൈകിട്ട് 4.30ന് തിരുവനന്തപുരം ഹെഡ്ഓഫീസ് പരിസരത്ത് സമാപിക്കും. നാല് സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാണ് സൈക്കിള്‍ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യത്തിനും അന്തരീക്ഷ മലിനീകരണം തടയാനും സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുക, മനുഷ്യ ജീവന്‍ സംരക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുക, മാലിന്യങ്ങള്‍ സംസ്‌കരിച്ച് പരിസര സംരക്ഷണം ഉറപ്പുവരുത്തുക, അവയവദാനം പ്രോത്സാഹിപ്പിക്കുക എന്നീ സന്ദേശങ്ങളാണ് യാത്രയില്‍ പ്രചരിപ്പിക്കുക. യാത്രയിലുടനീളം ജീവനക്കാരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും അവയവദാന സമ്മതപത്രവും ശേഖരിക്കും.
Post a Comment
0 Comments