കോട്ടയം (www.evisionnews.in): ചെങ്ങന്നൂരില്‍ നിന്ന് കാണാതായ പ്രവാസി മലയാളിയായ വ്യവസായിയെ വെടിവെച്ചിട്ട് കത്തിച്ച് കരിച്ച് ചാക്കിലാക്കി പുഴയില്‍ തള്ളിയതായി മകന്റെ കുറ്റസമ്മതം. അമേരിക്കയില്‍ നിന്ന് മൂന്നു ദിവസം മുമ്പ് നാട്ടിലെത്തിയതിന് പിന്നാലെ കാണാതായ അമേരിക്കന്‍ പൗരത്വമുള്ള ചെങ്ങന്നൂര്‍ സ്വദേശി ജോയി. വി.ജോണാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജോയിയുടെ മകന്‍ ഷെറിന്‍.വി. ജോണിനെ പോലീസ് കസ്റ്റഡിയിലുണ്ട്.
ചോദ്യം ചെയ്യലിലാണ് പിതാവിനെ വെടിവച്ചു കൊന്ന ശേഷം കത്തിച്ച് പുഴയിലൊഴുക്കിയെന്ന് ഷെറിന്‍ കുറ്റസമ്മതം നടത്തിയത്. മൃതദേഹത്തിനായി പോലീസ് തെരച്ചില്‍ തുടരുകയാണ്.
കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ഷെറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥനാണ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; ഇടയ്ക്കിടെ അമേരിക്കയില്‍ പോയി വരാറുള്ള ജോയിയും ഭാര്യ മറിയാമ്മയും ഇളയ മകന്‍ ഷെറിലും ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അതേസമയം തന്നെ രണ്ടാമത്തെ മകന്‍ ഷെറിനും കുടുംബവീട്ടിലെത്തി. 25-ാം തിയതി ഷെറിനും ജോയിയും കാറിന്റെ എസി ശരിയാക്കാന്‍ വേണ്ടി തിരുവനന്തപുരത്തേക്ക് പോയി. പിന്നീട് ഇരുവരെയും കാണാതാകുകയായിരുന്നു. ഇതിനിടെ അച്ഛന്‍ കൊല്ലപ്പെട്ടെന്നും തനിക്ക് കയ്യബദ്ധം പറ്റിയതാണെന്നും ഷെറിന്‍ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് മറിയാമ്മ ഇരുവരെയും കാണാനില്ലെന്നു പറഞ്ഞു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
കാറിന്റെ എ.സി നന്നാക്കാന്‍ തിരുവനന്തപുരത്തേക്ക് പോയ ഷെറിനും ജോയിയും കാര്‍ നന്നാക്കാന്‍ സമയം എടുക്കും എന്നറിഞ്ഞതിനാല്‍ ഉച്ചയ്ക്കു തന്നെ അവിടെ നിന്ന് മടങ്ങിയിരുന്നു. വൈകിട്ട് 4.30നു അമ്മയെ വിളിച്ച് തങ്ങള്‍ മുളക്കുഴ എത്തിയെന്നും ഉടന്‍ വീട്ടിലെത്തുമെന്നും അറിയിച്ചു. ഇതിനിടെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തനിക്ക് നേരെ പിതാവ് തോക്കു ചൂണ്ടിയെന്നും പിടിവലിക്കിടെ തോക്ക് തട്ടിയെടുത്ത് പിതാവിനെ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് ഷെറിന്‍ പൊലീസിനോട് പറഞ്ഞത്. പിന്നീട് പെട്രോളൊഴിച്ച് കത്തിച്ചശേഷം അവശിഷ്ടങ്ങള്‍ പമ്പയാറില്‍ ഒഴുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് ഷെറിന്റെ കയ്യില്‍ നിന്നും കണ്ടെത്തി.
ജോയിയുടെ ഉടമസ്ഥതയില്‍ ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡിലുള്ള കെട്ടിടത്തിന്റെ ഗോഡൗണില്‍ പൊലീസ് പരിശോധന നടത്തി. മനുഷ്യമാംസം കത്തിച്ചതിന്റെ സൂചനകളും അവശിഷ്ടങ്ങളും രക്തക്കറപുരണ്ട ചെരുപ്പും കണ്ടെത്തിയിരുന്നു. സന്ധ്യയോടെ ചെങ്ങന്നൂര്‍ നഗരത്തിലെത്തിയ ഷെറിന്‍, ജോയിയുടെ ഉടമസ്ഥതയിലുള്ള ബഹുനിലമന്ദിരമായ ഉഴത്തില്‍ ബില്‍ഡിംഗ്‌സിന്റെ താക്കോല്‍ സമീപത്തെ ഇലക്ട്രിക്കല്‍ കടയില്‍നിന്ന് വാങ്ങിയിരുന്നു. കെട്ടിടത്തിന്റെ താഴത്തെനിലയിലുള്ള ഗോഡൗണ്‍ തുറന്ന് അകത്തേക്ക് കാര്‍ ഓടിച്ചുപോയ ഇയാള്‍ രാത്രി വൈകി കാര്‍ ഓടിച്ച് പുറത്തേക്ക് പോകുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് അമ്മയെ ഫോണില്‍ വിളിച്ച് തനിക്കൊരു കൈയബദ്ധം പറ്റിയെന്നും മാപ്പുതരണമെന്നും പറഞ്ഞത്.
വെള്ളിയാഴ്ച രാത്രി ജോയിയുടെ കെട്ടിടത്തിന്റെ ഗോഡൗണില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇടനാഴിയിലെ മേല്‍ക്കൂരയിലും ഭിത്തിയിലും ചോര തെറിച്ചത് കണ്ടെത്തി. കെട്ടിടത്തില്‍ മാംസം കരിഞ്ഞതിന്റെ രൂക്ഷഗന്ധവുമുണ്ടായിരുന്നു. ഇവിടെ വെള്ളമൊഴിച്ച് കഴുകിയിരുന്നു. മുകളില്‍ പുകയടിച്ച് കറുത്തനിലയിലായിരുന്നു. വെളിച്ചക്കുറവ് കാരണം കൂടുതല്‍ തെളിവുകള്‍ കിട്ടിയിരുന്നില്ല. അടുത്ത ദിവസം വീണ്ടും പരിശോധന നടത്തിയപ്പോഴാണ് കരിഞ്ഞ മാംസാവശിഷ്ടങ്ങളും കത്തിയ ഷര്‍ട്ടിന്റെ അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തിയത്. ഇതിനുപുറമേ ചോരത്തുള്ളികള്‍ പുരണ്ട ചില കടലാസ് കഷ്ണങ്ങളും ചെരിപ്പും ലഭിച്ചിരുന്നു.
തുടര്‍ന്ന് ഫോണ്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കോട്ടയത്തെ ഹോട്ടലില്‍നിന്ന് ഷെറിന്‍ പിടിയിലാവുകയായിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ കാറില്‍വെച്ച് വെടിവെച്ചുകൊന്ന് പെട്രോള്‍ ഒഴിച്ചു കത്തിച്ച് ചാക്കില്‍ കെട്ടി ആറാട്ടുപുഴ ഭാഗത്ത് പമ്പാനദിയിലേക്ക് വലിച്ചെറിഞ്ഞതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. കെട്ടിടത്തില്‍ കണ്ടെത്തിയ മാംസാവശിഷ്ടങ്ങളും മറ്റും ഡിഎന്‍എ അടക്കമുള്ള വിദഗ്ധ പരിശോധനകള്‍ക്കായി അയച്ചു.
Keywords: Kottayama-murder

Post a Comment
0 Comments