Type Here to Get Search Results !

Bottom Ad

കേന്ദ്ര മെഡിക്കല്‍ കോളേജ് പെരിയയില്‍ തന്നെ വേണം: സര്‍ക്കാറിന് നിവേദനവുമായി എം.എല്‍. എ


കാസര്‍കോട് (www.evisionnews.in): കേന്ദ്ര സര്‍വകലാശാലയുടെ അനുബന്ധമായുള്ള മെഡിക്കല്‍ കോളജ് പെരിയയില്‍ തന്നെ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജയ്ക്കും നിവേദനം നല്‍കും. കേന്ദ്രസര്‍വകലാശാല കാമ്പസില്‍ സ്ഥാപിക്കേണ്ടിയിരുന്ന മെഡിക്കല്‍ കോളേജ് യു ഡി എഫ് സര്‍ക്കാരാണ് തെക്കന്‍ ജില്ലയിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തത്. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള യു.ഡി.എഫ് ഉന്നത നേതൃത്വത്തിന്റെ ഒത്താശയോടെയായിരുന്നു ഇത്. ഇതിനെതിരെ സി പി എമ്മും, എല്‍ ഡി എഫും ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ കാസര്‍കോട്ട്് സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതോടെയാണ് കേന്ദ്രമെഡിക്കല്‍ കോളജ് കാസര്‍കോട്ട് തിരിച്ചെത്തിക്കാന്‍ സി പി എമ്മില്‍ ആലോചന ശക്തമാക്കിയത്. ഇതിന്റെ ആദ്യ ചുവടുവെപ്പാണ് സ്ഥലം എം എല്‍ എയുടെ മുഖ്യമന്ത്രിക്കും നല്‍കുന്ന നിവേദനം.

അതേസമയം ബദിയടുക്ക ഉക്കിനടുക്കയിലെ സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. 62 ഏക്കര്‍ സ്ഥലത്ത് 258 കോടി രൂപയുടെ അടങ്കല്‍ ചിലവുള്ള പദ്ധതിയാണിത്. അക്കാദമിക് ബ്ലോക്കിന്റെ പണിയാണ് ഇവിടെ തുടരുന്നത്. ഹോസ്റ്റല്‍ ബ്ലോക്ക് നിര്‍മാണവും ഉടന്‍ തുടങ്ങും. എന്നാല്‍ കേന്ദ്ര മെഡിക്കല്‍ കോളജ് പെരിയയില്‍ തിരിച്ചെത്തിച്ച് ഉക്കിനടുക്ക കോളജ് പദ്ധതിയെ നോക്കുകുത്തിയാക്കാന്‍ അനുവദിക്കില്ലെന്ന് മെഡിക്കല്‍ കോളജ് സമസമിതി ചെയര്‍മാനും മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറിയുമായ മാഹിന്‍ കേളോട്ട് ഇ-വിഷനോട് പറഞ്ഞു. 

ബദിയടുക്ക മെഡിക്കല്‍ കോളജിന് വേണ്ടി നാട്ടിലും തലസ്ഥാനത്തും ശക്തമായ പോരാട്ടം നടത്തിയ സമരസമിതി പിരിച്ചുവിട്ടിട്ടില്ലെന്നും മാഹിന്‍ ഓര്‍മിപ്പിച്ചു. ഉക്കിനടുക്ക കോളജ് പൂര്‍ണമായും നിലവില്‍ വരുന്നത് വരെ സമര സമിതിക്കു പിന്നില്‍ ജില്ലയിലെ ജനങ്ങളുണ്ടെന്നും മാഹിന്‍ കേളോട്ട് പറഞ്ഞു.


Keywords: Kasaragod-central-university-medical-college-at-periya-mla-

Post a Comment

0 Comments

Top Post Ad

Below Post Ad