തൃശൂര്‍ (www.evisionnews.in): അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതി നടപ്പാക്കിയാല്‍ കേരളത്തില്‍ അവശേഷിക്കുന്ന മഴക്കാടുകളില്‍ ഒന്നായ വാഴച്ചാല്‍ മേഖലയിലെ 140 ഹെക്ടറോളം വനഭൂമി നശിക്കുമെന്ന് പരിഷത്ത് പറയുന്നു. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടുന്നതിനപ്പുറം നിരവധി സസ്യജീവജാലങ്ങള്‍ ഈ മേഖലയില്‍ നിന്നും അപ്രത്യക്ഷമാകുമെന്നും പരിഷത്ത് വ്യക്തമാക്കുന്നു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചാലക്കുടി പുഴയില്‍ ഇനിയൊരു ജലവൈദ്യുതി പദ്ധതി കൂടി വന്നാലും അത് അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയെ ബാധിക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പരിഷത്ത് നിലപാട് വ്യക്തമാക്കി ഇപ്പോള്‍ രംഗത്ത് എത്തിയത്.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ പദ്ധതി ചെറുതായി നടപ്പാക്കുകയാണെങ്കിലും പുഴയിലെ നീരൊഴുക്ക് പകുതിയാകും. മേഖലയിലെ ജനങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമം നേരിടേണ്ടി വരുമെന്നും പരിഷത്ത് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സൗരോര്‍ജം അടക്കമുളള ബദല്‍ മാര്‍ഗങ്ങളെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കണമെന്ന് ആവശ്യപ്പെടുന്ന പരിഷത്ത് വന്‍തുക ചെലവഴിച്ച് പദ്ധതി നടപ്പാക്കിയാല്‍ ലക്ഷ്യം നേടുമോ എന്ന ചോദ്യവും ഉയര്‍ത്തുന്നു.
മലമുഴക്കി, വേഴാമ്പല്‍ ,സിംഹവാലന്‍ കുരങ്ങ് എന്നിങ്ങനെ വംശനാശം നേരിടുന്ന നിരവധി ജീവികള്‍ കാണപ്പെടുന്ന മേഖലയാണ് ഇത്. ആഗോളതാപനം ചെറുക്കാന്‍ വനം സംരക്ഷിക്കുക മാത്രമാണ് വഴിയെന്നിരിക്കെ പദ്ധതി നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും പരിഷത്ത് പറയുന്നു.

Post a Comment
0 Comments