Type Here to Get Search Results !

Bottom Ad

കൊല്ലപ്പെടും മുമ്പ് ജിഷക്ക് ലഹരി നല്‍കിയതായി രാസപരിശോധനാ ഫലം



കൊച്ചി (www.evisionnews.in): ജിഷ വധക്കേസില്‍ പുതിയ വഴിത്തിരിവുണ്ടാക്കുന്നതാണ് കൊല്ലപ്പെടും മുമ്പ് ജിഷയ്ക്കു ലഹരി നല്‍കിയിരുന്നതായുള്ള കാക്കനാട് രാസപരിശോധനാ ലാബിന്റെ റിപ്പോര്‍ട്ട്. ജിഷയ്ക്കു പരിചയമുള്ള ആരോ പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയ ശേഷം കൊല നടത്തിയതാകാമെന്നാണ് പോലീസ് നിഗമനം.

ആന്തരാവയവങ്ങളുടെ രാസ പരിശോധനയിലാണ് ഭക്ഷണത്തില്‍ അസ്വാഭാവിക വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ജിഷയെ കൊലപ്പെടുത്താനായി ഘാതകന്‍ ഭക്ഷണത്തില്‍ കരുതിക്കൂട്ടി മയക്കുമരുന്ന് കലര്‍ത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കൊല്ലപ്പെട്ട അന്ന് ഉച്ചയ്ക്കുശേഷം ജിഷ പുറത്തുനിന്നു കൊണ്ടുവന്ന ഭക്ഷണം കഴിച്ചിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ജിഷയുടെ ഉദരത്തില്‍ ദഹിക്കാതെ ശേഷിച്ച ആഹാരപദാര്‍ത്ഥങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ വേര്‍തിരിച്ചെടുത്തിരുന്നു. ഇവയൊന്നും അന്നു വീട്ടില്‍ പാചകം ചെയ്തവയായിരുന്നില്ല. ജിഷ ഭക്ഷണം കഴിക്കാന്‍ പുറത്തുപോവുകയോ ആരെങ്കിലും ഭക്ഷണം എത്തിച്ചു കൊടുക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന് പോലീസ് അനുമാനിക്കുന്നു. ഇക്കാര്യത്തില്‍ അമ്മ രാജേശ്വരിക്കും വ്യക്തതയില്ല.

ഇതുമായി ബന്ധപ്പെട്ട് ജിഷയുടെ സഹപാഠികളുടെ ചോദ്യം ചെയ്യല്‍ ഇന്നലെയും തുടര്‍ന്നു. കേസുമായി ബന്ധപ്പെട്ടു രണ്ടായിരത്തോളം പേരെ പോലീസ് ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇതില്‍ സംശയത്തിന്റെ നിഴലിലായ 20 പേരുടെ ഡിഎന്‍എ പരിശോധനയും നടത്തി. കഴിഞ്ഞ മാസം 28നാണ് ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ടത്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad