കാസര്‍കോട് (www.evisionnews.in): ഞായറാഴ്ച കാസര്‍കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിദ്യാനഗര്‍ ഗവ കോളജ് ഗ്രൗണ്ടിലൊരുക്കുന്ന ഹെലിപ്പാഡ് നനച്ച് മൊഞ്ചാക്കി വെക്കാന്‍ ജല അതോറിറ്റിയുടെ വെള്ളം ദുര്‍വിനിയോഗം ചെയ്യുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നു. ജനങ്ങളുടെ കുടിവെള്ളം ഐപിഎല്‍ ക്രിക്കറ്റ് മാമാങ്കത്തിന് ദുര്‍വിനിയോഗം ചെയ്യുന്ന ജനവിരുദ്ധ നടപടിക്കെതിരെ പരമോന്നത നീതിപീഠമായ സുപ്രിംകോടതിയുടെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഉപ്പുവെള്ളം കുടിച്ച് വശംകെട്ട് നില്‍ക്കുന്ന കാസര്‍കോടിന്റെ ദാഹജലമെടുത്ത് പ്രധാനമന്ത്രി വന്നിറിങ്ങേണ്ട ഹെലിപ്പാഡ് മിനുക്കുന്നത്.
പയസ്വിനിപ്പുഴയിലെ ബാവിക്കര ജലസംഭരണിയില്‍ നിന്നു ജല അതോറിറ്റിയുടെ വിദ്യാനഗര്‍ ജലശുദ്ധീകരണ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തുന്ന കുടിവെള്ളമാണ് ഇതിന് ഉപയോഗിക്കുന്നത്. പൊടിശല്യം ഒഴിവാക്കുന്നതിനാണ് കലക്ടറുടെ നിര്‍ദേശപ്രകാരം ഈ വെള്ളം എടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പതിനായിരത്തിലേറെ ലീറ്റര്‍ വെള്ളമാണ് ടാങ്കറില്‍ എടുത്തുകൊണ്ടുപോയി നിലം നനച്ചത്. കാസര്‍കോട് നഗരസഭാ പരിധിയിലെ ഗുണഭോക്താക്കള്‍ക്കു പൈപ്പ് ലൈനില്‍ വിതരണം ചെയ്യാനുള്ളതാണ് ഈ വെള്ളം. ഇതിനെതിരെ ഒരൊറ്റ രാഷ്ട്രീയ നേതൃത്വവും സ്ഥാനാര്‍ത്ഥികളും പ്രതികരിക്കാത്തതില്‍ അമ്പരന്ന് നില്‍ക്കുകയാണ് ജനം.

Post a Comment
0 Comments