കാസര്‍കോട് (www.evisionnews.in): ജനങ്ങളുടെ ആശങ്കകള്‍ മാറ്റി ചീമേനിയിലെയും അതിരപ്പള്ളിയിലെയും ബൃഹത് വൈദ്യുതി പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് പുതിയ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടകംപള്ളിക്ക് പിന്തുണയുമായി മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് രംഗത്ത് വന്നപ്പോള്‍ കല്‍ക്കരി ഇന്ധമാക്കിയുള്ള പദ്ധതിയെ എതിര്‍ക്കുമെന്ന് പദ്ധതി പ്രദേശത്തെ എംഎല്‍എയായ രാജഗോപാലന്‍ വ്യക്തമാക്കി. പുതിയ പദ്ധതിക്കുള്ള മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഇവിഷനാണ് എംഎല്‍എ അറിയിച്ചത്. മന്ത്രിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ എംഎല്‍എ ജനസമ്മതമില്ലാതെ പദ്ധതി ചീമേനിയില്‍ നടപ്പാക്കാനാകില്ലെന്നും മന്ത്രിയുമായി ഇന്നുതന്നെ ബന്ധപ്പെടുമെന്നും രാജഗോപാലന്‍ അറിയിച്ചു. താപവൈദ്യുത നിലയത്തിനനുബന്ധമായി ചീമേനിയില്‍ ടൗണ്‍ഷിപ്പ് സ്ഥാപിക്കുമെന്ന മോഹനവാഗ്ദാവും കടകംപള്ളി ചൊരിഞ്ഞിട്ടുണ്ട്.
സംസ്ഥാനം അഭിമുഖീകരിക്കുന്ന ഊര്‍ജ്ജപ്രതിസന്ധിയെ മറികടക്കാന്‍ അതിരപ്പള്ളിയും ചീമേനിയും അനിവാര്യമാണെന്ന് കടകംപള്ളി പറയുന്നു. പരിസ്ഥിതി പ്രവര്‍ത്തകരടക്കമുള്ള ജനങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്ത് മാത്രമെ പദ്ധതി നടപ്പാക്കുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, മന്ത്രിയുടെ പ്രസ്താവന വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാനുള്ള ബഹുജന സംവാദത്തിനുള്ള വഴിമരുന്നിടലാണെന്ന് വിലയിരുത്തപ്പെടുന്നു. ഇടതുമുന്നണി അധികാരത്തിലേറിയ ഘട്ടങ്ങളിലെല്ലാം വൈദ്യുതി പദ്ധതികളെ സംബന്ധിച്ച് വാദപ്രതിവാദവും ജനരോഷവും ഉയര്‍ന്നുവരാറുണ്ട്. സൈലന്റ് വാലി പദ്ധതിയില്‍ തുടങ്ങിയ തര്‍ക്കമാണിത്.
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചീമേനി പദ്ധതി സംബന്ധിച്ച് നായനാര്‍ മുഖ്യമന്ത്രിയായ കാലം മുതല്‍ വിവാദങ്ങള്‍ ഉയര്‍ന്നുവന്നതാണ്. നേരത്തെ മണ്ഡലത്തിലെ കാക്കടവ് പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴും വന്‍ എതിര്‍പ്പുണ്ടായിരുന്നു. ഡോ. സുബ്ബറാവു ആയിരുന്നു അന്ന് ജലസേചന വകുപ്പ് മന്ത്രി.

Post a Comment
0 Comments