മഞ്ചേശ്വരം (www.evisionnews.in): എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും എന്നായിരുന്നു ഇടതിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം. ഇപ്പോള്‍ മഞ്ചേശ്വരത്തിന്റെ ചോദ്യം ഒന്നു മാത്രം. എല്‍.ഡി.എഫ് വന്നു, മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് ശരിയാകുമോ എന്നാണ്.
വാളയാര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ വലിപ്പത്തില്‍ രണ്ടാംസ്ഥാനത്തുള്ള മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിന്റെ ദുരിതത്തിന് ഇനിയെങ്കിലും അറുതിയുണ്ടാവുമോ എന്നാണ് നാടിന്റെ ഒന്നടങ്കമുള്ള ചോദ്യം. മരണക്കുരുക്കായി മാറിയ ചെക്ക്‌പോസ്റ്റില്‍ അവസാനമില്ലാത്ത ഗതാഗതക്കുരുക്കാണ്. അസൗകര്യങ്ങളുടെ പര്യായമാണ് ഈ ചെക്ക്‌പോസ്റ്റ്. നടുവൊടിഞ്ഞാണ് ജീവനക്കാര്‍ രാപകല്‍ പണിയെടുക്കുന്നത്. വാണിജ്യം, വനം, എക്‌സൈസ് എന്നിവയുടെ കൗണ്ടറുകളാണ് ഇവിടെയുണ്ട്. നികുതി വരുമാനത്തിലും വാളയാറിന് തൊട്ടുപിന്നിലാണ്. അശാസ്ത്രീയമായ വാഹന പാര്‍ക്കിംഗും ഇതുമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും അപകടമരണങ്ങളും സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ഓഫീസും അതിന്റെ ശോച്യാവസ്ഥയുമെല്ലാം ചെക്ക്‌പോസ്റ്റ് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്.
പ്രതിദിനം 1500ലധികം വാഹനങ്ങള്‍ ക്ലിയറിങ് കഴിഞ്ഞുപോകുന്ന ചെക്ക്‌പോസ്റ്റില്‍ അകെയുള്ളത് മൂന്ന് കൗണ്ടറുകള്‍. വാഹനപ്പെരുപ്പത്തിനനുസരിച്ച് കൗണ്ടറുകളില്ലാത്തത് ജീവനക്കാര്‍ക്കും വാഹനവുമായെത്തുന്നവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇടതു മുന്നണി ഗവണ്‍മെന്റ് ഗതാഗതക്കുരുക്ക് പരിഹരിക്കാനും ചെക്ക്‌പോസ്റ്റ് വികസനത്തിനുംവേണ്ടി ഏറ്റെടുത്ത സ്ഥലത്തിന്റെ ഒരു ഭാഗം താത്കാലിക പാര്‍ക്കിംഗ് ഏരിയയായി തിരിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങള്‍ പലപ്പോഴും ഇവിടെ കയറാത്ത സ്ഥിതിയാണ്. സ്ഥിരം പോലീസ് സാന്നിധ്യമില്ലാത്തതാണ് കാരണം. സംയോജിത ചെക്ക്‌പോസ്റ്റ് നിര്‍മാണത്തിനുവേണ്ടി ഏറ്റെടുത്ത ഒമ്പതര ഏക്കര്‍ സ്ഥലം കാടുപിടിച്ചുകിടക്കുന്നു. സ്ഥലമേറ്റെടുത്തിട്ട് വര്‍ഷങ്ങളായെങ്കിലും നിര്‍മാണം ആരംഭിച്ചിട്ടില്ല.
ചെക്ക്‌പോസ്റ്റിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തരനടപടികള്‍ ഉടന്‍ വേണ്ടിയിരിക്കുന്നു. ഇതിന് സംയോജിത ചെക്ക്‌പോസ്റ്റിനുവേണ്ടി ഏറ്റെടുത്ത സ്ഥലം പൂര്‍ണമായും ഉപയോഗപ്പെടുത്തണം. ഈ സ്ഥലത്തെ മണ്ണ് നീക്കംചെയ്ത് കോണ്‍ക്രീറ്റ് ചെയ്യുകയോ ടാര്‍ ചെയ്യുകയോ വേണം. അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ മാത്രമേ ഗതാഗതക്കുരുക്കില്‍ നിന്നും അപകടമരണങ്ങളില്‍ നിന്നും ചെക്ക്‌പോസ്റ്റിന് ശാപമോക്ഷം ലഭിക്കൂ.
Post a Comment
0 Comments