Type Here to Get Search Results !

Bottom Ad

മുസ്ലിംലീഗ് സമരം ലക്ഷ്യംകണ്ടു; രാത്രി ഒമ്പതോടെ വൈദ്യുതി പുനസ്ഥാപിക്കും


കാസര്‍കോട്: (www.evisionnews.in) കാസര്‍കോടും പരിസരങ്ങളിലും ദിവസങ്ങളോളമായി ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച വൈദ്യുതി മുടക്കത്തിന് പരിഹാരമായി. എന്‍. എ നെല്ലിക്കുന്ന് എം എല്‍ എയുടെ നേതൃത്വത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കെ എസ് ഇ ബി ഡെ. ചീഫ് എഞ്ചിനീയറെ ഉപരോധിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. 

പുലിക്കുന്നിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുടെ ഓഫീസില്‍ എം എല്‍ എയും പാര്‍ട്ടി പ്രവര്‍ത്തകരുമെത്തിയ ശേഷം ഉയര്‍ത്തിയ പ്രതിഷേധത്തിനുമുമ്പില്‍ ബോര്‍ഡധികൃതര്‍ മുട്ടുമടക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ഉച്ചക്ക് രണ്ടുമണിയോടെ വൈദ്യുതി മുടക്കം യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തുതീര്‍ത്ത് വൈദ്യുതി പുനസ്ഥാപിക്കാനാണ് തീരുമാനമായത്. ഇതുസംബന്ധിച്ച് ഡെ. ചീഫ് എഞ്ചിനിയര്‍ എം എല്‍ എക്ക് രേഖാ മൂലം ഉറപ്പുനല്‍കി. ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം കാസര്‍കോട്, നെല്ലിക്കുന്ന് സെക്ഷനുകളില്‍ ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ പൂര്‍ണ്ണമായും പുനസ്ഥാപിക്കും. അതേസമയം ചെര്‍ക്കള സെക്ഷനിലെ പാടി, എതിര്‍ത്തോട്, എടനീര്‍, നെല്ലിക്കട്ട പ്രദേശങ്ങളില്‍ മുടങ്ങിയ വൈദ്യുതി വ്യാഴാഴ്ച വൈകിട്ടോടെ പുനസ്ഥാപിക്കുമെന്നും അധികൃതര്‍ രേഖാമൂലം നല്‍കിയ ഉറപ്പിലുണ്ട്. 

ശനിയാഴ്ച രാത്രി നഗരത്തിലും സമീപ പ്രദേശങ്ങളിലും ആഞ്ഞടിച്ച ചുഴലിക്കാറ്റിലാണ് വൈദ്യുതി ബന്ധം ഇന്നേവരെ ഇല്ലാത്ത തരത്തില്‍ താറുമാറായത്. നൂറോളം വൈദ്യുതി തൂണുകള്‍ നിലംപൊത്തി. കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. മരങ്ങളും കടപുഴകി മറിഞ്ഞു. വാഹന ഗതാഗതവും തടസ്സപ്പെട്ടിരുന്നു. അറ്റകുറ്റ പണികള്‍ നീണ്ടുപോയതോടെ നഗരജീവിതം നരകതുല്യമായി. ചിലര്‍ വീടുകളൊഴിഞ്ഞ് ബന്ധുവീടുകളില്‍ അഭയം തേടി. ചില ഹോട്ടലുകള്‍ വെള്ളം മുടങ്ങിയതുമൂലം അടച്ചിട്ടു. ആശുപത്രി പ്രവര്‍ത്തനങ്ങും തകിടം മറിഞ്ഞു. 

അത്യാസന്നരായ രോഗികളെ മംഗളൂരുവിലേക്ക് മാറ്റി. ജനങ്ങള്‍ ഈ ദുരിതം തിന്നുന്നതിനിടയില്‍ കെ എസ് ഇ ബി അധികൃതര്‍ വീണവായിക്കുകയായിരുന്നുവെന്നാരോപിച്ച് ജനം കക്ഷിഭേദമന്യേ ഇളകിമറിയുകയായിരുന്നു. ഇതിനിടയിലാണ് എം എല്‍ എയുടെ നേതൃത്വത്തില്‍ ബുധനാഴ്ച മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ജില്ലയിലെ ഉന്നത വൈദ്യുതി ഉദ്യോഗസ്ഥനെ ഓഫീസിനുള്ളില്‍ തടഞ്ഞിട്ട് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്ന ഉറപ്പുവാങ്ങി സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. ഉറപ്പുലംഘിച്ചാല്‍ വോട്ടെണ്ണല്‍ ദിനം വകവെക്കാതെ വ്യാഴാഴ്ച വീണ്ടും പ്രതിഷേധം ഉയര്‍ത്തുമെന്നും മുസ്ലിലീഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

keywords: kseb-power-cut-iuml-protest

Post a Comment

0 Comments

Top Post Ad

Below Post Ad