ഖയ്യൂം മാന്യ
അവധിക്കാലം ആഘോഷിച്ച് തിമിര്‍ക്കുമ്പോള്‍, ഒഴിവ് കിട്ടുമോ എന്നുറപ്പില്ല. എങ്കിലും, അതിനിടയില്‍ ഒന്നിച്ചൊരു യാത്ര പോകാന്‍ ഒത്തിരി സ്‌നേഹത്തോടെ നിങ്ങളെ ഞാന്‍ ക്ഷണിക്കട്ടെ. പഞ്ചനക്ഷത്ര സൗകര്യങ്ങളും ഷോപ്പിംഗ് മാളുകളും ഇല്ലാത്ത ദേശത്തേക്ക്.അവിടെ പുഷ്പഹാരവുമായി നിങ്ങളെ സ്വീകരിക്കാന്‍ ആളുകളുണ്ടായെന്ന് വരില്ല. വിഭവസമൃദ്ധമായ ഭക്ഷണത്തളികകളും ആ മേശകളില്‍ ഒരുക്കപ്പെട്ടിട്ടുണ്ടാവില്ല. പക്ഷെ, ജീവിതത്തില്‍ ഒരു വട്ടമെങ്കിലും കണ്ടിരിക്കേണ്ട ചില കാഴ്ച്ചകള്‍ നിങ്ങള്‍ക്ക് ഞാനവിടെ ഉറപ്പ് തരുന്നു.
പോരുന്ന വഴിക്ക് കവലയിലെ കടയില്‍ നിന്ന് അല്‍പ്പം ഫ്രൂട്‌സും ചോക്കളേറ്റും വാങ്ങിച്ചേക്കുക. പറ്റുമെങ്കില്‍ സ്വന്തം കൈ കൊണ്ട് പാകം ചെയ്ത ഭക്ഷണപ്പൊതിയും കരുതുമല്ലോ. ഈ യാത്രയില്‍ നിങ്ങളുടെ കുഞ്ഞുമക്കളും കൂടെ വന്നോട്ടെ.. കാരണം, സ്മാര്‍ട് ക്ലാസുകള്‍ അവര്‍ക്ക് പറഞ്ഞ് കൊടുകാന്‍ സാധ്യതയില്ലാത്ത ജീവിതപാഠങ്ങളാണല്ലോ നമ്മുടെ ലക്ഷ്യസ്ഥാനം! (www.evisionnews.in)
നമ്മള്‍, ദുരഭിമാനത്തിന്റെ തലപ്പാവ് അഴിച്ച് വെച്ച്, പത്രാസിന്റെ മേല്‍ക്കുപ്പായങ്ങളണിയാതെ ഈ യാത്രയാരംഭിക്കുകയാണ്. ഒട്ടും പരിചിതമല്ലാത്ത പലതരം ജീവിതത്തിന്റെ കഥകള്‍ പറഞ്ഞ് തരാന്‍ കുറെ മനുഷ്യര്‍ അവിടെ നമ്മെ കാത്ത് നില്‍ക്കുന്നുണ്ട്. അതില്‍, ഉപ്പള ലാല്‍ബാഗിലെ ഖദീജ എന്ന നിര്‍ഭാഗ്യവതിയായ ഉമ്മയുണ്ട്. ചെങ്കള പുളിന്റടിയില്‍ ചോര്‍ന്നൊലിക്കുന്ന ഷീറ്റ് മേല്‍ക്കൂരക്ക് കീഴിലെ ആറ് മനുഷ്യരുണ്ട്. സുള്ള്യയില്‍ സംസാരശേഷിയില്ലാത്ത രണ്ട് മക്കള്‍ക്ക് മൗനം കൊണ്ട് താരാട്ട് പാടുന്ന ഹനീഫും സീനത്തുമുണ്ട്. മൊഗ്രാല്‍ പുത്തൂര്‍ വാടകക്വാട്ടേഴ്‌സിലെ ഹൃദ്രരോഗിയായ സിറാജും കുടുംബവുമുണ്ട്. പിന്നെ, ക്യാമറക്കും മുമ്പെ ഹൃദയത്തില്‍ പതിഞ്ഞ ഒരു നൂറ് മനുഷ്യരുടെ ആരും കണ്ടിട്ടില്ലാത്ത സ്വപ്‌നങ്ങളുമുണ്ട്.
ഈ മനുഷ്യരും അവരുടെ അനുഭവങ്ങളും സങ്കടങ്ങളുടെ എഴുതിമുഴുമിപ്പിക്കാനാവാത്ത നീണ്ടകഥകളാണ്. ഒന്നിന് പിറകെ ഒന്നായി വിധി മുറിവേല്‍പ്പിച്ചതിന്റെ ജീവിതരക്തസാക്ഷ്യങ്ങള്‍! ഉപ്പളയില്‍ നിങ്ങളെ സ്വീകരിക്കാനെത്തുക, മുനീഫ എന്ന മോണ കാട്ടി ചിരിക്കുന്ന പതിമൂന്ന് കാരിയും അവളുടെ ഷമീറും അഷ്‌റഫുമെന്ന ആങ്ങളമാരുമാണ്. മൂന്ന് പേരുടെയും മനസിന് താളം തെറ്റിയിട്ടുണ്ടെന്നറിഞ്ഞ് കൊണ്ട് മാത്രം ഇനി യാത്ര തുടരുക! ഇവരുടെ ചികിത്സക്ക് വേണ്ടിയാണ് വീടും പറമ്പും വിറ്റത്. മുറി കേട് വരുത്തുന്നുവെന്ന കാരണം പറഞ്ഞ് എത്രയോ വാടകമുറികളില്‍ നിന്ന് ഇറക്കിവിട്ടതിന് ശേഷമാണ് അവര്‍ നിങ്ങളീ കാണുന്ന ക്വാട്ടേഴ്‌സിലേക്കെത്തിയത്. (www.evisionnews.in)
ലാല്‍ബാഗില്‍ നിന്നും നമുക്ക് പോകേണ്ടത് ചെങ്കള പഞ്ചായത്തിലെ പുളിന്റടിയിലേക്കാണ്. മെയ് മാസച്ചൂടില്‍ നാട് മുഴുവന്‍ മഴക്ക് വേണ്ടി കൊതിക്കുമ്പോള്‍, ഈ ടാര്‍പോളിന്‍ മേല്‍ക്കൂര ചോര്‍ന്നൊലിക്കുകയാണെന്ന് നിങ്ങളറിയുമോ? വൈദ്യുതില്ലാത്ത ആ കൂരയില്‍ നിന്നും പ്ലസ് ടു പരീക്ഷ എഴുതിയ സഫരിയ എഴുപത്തിരണ്ട് ശതമാനം മാര്‍ക്ക് നേടി വിജയിച്ചിരിക്കുന്നു. സൗകര്യങ്ങള്‍ കുറഞ്ഞ് പോയെന്ന് പരിതപിക്കുന്നവരാണ് നിങ്ങളുടെ മക്കളെങ്കില്‍, ഈ കാഴ്ച്ച അവരുടെ എല്ലാ ധാരണകളെയും മാറ്റിയെഴുതും, തീര്‍ച്ച!
മൊഗ്രാല്‍ പുത്തൂരിലെ ക്വാട്ടേഴ്‌സില്‍ നമുക്ക് വേണ്ടി കാത്തിരിക്കുന്നത് ഹൃദരോഗിയായ സിറാജും ഞരമ്പ് തകരാര്‍ കൊണ്ട് മുഖം കോടിയ ജസീറ എന്ന പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയ മകളുമാണ്. ഇവിടെ ആറ് മനുഷ്യര്‍ പട്ടിണി കിടന്ന എത്രയോ ദിവസങ്ങളുണ്ടായിരുന്നുവെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ?
സുള്ള്യയിലെ ഹനീഫിന്റെ സംസാരശേഷിയില്ലാത്ത രണ്ട് മക്കള്‍.. അതില്‍ പിന്‍ വശം പല നൂല് കൊണ്ട് തുന്നിച്ചേര്‍ത്ത ഫലാഹിന്റെ യൂണിഫോമുള്ള രംഗം ആരെയാണ് കരയിപ്പിക്കാത്തത്? പണമില്ലാത്തത് കൊണ്ട് മാത്രം 'ഉമ്മാ' എന്ന് വിളിക്കാന്‍ കഴിയാത്ത ഇവരും നമ്മള്‍ ജീവിക്കുന്ന ഇതേ ഭൂമിയുടെ അവകാശികളാണ്.
ഇനി പറയൂ സുഹൃത്തെ.. ജീവിതത്തിലെ ഏത് പ്രതിസന്ധികളെ പറ്റിയാണ് നിങ്ങള്‍ ഇത്രയും കാലം പറഞ്ഞ് നടന്നത്? വെറുതെ ഊതിപ്പെരുപ്പിച്ച മിഥ്യകളായിരുന്നില്ലേ അതെല്ലാം.. ഇല്ല, സങ്കടം എന്ന് വിളിക്കേണ്ട അവസ്ഥ ഒരിക്കല്‍ പോലും നമ്മളനുഭവിച്ചിട്ടില്ല. എന്നിട്ടും പടച്ചവന് മുന്നില്‍ നമുക്ക് വെക്കാനുള്ളത് പരാതിയുടെ നീണ്ട പട്ടികയാണല്ലോ..
ഈ യാഥാര്‍ഥ്യങ്ങളേക്കാള്‍ വലിയ ജീവിതപാഠം ഒരു സര്‍വ്വകലാശാലയില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നില്ല. നമ്മുടെ ചെറിയ ദു:ഖാങ്ങള്‍ മറക്കാനും അവര്‍ക്കരികില്‍ ചേര്‍ന്ന് നിന്ന് സന്തോഷത്തിന്റെ അര്‍ത്ഥം തൊട്ടറിയാന്‍ കഴിയുന്നതിലും വലിയ എന്ത് ആസ്വാദ്യതയാണ് ഒരു യാത്രയില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാനാവുക?
ഒരു സഹോദരന്റെ തികഞ്ഞ സ്വാതന്ത്ര്യത്തോടെ ഒരിക്കല്‍ കൂടി ഞാന്‍ നിര്‍ബന്ധിക്കുകയാണ്. തിരക്കുകളെല്ലാം മാറ്റിവെച്ച് നിങ്ങളീ യാത്രക്ക് സമയം കണ്ടെത്തുക തന്നെ വേണം.. വരുമെന്ന് തന്നെ ഞാന്‍ വിശ്വസിച്ചോട്ടെ..

Post a Comment
0 Comments