Type Here to Get Search Results !

Bottom Ad

കുടമുടഞ്ഞ് വെള്ളാപ്പള്ളി ; തിരിച്ചടിയേറ്റ് കാന്തപുരം


കാസര്‍കോട്: (www.evisionnews.in)  നിയമസഭാ തെരഞ്ഞെടുപ്പിന്‍െ ഫലം പുറത്തു വന്നതോടെ പ്രതിഷേധ വിമര്‍ശന ശരങ്ങളേറ്റ് പിടയുന്നത് കേരളത്തിലെ രണ്ട് പ്രമുഖ സമുദായ സംഘടനാ നേതാക്കള്‍. ഇവരിലൊരാള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും മറ്റൊരാള്‍ വിടുവായത്തം കൊണ്ട് മാധ്യമ ശ്രദ്ധനേടുന്ന വെള്ളാപ്പള്ളി നടേശനും.

കേരള രാഷ്ട്രീയത്തില്‍ ഇരുവരുമിപ്പോള്‍ ഒരു ശക്തിപോലുമല്ലെന്ന് സമൂഹം തിരിച്ചറിഞ്ഞ് കഴിഞ്ഞു. ശ്രീനാരായണീയ ദര്‍ശനങ്ങളെയും ഗുരുഉയര്‍ത്തിപ്പിടിച്ച് പ്രചരിപ്പിച്ച മതനിരപേക്ഷതയിലൂന്നിയ ആദ്ധ്യാത്മികതയെയും സംഘപരിവാറിന് അടിയറവെച്ച് രൂപീകരിച്ച ബി.ഡി.ജെ.എസ് രാഷ്ട്രീയത്തില്‍ ഉദയത്തിനൊപ്പം അസ്തമയത്തിലേക്കടുക്കുകയാണ്. വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന എസ്.എന്‍.ഡി.പിയില്‍ അണിനിരന്ന ഈഴവ സമുദായാംഗങ്ങളിലെ സിംഹഭാഗവും എല്‍.ഡി.എഫിനൊപ്പമാണെന്നാണ് ജനവിധി തെളിയിക്കുന്നത്. അതേ സമയം കാന്തപുരം മുസ്ലിയാരുടെ അവകാശവാദങ്ങള്‍ മുസ്ലിം രാഷ്ട്രീയ കേരളം തള്ളിക്കളയുന്ന ദയനീയമായ കാഴ്ചയും സംസ്ഥാനം കണ്ടുകഴിഞ്ഞു.

വെള്ളാപള്ളി നടേശന്‍ പിന്തുണക്കുന്നവരെല്ലാം തോല്‍ക്കുമെന്നൊരു ചൊല്ല് ആലപ്പുഴയില്‍ പ്രചാരത്തിലുണ്ട്. ഈ തെരഞ്ഞെടുപ്പിലും ഇത് യാഥാര്‍ത്ഥ്യമായി . കോണ്‍ഗ്രസ്സ് നേതാവായ വി.ഡി സതീശനെ എരപ്പാളിയെന്നാണ് വെള്ളാപ്പള്ളി വിളിച്ചത്. വെള്ളാപ്പള്ളിയുടെ ഈ അധിക്ഷേപം തെരഞ്ഞെടുപ്പില്‍ സതീശന്റെ ഭൂരിപക്ഷം ഉയര്‍ത്താനാണ് സഹായിച്ചത്. ഇടുക്കിയിലെ പ്രിയങ്കരനായ മണിയാശാന്‍ എന്ന എം.എം മണിയെ കരികുരങ്ങനെന്നാണ് വെള്ളാപ്പള്ളി വിളിച്ചത്. ഈ മണിയും തെരഞ്ഞെടുപ്പില്‍ ഉടുമ്പഞ്ചോലയില്‍ മിന്നുന്ന വിജയം കരസ്ഥമാക്കി. അടുത്തവെടി പൊട്ടിച്ചത് പീരുമേട് എം.എല്‍.എ ബിജിമോള്‍ക്കെതിരെയായിരിന്നു. ബിജിക്ക് ഭ്രാന്താണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ കണ്ടെത്തല്‍. ഇവിടെയും ബിജിമോള്‍ ജയിച്ചു. വന്ദ്യവയോധികനായ വിഎസിനേയും വെള്ളാപള്ളി വെറുതെ വിട്ടില്ല. വി.എസ് കാലുപൊള്ളിയ കുരങ്ങന്‍ എന്നായിരുന്നു വെള്ളാപള്ളിയുടെ പരാമര്‍ശം. മലമ്പുഴയില്‍ വി.എസ് ജയിച്ചാല്‍ സൂര്യന്‍ പടിഞ്ഞാറുദിക്കുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പറച്ചില്‍. ഇവിടെയും അദ്ദേഹത്തിന്റെ നാക്കുപിഴച്ചു. വി.എസ് മുമ്പത്തേക്കാളും ഭൂരിപക്ഷത്തിന് ജയിച്ചു.

കാന്തപുരത്തിന്റെ സ്ഥിതിമറ്റൊന്നാണ്. കേരളക്കരയില്‍ ജനപ്രതിനിധികളായി ജയിച്ചുകയറുന്ന മുസ്ലിമായ മുസ്ലിമെല്ലാം തന്റെ ദയാനുകമ്പയുടെ തണലിലാണ് വിജയം ഉറപ്പിക്കുന്നതെന്നാണ് മുസ്ലിയാരുടെ കാലങ്ങളായുള്ള അവകാശവാദം. അതും ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പൊളിച്ചടുക്കി കൊടുത്തു. മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു മൂന്നാം സ്ഥാനത്തായി. ഇതോടെ തുളുനാട്ടിലെ സി.പി.എമ്മിനും കാന്തപുരത്തിന്റെ കാന്തികശക്തി എത്രയുണ്ടെന്ന് തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പിനിടിയിലാണ് മണ്ണാര്‍ക്കാട്ടെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എന്‍. ശംസുദ്ദീനെതിരെ കാന്തപുരവും പരിവാരങ്ങളും തിരിഞ്ഞത്. ശംസുദ്ദീന്‍ തോല്‍ക്കാനായി പഠിച്ചപണി പതിനെട്ടും പയറ്റിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതിന് ആദ്ധ്യാത്മികതയെയും ദൈവീകതയെയും കൂട്ടുപിടിക്കാനും കാന്തപുരം വിഭാഗം മടിച്ചില്ല. ഇതിന് വേണ്ടി പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഉദ്‌ബോധനങ്ങളും നടത്തിയ വിവരങ്ങളാണ് നവമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍.

കാന്തപുരത്തിന്റെ ഈ നിലാപട് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ മണ്ണാര്‍ക്കാട്ടെ വോട്ടര്‍മാരായ അട്ടപ്പാടിയിലെ ആദിവാസികള്‍ പോലും അമ്പരക്കുകയായിരുന്നു. ഊണിലും ഉറക്കിലും തങ്ങളോടൊപ്പമുള്ള എം.എല്‍.എക്കെതിരെ മുഴങ്ങുന്ന സ്വരം ഭീഷണിയുടേതാണെന്നും ഇത് അസഹിഷ്ണുതയുടെയും ജനാധിപത്യ ധ്വംസനത്തിന്റെയും ശബ്ദമാണെന്നും തിരിച്ചറിഞ്ഞ മണ്ണാര്‍ക്കാട് ശംസുദ്ദീന് സൂര്യശോഭയുള്ള വിജയമായണ് സമ്മാനിച്ചത്. പാഴ്മുറംകൊണ്ട് സൂര്യപ്രകാശത്തെ തടയാനാകില്ലെന്ന പഴമൊഴിയും ഇതോടെ ഇവിടെ അന്വര്‍ത്ഥമായി.


Post a Comment

0 Comments

Top Post Ad

Below Post Ad