Type Here to Get Search Results !

Bottom Ad

2016 മെയ് 19 കേരളം ആരു ഭരിക്കുമെന്ന് ഇന്നറിയാം



തിരുവനന്തപുരം : (www.evisionnews.in) നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ  ജനവിധി ഇന്നറിയാം. വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ എട്ടിന് 80 കേന്ദ്രങ്ങളില്‍ ആരംഭിക്കും. ആദ്യ ഫലസൂചന എട്ടേകാലോടെ ലഭ്യമാകും. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക. 30 മിനിറ്റിനുശേഷം മറ്റ് മേശകളില്‍ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണും. അഞ്ചു മിനിറ്റിനുള്ളില്‍ വോട്ടിങ് യന്ത്രത്തില്‍നിന്നുള്ള ഫലസൂചനകളും ലഭിക്കും. രണ്ടു മണിക്കൂറിനുള്ളില്‍ ഏറെക്കുറെ പൂര്‍ണമായും ചിത്രം തെളിയും.  

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകള്‍  രാവിലെ ഏഴിനുശേഷം നിരീക്ഷകരുടെ സാന്നിധ്യത്തില്‍ തുറക്കും. തുടര്‍ന്ന് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിക്കും. ഓരോ കേന്ദ്രത്തിലും പ്രത്യേകം നിരീക്ഷകരെ തെരഞ്ഞെടുപ്പു കമീഷന്‍ നിയോഗിച്ചിട്ടുണ്ട്. ഇവരെ സഹായിക്കാന്‍ മൈക്രോ ഒബ്‌സര്‍വര്‍മാരുമുണ്ട്. ഒരു മണ്ഡലത്തില്‍ 130 മുതല്‍ 150 വരെ ബൂത്താണുള്ളത്. ഓരോ മണ്ഡലത്തിലും ബൂത്തുകളുടെ എണ്ണമനുസരിച്ച് 10 മുതല്‍ 15 വരെ റൌണ്ടായാണ് വോട്ടെണ്ണുക. വോട്ടെണ്ണല്‍ ഹാളുകളില്‍ വരണാധികാരികളുടേതടക്കം 15 മേശ ഉണ്ടാകും. പോസ്റ്റല്‍ ബാലറ്റ് വരണാധികാരിയുടെ മേശയിലാണ് എണ്ണുക.  ഓരോ റൌണ്ടിലെയും ലീഡ് നില അപ്പപ്പോള്‍ അറിയാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യതെരഞ്ഞെടുപ്പു കമീഷണറുടെ വെബ്‌സൈറ്റില്‍ ഫലം അറിയാനാകും. വിലാസം: www.ceo.kerala.gov.in

വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം അറിയാന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പും സംവിധാനം ഏര്‍പ്പെടുത്തി. 140 നിയോജക മണ്ഡലത്തിലെയും വോട്ടെണ്ണല്‍ പുരോഗതി പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പില്‍ വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ ലഭിക്കും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഏത് മണ്ഡലത്തിലെയും ലീഡ് നില, സ്ഥാനാര്‍ഥിക്കുലഭിക്കുന്ന വോട്ട് തുടങ്ങി എല്ലാ വിവരവും ലഭിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍ഐസി) എന്നിവയുടെ സാങ്കേതിക സഹായത്തോടെ തെരഞ്ഞെടുപ്പു കമീഷനുമായി സഹകരിച്ച് പിആര്‍ഡി ലൈവ് പ്രത്യേക വാര്‍ത്തകളും നല്‍കും.

സംസ്ഥാനത്ത് ഇക്കുറി 77.35 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനം വിനിയോഗിച്ചത്. സ്ത്രീകളാണ് കൂടുതല്‍ വോട്ടു ചെയ്തതെന്ന സവിശേഷതയുണ്ട്. ആകെ 2,01,25,321 വോട്ടുകളാണ് പോള്‍ ചെയ്തത്. 1,05,75,691 സ്ത്രീകളും 95,49,629 പുരുഷന്മാരും ഭിന്നലിംഗത്തിലുള്ള ഒരാളും വോട്ട് ചെയ്തു. 78.29 ശതമാനം സ്ത്രീ വോട്ടര്‍മാര്‍ വോട്ടുചെയ്തപ്പോള്‍ 76.33 ശതമാനം പുരുഷന്മാരാണ് വോട്ടുചെയ്തത്. ആകെ പോളിങ് 77.35 ശതമാനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad