ബദിയടുക്ക:(www.evisionnews.in) സംസ്ഥാന സര്‍ക്കാര്‍ മലയാളം നിര്‍ബന്ധമാക്കി ഉത്തരവിട്ടിട്ടും ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ നവജീവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അഞ്ചു മുതലുള്ള ക്ലാസുകളില്‍ മലയാള മീഡിയത്തില്‍ അ്ഡ്മിഷന്‍ നല്‍കാത്തതായി പരാതി. കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ ഇതേ സ്‌കൂളില്‍ മലയാള മീഡിയത്തിലേക്ക് പ്രവേശനത്തിനെത്തുന്ന കുട്ടികളെ അഡ്മിഷന്‍ നല്‍കാതെ ഒഴിവാക്കുകയും അവരുടെ മാതാപിതാക്കളെ പ്രലോഭിപ്പിച്ച് കന്നഡ മീഡിയത്തില്‍ പഠനം തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സമര സമിതി രൂപീകരിക്കുകയും മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ ശക്തമായ സമരപരിപാടികളും നടന്നിരുന്നു. ഇതേ തുടര്‍ന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നാണ് പ്രശ്‌നത്തിന് താല്‍കാലിക പരിഹാരം കണ്ടത്.
യോഗത്തില്‍ സ്‌കൂളില്‍ നിന്നും ഒഴിഞ്ഞുപോയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാനും അഞ്ചാം ക്ലാസില്‍ 28 കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനും കലക്ടര്‍ മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കി. ഒരു അധ്യാപകന് സര്‍ക്കാര്‍ വേതനം നല്‍കി യു.പി വിഭാഗം ആരംഭിക്കാനും അനുമതിയായിരുന്നു. എന്നാല്‍ അതിനിടെ കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസില്‍ പ്രവേശനത്തിനായി വന്ന വിദ്യാര്‍ത്ഥികളെ മലയാളം മീഡിയത്തില്‍ അഡ്മിഷന്‍ നല്‍കാനാവില്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കുകയാണ് മാനേജ്‌മെന്റ് ചെയ്തത്. സര്‍ക്കാര്‍ തസ്തിക സൃഷ്ടിക്കാത്തിടത്തോളം അഡ്മിഷന്‍ നല്‍കാന്‍ കഴിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന മറുപടി. മനേജ്‌മെന്റിന്റെ മലയാള വിരുദ്ധ നടപടിക്കെതിരെ ബദിയടുക്ക യൂത്ത് ലീഗ് പ്രക്ഷോഭത്തിനെരുങ്ങുകയാണ്.

Post a Comment
0 Comments