Type Here to Get Search Results !

Bottom Ad

അവയങ്ങള്‍ ദാനം ചെയത് കരുണ കാണിച്ച് അരുണ യാത്രയായി



പെര്‍ള:(www.evisionnews.in) ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തില്‍ ഗുരുതമായി പരിക്കേറ്റ് മസ്തിഷ്‌ക്ക മരണം സംഭവിച്ച അരുണ (35)യുടെ ഹൃദയവും കരളും വൃക്കകളും മൂന്നു പേര്‍ക്കു പുതുജീവനേകി. യുവതിയുടെ മരണം നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തിയെങ്കിലും മൂന്നു പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണവര്‍.

പ്ലാന്റേഷന്‍ വര്‍ക്കറായ പെര്‍ള, പള്ളക്കാനയിലെ പരമേശ്വരനായികിന്റെ ഭാര്യയാണ് പെര്‍ളയിലെ മരമില്ല് തൊഴിലാളിയായിരുന്നു അരുണ. മെയ് 20 ന് അമെക്കളയില്‍ വച്ചാണ് അപകടം. ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തലയില്‍ ഗുരുതരമായി പരിക്കേറ്റ അരുണയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. ഇതിനിടയില്‍ മസ്തിഷ്‌ക്കമരണം സംഭവിച്ചു. ഇതോടെയാണ് വിലപ്പെട്ട അവയവങ്ങള്‍ ദാനം ചെയ്യാനും അതുവഴി മൂന്നു പേര്‍ക്കെങ്കിലും പുതുജീവന്‍ നല്‍കാന്‍ കഴിയുമെന്ന ആഗ്രഹം ഭര്‍ത്താവിനും കുടുംബത്തിനും ഉണ്ടായത്.പിന്നെ ഒട്ടും വൈകിച്ചില്ല. അരുണയെയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് സര്‍വ്വ സന്നാഹങ്ങളുമായി പരിയാരം മെഡിക്കല്‍ കോളേജിനെ ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു. ഇതിനിടയില്‍ അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനുള്ള സര്‍വ്വ ഒരുക്കങ്ങളും പരിയാരത്ത് നടത്തുകയും ചെയ്തു. ഡോക്ടര്‍മാരും ജീവനക്കാരും കരുതലോടെ നിന്നു. അരുണയെയും വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് കൃത്യസമയത്തു തന്നെ എത്തി. തുടര്‍ന്ന് അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ അവയവങ്ങള്‍ എടുത്തു.അരുണയുടെ ശരീരത്തില്‍ നിന്നും എടുത്ത അവയവങ്ങള്‍ 1.45 മണിക്കൂര്‍ കൊണ്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം മൂന്നു പേര്‍ക്കു നല്‍കി.അവയവദാനത്തിനു ശേഷം അരുണയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ചെന്നപ്പ നായിക് ഗീത ദമ്പതികളുടെ മകളാണ്.ആറു വയസ്സുള്ള അപര്‍ണ്ണ ഏക മകളും ഗോവിന്ദ നായിക്, രാജേഷ് നായിക്, സതീഷ് നായിക്, ചന്ദ്രാവതി, രേണുക, സുശീല സഹോദരങ്ങളുമാണ്.

Keyword- aruna-death



Post a Comment

0 Comments

Top Post Ad

Below Post Ad