ഖയ്യൂം മാന്യ
വിരഹത്തിന്റെ ശൂന്യതയുമായി നടന്ന് തീർത്ത ആയിരക്കണക്കിന് ദിവസങ്ങളെ, ഇരുപത് വർഷങ്ങളെന്ന് എഴുതേണ്ടി വരുന്നത് തന്നെ ഒരു ദുരന്തമാണ്. അതിനിടയിൽ ഞാനെങ്ങനെയാണ്, പോയകാലത്തിന്റെ ആകസ്‌മികതകളെ, കണ്ണുനീർചാലുകളെ, ഏകാന്തനിമിഷങ്ങളെ പറഞ്ഞ് തരേണ്ടത്.
എത്രയോ സങ്കടക്കാഴ്‌ച്ചകൾ കണ്ട് മനസ് മരിച്ച് പോയവർക്ക് മുന്നിൽ, സ്വയം ഒരു കഥാപാത്രമായി അവതരിക്കുകയല്ല. പക്ഷെ; ബാല്യകൗമാരങ്ങൾ തൊട്ട് ഒറ്റക്കനുഭവിച്ച ജീവിതാവസ്ഥകളെ, അനാഥത്വത്തിന്റെ കത്തിമുന കൊണ്ട് ഹൃദയത്തെ തൊട്ട് വിളിക്കുന്ന നൊമ്പരങ്ങളെ, അർത്ഥശൂന്യമെന്ന് പറഞ്ഞ് തള്ളിക്കളയരുതേ..
കല്ലിൽ കൊത്തി വരച്ച ചിത്രം പോലെ മനസിൽ മായാതെ കിടപ്പുണ്ട്, കർക്കിടകം ഇരുട്ട് ചൊരിഞ്ഞ സായാഹ്നത്തിൽ എന്റെ പ്രിയപ്പെട്ട ഉപ്പ കസേരയിൽ നിന്ന് വായുവിലേക്ക് ഊർന്ന് പോയ രംഗം. ആ വീഴ്‌ച്ചയിൽ എന്നേക്കുമായി വീണുടഞ്ഞത് ഉപ്പയുടെ ജീവൻ മാത്രമായിരുന്നില്ല, നാലുവയസുകാരന്റെ ആരും അറിയാത്ത സ്വപ്‌നങ്ങൾ കൂടിയായിരുന്നു.
പക്ഷാഘാതത്തിന്റെ മൂന്നാം നാൾ, വിധി യാതൊരു ദാക്ഷിണ്യവുമില്ലാതെ അതിന്റെ തീരുമാനം പ്രഖ്യാപിച്ചു. സൗഭാഗ്യങ്ങളുടെ നക്ഷത്രങ്ങളെയെല്ലാം ഒറ്റയടിക്ക് ഊതിക്കെടുത്തിയ ഉപ്പയുടെ മരണവാർത്തയായിരുന്നുവത്. വിലാപയാത്രക്കൊടുവിൽ മണ്ണിനടിയിലേക്ക് ആ ശരീരം ചേർത്തുവെച്ചപ്പോൾ, ഖബറിന് പുറത്ത് ഞാനും ഇക്കയും ഉമ്മയും അടങ്ങുന്ന മൂന്ന് ശരീരങ്ങൾ പാതി ജീവനുമായി ബാക്കിയുണ്ടായിരുന്നു.
അവിടെ നിന്ന് തുടങ്ങിയതാണ്, ഏകാന്തതയോടുള്ള നിഷ്‌ഫലമായ പടവെട്ടലുകൾ. പക്ഷെ, ക്രൂരമായ തമാശ പോലെ പരാജയം എപ്പോഴും എന്നോടൊപ്പം നിന്നു. ഇനി എങ്ങോട്ട് പോകണമെന്നറിയാതെ തരിച്ച് നിന്ന നിരക്ഷരയായ ഉമ്മയും, എന്നേക്കാൾ ഒരു വയസ് മാത്രം മുതിർന്ന ജേഷ്‌ഠനും.. കൂട്ടുകാരോടൊപ്പം മത്സരിച്ചെത്താതെ, മോഹം കൊണ്ട് പലവട്ടം മുറിവേറ്റ ബാല്യം.. ആ വിടവ് നികത്താനാവാത്ത ഇരുപതാണ്ടുകൾക്കിപ്പുറവും, നഷ്‌ടസ്വപ്‌നങ്ങളിൽ എന്റെ തലയണ നനഞ്ഞൊട്ടാറുണ്ടെന്ന് നിങ്ങൾക്കറിയാമോ..
എന്നിട്ടും, ചുറ്റുമുള്ളവർക്ക് മുന്നിൽ ഞാൻ ആഹ്ലാദങ്ങളുടെ രാജകുമാരനായി. ഉള്ളിലെരിയുന്ന കനലുകൾക്ക് മീതെ, പൊട്ടിച്ചിരിയുടെ മുഖംമൂടി എടുത്തണിഞ്ഞു. ബാല്യത്തിൽ വിടാതെ പിന്തുടർന്ന സഹതാപത്തിന്റെ തുറിച്ചുനോട്ടം, അത്രമേൽ അസഹനീയമായത് കൊണ്ടാണ്. എന്റെ സങ്കടങ്ങളെല്ലാം ആർക്കും തുറന്ന് നോക്കാനാവാത്ത സ്വകാര്യതയായി ഉള്ളിൽ അവശേഷിക്കട്ടെ. ആ നേരങ്ങളിലും ഞാൻ രംഗബോധമില്ലാതെ ബഹളങ്ങളുണ്ടാക്കിയും സ്വയം പരിഹസിച്ചും ആശ്വാസം കണ്ടെത്തും. കൃത്രിമമായി നിർമിച്ചെടുത്ത ഇത്തരം ജാഡകളുടെ നേരിയ ആവരണം പൊട്ടിവീണാൽ, കരയുകയല്ലാതെ എനിക്ക് മറ്റ് വഴികളുണ്ടാവില്ല.
പിന്നെയും കുറ്റപ്പെടുത്തലുകളുമായി വന്ന് നിൽക്കുമ്പോൾ, കടന്ന് പോകുന്ന ദിവസങ്ങളോരോന്നും പ്രതിസന്ധികളുടെ കടലായി മാറുമ്പോൾ, ഉപ്പയെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഉപ്പ ഉണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിക്കാത്ത ഒരു നിമിഷവും സന്ദർഭവും ഓർമവെച്ച നാൾ മുതൽ സംഭവിക്കപ്പെട്ടിട്ടില്ല. ആ മരണത്തിൽ നിന്നും തുടങ്ങിയ ജീവിതത്തിന്റെ വര ഇരുപതിൽ തൊടുമ്പോൾ രൂപപ്പെടുന്ന ഒരു 'വട്ട'പൂജ്യം മാത്രമാണിന്ന് ഞാൻ!

Post a Comment
0 Comments