കാസര്‍കോട്:(www.evisionnews.in)തന്റെ കയ്യിലാണ് നാടിന്റെ നിലനില്‍പ്പെന്ന തിരിച്ചറിവ് വോട്ടിംഗ് യന്ത്രത്തിന്റെ ബട്ടനിലേക്ക് വിരല്‍ കൊണ്ടു പോകുമ്പോള്‍ നമ്മളോരോരുത്തര്‍ക്കും ഉണ്ടാകണമെന്ന് സാഹിത്യകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. നിയമസഭാ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ്സ് സ്റ്റാന്റില്‍ സംഘടിപ്പിച്ച വോട്ടേഴ്‌സ് ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നമ്മള്‍ ഓരോരുത്തരുടെയും കയ്യിലാണ് അധികാരം. ഇത് ജനം തിരിച്ചറിയണം. ഒരാള്‍ക്കും ജനാധിപത്യത്തില്‍ അപ്രമാദിത്തമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷം പേര്‍ എന്ത്‌കൊണ്ട് വോട്ട് ചെയ്തില്ല എന്നത് വലിയ ചോദ്യമാണ്. ഭാവിയിലേക്കുളള തീര്‍ച്ചയാണ് വര്‍ത്തമാനത്തിലെ തെരഞ്ഞെടുപ്പ്. അത് ഓരോ പൗരന്റെയും വിരല്‍തുമ്പിലാണെന്ന തിരിച്ചറിവ് ഓരോരുത്തര്‍ക്കും ഉണ്ടാവണം. വരുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളും പോളിംഗ് ബൂത്തില്‍ എത്തുകയും എല്ലാവര്‍ക്കും വോട്ട് ചെയ്യാനും കഴിയട്ടെ എന്നും ഡോ. അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ഞാന്‍ വോട്ട് ചെയ്യും കടമ നിര്‍വ്വഹിക്കും എന്ന സൈന്‍വാളില്‍ അംബികാസുതന്‍ മാങ്ങാടും സമ്മതിദായകരും ഒപ്പുവെച്ചു കൊണ്ട് സമ്മതിദാന പ്രതിജ്ഞ എടുത്തു. ചടങ്ങിനോടനുബന്ധിച്ച് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തലും നടന്നു.
ചടങ്ങില്‍ കാസര്‍കോട് വരണാധികാരി പി ഷാജി അധ്യക്ഷത വഹിച്ചു. എ ആര്‍ ഒ ശ്രീവത്സന്‍, ഇ ആര്‍ ഒ കെ സുജാത തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment
0 Comments