ഉദുമ: (www.evisionnews.in) ഇടതു-വലതു മുന്നണികളുടെ അതിശക്തരായ സ്ഥാനാര്‍ത്ഥികള്‍ അണിനിരക്കുന്ന ഉദുമയില്‍ ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്തിനെ ഗോദയിലിറക്കും. ഇതോടെ സംസ്ഥാന തലത്തില്‍ ശ്രദ്ധാകേന്ദ്രമായ മണ്ഡലമായി ഉദുമ മാറും.
മണ്ഡലം സ്വദേശിയും ജനകീയനുമായ സി പി എമ്മിന്റെ സിറ്റിംഗ് എം എല്‍ എ കെ കുഞ്ഞിരാമന്‍ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടൊപ്പം തന്നെ മണ്ഡലത്തില്‍ പ്രചരണമാരംഭിച്ചിരുന്നു. കുഞ്ഞിരാമനെ നേരിടുന്നതിനു യു ഡി എഫിലെ ശക്തനായ സ്ഥാനാര്‍ത്ഥി കെ സുധാകരനെ പ്രഖ്യാപിച്ചതോടെ കേരള ജനതയുടെ കണ്ണുകള്‍ ഉദുമയിലേക്ക് തിരിച്ചിരുന്നു. മണ്ഡലത്തില്‍ താമസക്കാരനും പ്രഗല്‍ഭനുമായ കെ ശ്രീകാന്തിന്റെ രംഗപ്രവേശത്തോടെ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി ഉദുമ മാറുമെന്നുറപ്പാണ്.
1977ല്‍ നിലവില്‍വന്ന ഉദുമ നിയോജകമണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പില്‍ത്തന്നെ തിരഞ്ഞെടുപ്പു ചൂട് മണ്ഡലത്തെ ഇളക്കി മറിച്ചിരുന്നു. അന്നു ജനസംഘം നേതാവായിരുന്ന കെ ജി മാരാര്‍ ലോക്ദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മണ്ഡലമാണിത്. അടിയന്തരാവസ്ഥക്കു ശേഷം നടന്ന ആ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ എന്‍ കെ ബാലകൃഷ്ണന്‍ കഷ്ടിച്ച് 3545 വോട്ടിന് വിജയിക്കുകയായിരുന്നു. കോണ്‍ഗ്രസിനെതിരെ മറ്റ് എല്ലാ പാര്‍ട്ടികളും ചേര്‍ന്നു രൂപീകരിച്ച പാര്‍ട്ടിയായിരുന്നു ലോക്ദള്‍.
80ല്‍ വീണ്ടും നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ കെ ബാലകൃഷ്ണനെ സി പി എമ്മിലെ കെ പുരുഷോത്തമന്‍ 5020 വോട്ടിനു തോല്‍പ്പിച്ചു. 82 ല്‍ ഇടതു സ്വതന്ത്രന്‍ എം കുഞ്ഞിരാമന്‍ നമ്പ്യാര്‍ മുസ്ലീം ലീഗിലെ പി മുഹമ്മദ് കുഞ്ഞിയെ 6619 വോട്ടിനു പരാജയപ്പെടുത്തി.85ല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ സി പി എം സൗഹൃദം ഉപേക്ഷിച്ചു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ സി പി എമ്മിലെ പുരുഷോത്തമന്‍ 816 വോട്ട് ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ചുപിടിച്ചു. 87ല്‍ കോണ്‍ഗ്രസിലെ കെ പി കുഞ്ഞിക്കണ്ണന്‍ കെ പുരുഷോത്തമനെ 7845 വോട്ടിനുതോല്‍പ്പിച്ചു. 91ല്‍ പി രാഘവന്‍ കെ പി കുഞ്ഞിക്കണ്ണനെ 957വോട്ടിനു കീഴടക്കി. 96ല്‍ കുഞ്ഞിക്കണ്ണനെ 10395 വോട്ടിനാണ് രാഘവന്‍ തോല്‍പ്പിച്ചത്.
2001 ല്‍ സി പി എമ്മിലെ കെ വി കുഞ്ഞിരാമന്‍ കോണ്‍ഗ്രസിലെ സി കെ ശ്രീധരനെ 9724 വോട്ടിനും 2006ല്‍ കുഞ്ഞിരാമന്‍ കോണ്‍ഗ്രസിലെ പി ഗംഗാധരന്‍ നായരെ 27, 294 വോട്ടിനും തോല്‍പ്പിച്ചു. കോണ്‍ഗ്രസിനു ദയനീയ പരാജയം നേരിട്ടത് ആ തിരഞ്ഞെടുപ്പിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ കുഞ്ഞിരാമന്‍ കോണ്‍ഗ്രസിലെ സി കെ ശ്രീധരനെ 11, 380 വോട്ടിനു തോല്‍പ്പിച്ചു.
2011ല്‍ ബി ജെ പി യുടെ സുനിതാ പ്രശാന്തിന് 13073 വോട്ട് ലഭിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് ഇടതു സ്ഥാനാര്‍ത്ഥിയെക്കാള്‍ 835 വോട്ടു കൂടുതല്‍ ലഭിച്ചു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 13073വോട്ട് ലഭിച്ച ബി ജെ പിക്കു ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ 24884 വോട്ട് കിട്ടി. പിന്നീടു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കു മണ്ഡലത്തില്‍ 25, 651 വോട്ട് ലഭിച്ചു.
keywords: uduma-k-shrikanth-bjp-candidate
Post a Comment
0 Comments