Type Here to Get Search Results !

Bottom Ad

മോദിയെ കുറ്റം പറഞ്ഞവര്‍ സെല്‍ഫിയെടുത്ത് വോട്ട് പെട്ടിയിലാക്കുന്നു

evisionnews



തിരുവനന്തപുരം: (www.evisionnews.in) പ്രധാനമന്ത്രിയുടെ സെല്‍ഫി പ്രേമം എതിര്‍ത്ത കേരള നേതാക്കള്‍ക്ക് ഇപ്പോള്‍ സെല്‍ഫി മാനിയ. പത്രവായനയ്‌ക്കൊന്നും പ്രാധാന്യം നല്‍കാത്ത ന്യൂജന്‍ വോട്ടുകള്‍ പാട്ടിലാക്കാന്‍ സെല്‍ഫിയോളം വലിയ ആയുധമില്ലെന്നാണ് സ്ഥാനാര്‍ഥികളുടെ നിലപാട്. നാടോടുമ്പോള്‍ നടുവേ ഓടാന്‍ കഷ്ടപ്പെട്ട് സെല്‍ഫി പോസുകള്‍ പരിശീലിച്ച ചില ഓള്‍ഡ് ജനറേഷന്‍ സ്ഥാനാര്‍ഥികള്‍ ഇപ്പോള്‍ സെല്‍ഫിയുടെ ട്രാക്കിലായിക്കഴിഞ്ഞു.

അതിവേഗം ബഹുദൂരം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഉമ്മന്‍ ചാണ്ടിയും തിരക്കിനിടയില്‍ സെല്‍ഫിക്കായി സമയം കണ്ടെത്തുന്നുണ്ട്. സോഷ്യല്‍മീഡിയ ശക്തമായ ആശയവിനിമയത്തിനുപയോഗിക്കുന്ന സ്ഥാനാര്‍ഥികളായ വി.ടി. ബല്‍റാം, എം.വി. നികേഷ് കുമാര്‍, കെ.എം. ഷാജി, പി.സി. വിഷ്ണുനാഥ്, വി.ഡി. സതീശന്‍, ജെയിംസ് മാത്യു, ടി.വി. രാജേഷ് തുടങ്ങി എല്ലാവരും സെല്‍ഫി ചിത്രങ്ങള്‍ കൊണ്ട് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ സജീവമാക്കുകയാണ്. ഈ ചിത്രങ്ങള്‍ക്കു കിട്ടുന്ന ലൈക്കുകളും കമന്റുകളും രാഷ്ട്രീയ ചര്‍ച്ചയ്ക്കുള്ള ഇടമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

സ്വന്തമായി ക്യാമറ ഫോണില്ലെങ്കിലും സെല്‍ഫി വോട്ട് പിടുത്തം ആസ്വദിക്കുകയാണ് കണ്ണൂര്‍ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രാമചന്ദ്രന്‍ കടന്നപ്പള്ളി.  നോട്ടീസ് അച്ചടിച്ച് നടത്തുന്ന പ്രചാരണത്തേക്കാള്‍ വേഗത്തിലാണ് പുതിയ പിള്ളേരുടെ ഫോണിലൂടെയുള്ള പ്രചാരണമെന്നും അതാണ് സെല്‍ഫിക്ക് നിന്നുകൊടുക്കുന്നതിന് കാരണമെന്നും കടന്നപ്പള്ളി പറഞ്ഞു. 

സ്ഥാനാര്‍ത്ഥികള്‍ക്കുള്ള പ്രചാരണവേദികളില്‍ സെല്‍ഫി ടൈം കൂടി ചേര്‍ത്താണ് ഏജന്റുമാര്‍ സമയക്രമീകരണം തയാറാക്കുന്നത്. സ്വീകരണ കേന്ദ്രങ്ങളില്‍ തിക്കും തിരക്കും കൂടാതെ സെല്‍ഫിയെടുക്കാനുള്ള സൗകര്യത്തിന് സെല്‍ഫി കോര്‍ണറുകളും ഒരുക്കുന്നു. ഗൗരവക്കാരനായാണ് അറിയപ്പെടുന്നതെങ്കിലും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സെല്‍ഫി ക്യാമറകള്‍ക്കു മുന്നിലെത്തുമ്പോള്‍ നിറഞ്ഞ ചിരിയുമായാണ് നില്‍ക്കുന്നത്. മൊബൈല്‍ ക്യാമറയുമായി പിന്നാലെ കൂടുന്ന ആരെയും പിണറായി നിരാശനാക്കാറില്ല. ഫോട്ടോയ്ക്ക് നിന്നു കൊടുത്ത ശേഷം ആ ചിത്രം ഒന്നുകൂടി നോക്കി അദ്ദേഹം ചോദിക്കും എല്ലാം ശരിയായില്ലേ? 

സെല്‍ഫിക്കായി പോസ് ചെയ്യുന്നവര്‍ മാത്രമല്ല, എല്ലാ വേദികളിലും അണികള്‍ക്കൊപ്പം സ്വന്തം ക്യാമറയില്‍ ചിത്രം പകര്‍ത്തിയിട്ടേ വേദി വിടൂ എന്നു നിര്‍ബന്ധമുള്ള നേതാക്കളുമുണ്ട്. യുവജനങ്ങളെ വലവീശിപ്പിടിക്കാന്‍ മോദിയും ബി.ജെ.പി.യും ഉപയോഗിച്ച സെല്‍ഫി ട്രിക്കും മിസ്ഡ് കോള്‍ നമ്പറുകളുമെല്ലാം ഇവിടെ പ്രചരണത്തില്‍ മുന്നണികള്‍ കടമെടുക്കുകയാണ്.

keywords: kerala-political-leaders-candidate-photo-selfie-posing





Tags

Post a Comment

0 Comments

Top Post Ad

Below Post Ad