രാജപുരം: (www.evisionnews.in) കുടിവെള്ളക്ഷാമത്തിന് പരിഹാരംകാണണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി സമരത്തിലേക്ക്. കോടോംബേളൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളാണ് രൂക്ഷമായ കുടിവെള്ളപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി 25ന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് മുന്നില്‍ സത്യാഗ്രഹസമരം നടത്തും. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വില്ലേജ് ഓഫീസുകള്‍ അനിശ്ചിതകാലത്തേക്ക് ഉപരോധിക്കുമെന്നും ഭരണസമിതി അറിയിച്ചു.
പഞ്ചായത്ത് പരിധിയിലെ കോടോം, ബേളൂര്‍, തായന്നൂര്‍, പരപ്പ എന്നീ വില്ലേജുകളിലായി കുടിവെള്ളക്ഷാമം രൂക്ഷമായ 56 പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് പലപ്രാവശ്യം റവന്യൂ അധികൃതര്‍ക്ക് പരാതി നല്കിയെങ്കിലും നടപടി സ്വീകരിച്ചില്ല. വെള്ളരിക്കുണ്ട് താലൂക്കില്‍ അനുവദിച്ച രണ്ട് ടാങ്കറുകളില്‍ ഒന്ന് മാത്രമാണ് പഞ്ചായത്തില്‍ ജലവിതരണം നടത്തുന്നത്. ഇതിനാകട്ടെ എല്ലാ സ്ഥലങ്ങളിലും വെള്ളമെത്തിക്കാന്‍ സാധിക്കുന്നുമില്ല. ഇങ്ങനെ എത്തിക്കുന്ന കുടിവെള്ളം നാമമാത്ര അളവില്‍ മാത്രമാണ് വിതരണംചെയ്യുന്നത്. ആവശ്യത്തിന് വാഹനം ലഭിക്കാത്തതാണ് പ്രശ്‌നമെന്ന് റവന്യൂ അധികൃതര്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഇളവ് നല്കി കുടിവെള്ളവിതരണത്തിന് പഞ്ചായത്തുകള്‍ക്ക് അനുമതിനല്കണമെന്ന് ഭരണസമിതിയംഗങ്ങള്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികണ്ണന്‍, വൈസ് പ്രസിഡന്റ് പി.എല്‍.ഉഷ, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ.സി.മാത്യു, കെ.ഭൂപേഷ്, ടി.വി.ഉഷ, പഞ്ചായത്തംഗങ്ങളായ മുസ്തഫ തായന്നൂര്‍, സി.കുഞ്ഞമ്പു, ടി.സജിത എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
keywords: drinking-water-kodom-belur-panchyath-to-demonstration
Post a Comment
0 Comments