Type Here to Get Search Results !

Bottom Ad

മുസ്‌ലിംകള്‍ വരുന്ന തന്റെ മഠം സൗഹാര്‍ദ്ദ കേന്ദ്രം, വികസനമുരടിപ്പിന് കാരണം മുസ്‌ലിം ലീഗ് : രവീശ തന്ത്രി ഇവിഷന്‍ ന്യൂസിനോട്


കാസര്‍കോട്:(www.evisionnews.in) ഹിന്ദുഐക്യവേദി ന്യൂനപക്ഷവിരുദ്ധ സംഘടനയല്ലെന്ന് കാസര്‍കോട്ടെ ബി ജെ പി സ്ഥാനാര്‍ത്ഥി രവീശതന്ത്രി. ഇ വിഷന്‍ ന്യൂസിന്റെ മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളില്‍ ഹിന്ദു ഐക്യവേദി കൈ കടത്താറില്ല. അവരുടെ ആനുകൂല്യങ്ങള്‍ തട്ടിപ്പറിക്കാറുമില്ല. ഇത് സംസ്ഥാനത്തെ ന്യൂനപക്ഷസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കും. കാസര്‍കോടും താമരവിരിയും. തന്റെ വിജയം സുനിശ്ചിതമാണ്. വന്‍ഭൂരിപക്ഷത്തോടെ വിജയിക്കും. തന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 
തന്ത്രിപദത്തില്‍നിന്ന് നിയമസഭാ സ്ഥാനാര്‍ത്ഥിയായതോടെ താന്‍ കൂടുതല്‍ ജനങ്ങളുമായി അടുത്തുകഴിഞ്ഞു. കുണ്ടാറിലെ തന്റെ തന്ത്രിമഠം മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണ്. മുസ്ലിംകളടക്കമുള്ളവര്‍ കുണ്ടാറിലെ തന്ത്രി മഠത്തിലേക്ക് വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിവരാറുണ്ട്. തിരഞ്ഞെടുപ്പില്‍ തനിക്ക് വേണ്ടി നിരവധി മുസ്ലിംചെറുപ്പക്കാര്‍ പ്രവര്‍ത്തിക്കുന്നതായും തന്ത്രി അവകാശപ്പെട്ടു. 

കാസര്‍കോട്ട് ഇന്ന് കാണുന്ന വികസന മുരടിപ്പിന് കാരണം തുടര്‍ച്ചയായ മുസ്ലിംലീഗ് ആധിപത്യമാണ്. ഇത് ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞു. അവര്‍ അടിമുടി മാറ്റം ആഗ്രഹിക്കുന്നു. അവരുടെ ആഗ്രഹം ബി ജെ പി നിറവേറ്റും. വികസന രംഗത്ത് മോദി മോഡലാണ് ജനം ഉറ്റുനോക്കുന്നത്. 

കാസര്‍കോട്ടെ കുടിവെള്ളവും ഇതില്‍ ഉപ്പുകലരുന്നതുമാണ് ഇവിടത്തെ ജനം നേരിടുന്ന മുഖ്യപ്രശ്‌നം. ഇതിന്റെ പരിഹാരത്തിനാണ് തന്റെ പ്രഥമ പരിഗണന. ആവശ്യമെങ്കില്‍ ഉപ്പുവെള്ള പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പുതിയ പദ്ധതി നടപ്പാക്കാന്‍ യത്‌നിക്കും. ഉപ്പുവെള്ളപ്രശ്‌നത്തില്‍ എല്‍ ഡി എഫിനും യു ഡി എഫിനും ഒരേ സമീപനമാണ്. എന്നാല്‍ ബി ജെ പി ഇക്കാര്യത്തില്‍ ജനപക്ഷഹിതമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും തന്ത്രി പറഞ്ഞു. മാറിമാറിവരുന്ന സര്‍ക്കാറുകള്‍ കാസര്‍കോടിനെ അവഗണിക്കുകമാത്രമേ ചെയ്തിട്ടുള്ളു. ഇതിനൊരു മാറ്റം താമര വിരിയുന്നതിലൂടെ സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി നേതാക്കളായ കെ. കരുണാകരന്‍ നമ്പ്യാര്‍, സുധാമാ ഗോസാഡ, തന്ത്രിയുടെ ഭാര്യയും മുന്‍ കാറടുക്ക പഞ്ചായത്ത് പ്രസിഡണ്ടുമായ സുജാത ആര്‍ തന്ത്രി എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

keywords: ravisha-thandri-candidate-of-bjq-to-evision-news


Post a Comment

0 Comments

Top Post Ad

Below Post Ad