ഖയ്യൂം മാന്യ
വ്യക്തിപരമായ അനുഭവങ്ങളെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌ത് നിർവൃതി കൊള്ളുന്ന ശീലം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടേയില്ല. ഡിഎസ്‌എൽആർ ക്യാമറ സർഗാത്മകതയെ മയക്കിക്കിടത്തിയ ഇടക്കാലത്ത്, അൽപം ഫോട്ടോ ഭ്രമം ബാധിച്ചിരുന്നുവെന്നത് സത്യമാണ്. പക്ഷെ, സ്വന്തം പടങ്ങൾ സ്ഥിരമായി അപ്‌ലോഡ് ചെയ്‌ത് ആത്മരതി നുണയുന്നതിന്റെ അർത്ഥശൂന്യത ബോധ്യപ്പെട്ട നിമിഷത്തിൽ, സുന്ദരമായ ആ 'ഫോട്ടോഷോപ്പ് പ്രണയ'വും അവസാനിച്ചു.
എന്നിട്ടും, എന്തിന് 'ബുധൻ' എന്ന കഴിഞ്ഞ ദിവസത്തെ സ്വകാര്യ ഡയറി കുറിക്കാൻ ഫേസ്‌ബുക്ക് തുറക്കുന്നു എന്ന ചോദ്യത്തിന് പറഞ്ഞ് ജയിക്കാവുന്ന ഉത്തരങ്ങളില്ല. (ഖയ്യൂം മാന്യ)ഞാനെഴുതാൻ പോകുന്നത് ഇന്നലെ കണ്ട് മുട്ടിയ നാല് മനുഷ്യരെക്കുറിച്ച് മാത്രമല്ല, അവരുടെ ശരീരത്തോടൊപ്പം അവധിയെടുത്ത ചുറ്റുമുള്ള ജീവിതങ്ങളെ കൂടിയാണ് (www.evisionnews.in).
ജന്മനിയോഗം ഏറ്റവും സഫലമായി അനുഭവപ്പെട്ട മണിക്കൂറുകളായിരുന്നുവത്. മുഹമ്മദ് കുഞ്ഞിയുടെ ഫോൺ കോളിൽ നിന്നാണ് ദിവസം ആരംഭിച്ചത്. കാൻസർ എന്ന കേട്ട് തഴമ്പിച്ച പദത്തിനുള്ളിലെ വേദനകൾ തേടിയുള്ള യാത്രയുടെ ലക്ഷ്യസ്ഥാനം അദ്ദേഹത്തിന്റെ നാടായ പെരുമ്പള തന്നെയായിരുന്നു. എന്നാൽ അവിടെ എന്നെ കാത്ത് നിന്നത് അനുഭവിക്കാവുന്നതിലേറെ ദുരന്തങ്ങളെ ഒറ്റജന്മം കൊണ്ട് ഏറ്റുവാങ്ങിയ സുബൈദ എന്ന വിധവയായിരുന്നു. 38 വയസിനുള്ളിൽ അവർ സഹിച്ച നൊമ്പരങ്ങൾ ഒരു ശരാശരി മനുഷ്യായുസ്സിന് സങ്കൽപിക്കാൻ കഴിയുന്നതിലേറെയാണ്. ആദ്യകുഞ്ഞിനെ ഗർഭം ധരിച്ച നേരത്ത് ഭർത്താവ് ഉപേക്ഷിച്ച് പോയി (www.evisionnews.in). പിന്നീട് പ്രിയതമന്റെ തിരിച്ചുവരവിനായി പാഴാക്കിക്കളഞ്ഞ വർഷങ്ങൾ. നിവർത്തികേട് കൊണ്ട് മണവാട്ടി ചമഞ്ഞ രണ്ടാം വിവാഹത്തിന് രണ്ട് വർഷത്തിലേറെ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ വിളിച്ച് കൊണ്ട് പോയ മരണം, സുബൈദയെ പിന്നെയും ഒറ്റക്കാക്കി. ജീവിതനാടകത്തിൽ മൂന്നാമതൊരു വട്ടം കൂടി നിക്കാഹിന്റെ രംഗം ബാക്കിയുണ്ടായിരുന്നു. ഇത്തവണ വിധി നാടകീയതയെ ഒന്ന് കൂടി പൊലിപ്പിച്ചു.
പുതിയ ഭർത്താവിന്റെ രഹസ്യവിവാഹങ്ങൾ അറിയാതെയായിരുന്നു അവർ മണവാട്ടിയായത്. അതിന് ശേഷം ടെയിലറിംഗ് ജോലി ചെയ്‌ത് കുടുംബം പുലർത്തുന്നതിനിടയിലാണ്, ഗർഭാശയത്തിലെ വേദനയുടെ രൂപത്തിൽ ശരീരത്തിൽ അർബുധം മുളച്ച് പൊന്തിയത്. രോഗാതുരമായ മൂന്ന് മാസങ്ങൾ അവരുടെ രൂപത്തെ പോലും പിച്ചിച്ചീന്തിയിരിക്കുന്നു. ശരീരത്തിൽ മറ്റൊരവയവം പോലെ തൂക്കിയിട്ട പ്ലാസ്റ്റിക്ക് സഞ്ചിയിലേക്ക് മൂത്രത്തോടൊപ്പം രക്തവും ഒഴുകിയെത്തുന്നു. 'കാരുണ്യ' സ്‌ക്കീമിന്റെ സഹായങ്ങളെല്ലാം, കഴിഞ്ഞ ആശുപത്രിവാസത്തോട് കൂടി അവസാനിച്ചിരിക്കുന്നു. ഇനി ശൂന്യമായ കൈകളുമായാണ്, എന്തും ചെയ്യാൻ മടിക്കാത്ത കാൻസറിനോട് പൊരുതി നോക്കേണ്ടത്. അതിന് സാക്ഷികളാവാൻ ബാങ്കിന്റെ ജപ്‌തി നോട്ടീസ് വന്ന ഈ വീട്ടിലുള്ളത്, ഇരുപത്തിയൊന്ന് തികഞ്ഞ മകളും, സദാ തസ്‌ബീഹുമായി കൂട്ടിരിക്കുന്ന ഉമ്മയും മാത്രമാണ്.
അവിടെ നിന്ന് നേരെ, നെല്ലിക്കുന്നിലെ ഹനീഫിച്ചയുടെ വീട്ടിലേക്ക്. ഒന്ന് കാണാൻ പോലും കിട്ടാത്ത വിധം, എറണാകുളത്തും തിരുവനന്തപുരത്തും ഒക്കെയായി സദാ തിരക്കുകളുടെ കൂടെ ഓടിക്കൊണ്ടിരുന്ന ഹനീഫ് നെല്ലിക്കുന്ന്, വയറ്റിലെ സർജറിയെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ് (www.evisionnews.in). നാവിൽ നിന്ന് ഞരമ്പ് മുറിച്ചെടുത്തത് കൊണ്ട് സംസാരിക്കാനും നന്നേ പ്രയാസം. നമ്മുടെ ആഗ്രഹങ്ങൾക്ക് മീതെയുള്ള അല്ലാഹുവിന്റെ വിധിയെഴുത്തുകൾ എത്ര വിചിത്രമാണ്.
ഓഫീസിൽ തിരിച്ചെത്തി, സുള്ള്യയിലെ ഹനീഫിന്റെ സംസാരശേഷിയില്ലാത്ത രണ്ട് മക്കളെ കുറിച്ചുള്ള റിപ്പോർട്ടിന്റെ എഡിറ്റിംഗ് ജോലികൾ പൂർത്തിയാക്കുന്നതിനിടെ ഉപ്പള പൈവളികെയിൽ നിന്ന് ഖലീലിന്റെ കോൾ. ഒരാഴ്‌ച്ചയിൽ അധികമായി തിരക്കുകളുടെ കാരണം പറഞ്ഞ് മാറ്റി വെച്ച യാത്രക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ സമ്മതം മൂളി. ബൈക്കുമെടുത്ത് നേരെ ഖലീലിന്റെ നാട്ടിലേക്ക്. (ഖയ്യൂം മാന്യ) ഞങ്ങൾക്ക് അവിടെ നിന്ന് പോകേണ്ടിയിരുന്നത്, കർണാടക അതിർത്തിയോട് ചേർന്ന് കിടക്കുന്ന കുരുദപ്പദവിലേക്ക്. മിസ്‌ബ ഫാത്തിമ എന്ന രക്തത്തിൽ കാൻസർ ബാധിച്ച ഒൻപത് വയസുകാരിയെ കാണുകയാണ് ഉദ്ദേശം (www.evisionnews.in). ചോരയുടെ തുടിപ്പ് മാറാത്ത ഇളംമേനിയിൽ അല്ലാഹുവിന്റെ പരീക്ഷണം അർബുദത്തിന്റെ രൂപത്തിലാണല്ലോ! മകൾക്ക് അസുഖം തുടങ്ങിയതിന് ശേഷം ഗൾഫ് ജീവിതം വിട്ടെറിഞ്ഞ പിതാവ് ഹോസ്‌പിറ്റലുകൾ കയറി ഇറങ്ങുകയാണ് കഴിഞ്ഞ രണ്ട് വർഷങ്ങളായി. 15 ലക്ഷത്തോളം രൂപ ഇതിനകം ചിലവായി. കര കാണാത്ത കടങ്ങൾക്കപ്പുറത്ത് വഴികളൊന്നും തെളിഞ്ഞ് വരാത്തതിന്റെ ദു:ഖം ചിരിയിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നു ആ പിതാവ്. പോകാൻ നേരം നിർബന്ധിച്ച് നീട്ടിയ സർബത്ത് ഗ്ലാസിൽ ഒരു തരം കയ്‌പ്പാണ് മനസിന് അനുഭവപ്പെട്ടത്.
അവരുടെ വീടിന് തൊട്ടടുത്തുള്ള ഗോപാലകൃഷ്‌ണ എന്ന പതിനേഴുകാരൻ. പഠിക്കാൻ മിടുക്കനായിരുന്ന അവന്റെ വിധിയുടെ പച്ച ടിക്ക് വീണത്, ബ്ലഡ് കാൻസറിന്റെ കോളത്തിലായിരുന്നു. മൂന്ന് വർഷങ്ങളായി ആശുപത്രിമുറികളാണ് അവന്റെ വിദ്യാലയം, മരുന്ന് ഷീട്ടുകളാണ് പാഠഭാഗങ്ങൾ. ഇന്നലെയും വേദന മൂർഛിച്ചതിനെ തുടർന്ന് അവനെ മംഗലാപുരം കെഎംസി യിലേക്ക് പരിശോധനക്കായി കൊണ്ട് പോയിരിക്കുകയാണ്.
ലാൽബാഗിലേക്ക് തിരിച്ച് വന്ന്, അബ്‌ദുല്ലയുടെ വീട്ടിലേക്കും ഒന്ന് കയറി. അൽഹംദുലില്ലാഹ്.. ക്യാമറയിൽ മുഖം കാണിക്കാതെ ഓടിപ്പോയ അഷ്‌റഫിനെയല്ല ഞങ്ങൾ ഇന്നലെ അവിടെ കണ്ടത്. ബാംഗ്ലൂരിലെ ചികിത്സക്ക് ശേഷം അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് അവന്റെ ജീവിതത്തിൽ. എന്റെ പേര് തിരിച്ചറിയുക പോലും ചെയ്‌തു അവൻ. മാത്രമല്ല, പണി തീർന്ന് കൊണ്ടിരിക്കുന്ന അവരുടെ പുതിയ വീട്ടിൽ എല്ലാത്തിന്റെയും മേൽനോട്ടക്കാരനായി അവനുണ്ട്. ഖദീജുമ്മയുടെ മുഖത്തെ ആഹ്ലാദത്തിന്റെ ഇരട്ടിവേഗതയിൽ, അന്നേരം എന്റെ ഹൃദയത്തിലെ ഉന്മാദങ്ങൾ മിടിച്ചു (www.evisionnews.in)!
ഒരു നടുക്കത്തോടെ ഓർത്തു, ശരീരത്തിൽ കോടിക്കണക്കിന് കാൻസർ കോശങ്ങളെ കൊണ്ട് നടക്കുന്ന മനുഷ്യജീവിയാണല്ലോ ഞാനും. അസഹനീയമായ വേദനയുടെ മറ്റൊരു പേരാണ് കാൻസർ. സുബൈദയും ഫാത്തിമയും ഗോപുവും എങ്ങനെയാണത് സഹിക്കുന്നുണ്ടാവുക? യഥാർത്ഥജീവിതങ്ങളെ തൊട്ട് നോക്കുമ്പോൾ, എത്രമേൽ സൗഭാഗ്യമാണ് എന്റെ ജന്മം.
തിരിച്ച് വീട്ടിലെത്തി ഉറങ്ങാൻ കിടന്നപ്പോൾ, ഒരു തുള്ളി കണ്ണുനീർ കവിൾത്തടത്തിലേക്കിറങ്ങി വന്ന് അല്ലാഹുവിനെ കുറിച്ച് ഓർമിപ്പിച്ചു. സംതൃപ്‌തി എന്ന വാക്കിന് ഇങ്ങനെയും ഒരർത്ഥമുണ്ടന്ന് ഞാനാദ്യമായി തിരിച്ചറിഞ്ഞു. പ്രതിസന്ധി നിറഞ്ഞ നാളുകളിലൂടെ കടന്ന് പോകുമ്പോഴും എനിക്ക് പരാതിയില്ല നാഥാ.. ചില നന്മകൾക്ക് ഇടനിലക്കാരനാവാൻ എന്നെ തെരെഞ്ഞെടുത്തതിന് ജന്മം മുഴുവൻ നന്ദി പറഞ്ഞാലും മതിയാവില്ല.. നിന്നോട് ചേർന്ന് നിൽക്കുമ്പോൾ അനുഭവപ്പെടുന്ന സുഖം മാത്രം മതിയെനിക്ക്. (www.evisionnews.in). നീ തുണച്ചാൽ ഇവരെയൊക്കെയും നല്ല നാളുകളിലേക്ക് മടക്കിക്കൊണ്ട് വരണം. പുഞ്ചിരികളെ തിരിച്ച് കൊടുക്കണം. എന്റെ അർത്ഥശൂന്യമായ പ്രാർത്ഥനകളിൽ നിറയുന്ന ആഗ്രഹമാണത്. പ്രതീക്ഷിച്ചതിലുമേറെ വിസ്‌മയങ്ങൾ കാട്ടി ഇതിന് മുമ്പും നീയെന്നെ അതിശയിപ്പിച്ചിട്ടുണ്ടല്ലോ

Post a Comment
0 Comments