Type Here to Get Search Results !

Bottom Ad

ഖാസി കേസ്: പുനരന്വേഷണം തുടങ്ങുന്നത് ക്ലീന്‍ സ്ലേറ്റില്‍ നിന്ന്


മേല്‍പ്പറമ്പ്: (www.evisionnews.in) ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് സി ബി ഐയുടെ പുതിയ ടീം പുനരന്വേഷണം തുടങ്ങുന്നത് ക്ലീന്‍ സ്ലേറ്റില്‍ നിന്ന്. കേസ് ആദ്യമന്വേഷിച്ച സി ബി ഐ സംഘത്തിന്റെ വഴികളില്‍നിന്ന് മാറി സഞ്ചരിച്ചുള്ള അന്വേഷണ വഴികളാണ് പുതിയ സംഘം തേടുന്നത്. അതേസമയം കേസിന് തുമ്പുണ്ടാക്കാന്‍ നേരത്തെ കഠിനയത്‌നം നടത്തിയ സി ഐ ലാസറിന്റെ നിഗമനങ്ങളെ മുഖവിലക്കെടുത്തുമാകും പുനരന്വേഷണം നടക്കാനിരിക്കുന്നത്. 

ഖാസിയുടെ ഘാതകരെ സംബന്ധിച്ച സൂചനകള്‍ ഏതാണ്ട് ലഭ്യമായതിനിടയിലാണ് അജ്ഞാത കേന്ദ്രങ്ങളില്‍നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സി ബി ഐ അന്വേഷണം അട്ടിമറിച്ച് ഖാസിയുടെ മരണം ആത്മഹത്യയാക്കി ഹൈക്കോടതിയില്‍ ആദ്യ സി ബി ഐ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. അന്നത്തെ സി ബി ഐ സംഘത്തിന്റെ മരണം ആത്മഹത്യയാക്കിയ തീരുമാനത്തോട് ഇന്നും ജനങ്ങളില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. 

സി ഐ ലാസറിനെ മാറ്റി ആദ്യ സി ബി ഐ അന്വേഷണം അട്ടിമറിച്ചതിന് പിന്നിലെ നാടകങ്ങളും പുനരന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ഇതിനകം ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇതിന് പുനരന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും ഈ സംഘത്തെ നേര്‍ദിശയില്‍ നയിക്കാന്‍ സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും ഇതിനകം ശക്തമായിട്ടുണ്ട്. 

കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പുനരന്വേഷണ സംഘം ചെമ്പരിക്കയിലെത്തി ഖാസിയുടെ വീടും മൃതദേഹം കണ്ട കടുക്കക്കല്ലും പരിശോധിച്ചിരുന്നു. ഖാസിയുടെ മൃതദേഹം കടലില്‍കണ്ടതിന്റെ തലേന്ന് രാത്രി കടലോരത്ത് കാറിന്റെ ഇരമ്പല്‍ ശബ്ദവും ഭയത്തിലാഴ്ന്ന നിലവിളിയും കേട്ട സ്ത്രീയില്‍നിന്ന് സി ബി ഐ മൊഴിയെടുത്തിട്ടുണ്ട്. ഖാസി താമസിച്ച വീട്ടിലെ മുറിയും അന്വേഷണ സംഘം പരിശോധിച്ചു. ഖാസിയുടെ മരണത്തിന് പിന്നാലെ അന്വേഷണത്തിന്റെ ഗതി വിഴിതെറ്റിക്കാന്‍ ശ്രമിച്ച ചിലരുടെ നീക്കങ്ങളും സി ബി ഐയുടെ പുതിയ സംഘം നിരീക്ഷിച്ചുവരികയാണ്. 

keywords: qasi-case-inquiry-starts-with-first-slate

Post a Comment

0 Comments

Top Post Ad

Below Post Ad