റഊഫ് ബായിക്കര
(-എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗമാണ് ലേഖകന്‍)
(-എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗമാണ് ലേഖകന്‍)
യുവത്വം കഞ്ചാവിന്റെ ലഹരി തേടി ഓടുകയാണ്. കഞ്ചാവ് ഉപയോഗം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഓരോ നാട്ടിലെത്തിയാലും അവിടെത്തെ നാടിന്റെ കാരണവന്മാര്‍ക്കും മതപണ്ഡിതന്മാര്‍ക്കും പറയാനുള്ളത് വഴിതെറ്റുന്ന യുവത്വത്ത കുറിച്ച് മാത്രം. ഇന്ന് കഞ്ചാവിന്റെയും മറ്റു ലഹരിയുടെയും വലയില്‍വീണുപോയിരിക്കുന്നത് പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികളാണ്. വിദ്യാര്‍ത്ഥികളെ ഇതിന്റെ ഉപഭോക്താക്കളാക്കി മാറ്റാന്‍ ചില ഏജന്‍സികള്‍ കലാലയ പരിസരങ്ങളിലൂടെ വട്ടമിട്ടുകളിക്കുന്നു. ഈ കഴുകന്മാരെ കഴുത്തിന് പിടിക്കാനാവാതെ നാടും നാട്ടുകാരും പകച്ചുപോകുമ്പോള്‍ തകിടം മറിഞ്ഞുപോകുന്നത് നാളെയുടെ നായകരായി വളരേണ്ട തലമുറയുടെ ജീവിതം തന്നെയാണ്.(www.evisionnews.in)
രാവിലെ വീട്ടില്‍ നിന്ന് കോളേജിലേക്കും സ്‌കൂളുകളിലേക്കും തങ്ങളുടെ മക്കളെ അയക്കുന്ന രക്ഷിതാക്കള്‍ മക്കള്‍ സുരക്ഷിതരാണോ എന്ന് പരിശോധിക്കുന്നില്ല. അവര്‍ ആരുമായാണ് കൂട്ടുകൂടുന്നതെന്ന് ഫോളോ ചെയ്യുന്നുമില്ല. യു.പി മുതല്‍ ഡിഗ്രി വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പലരും ഇന്ന് കഞ്ചാവിന്റെ അടിമകളാണ്. പലപ്പോഴും വീട്ടില്‍ നിന്ന് ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ കലാലയങ്ങളില്‍ എത്താറില്ല. ഇവര്‍ കഞ്ചാവ് സംഘത്തിന്റെ പിടിയിലാണ് എത്തിച്ചേരുന്നത്. സാമ്പത്തിക പിന്നോക്കമുള്ളവരുടെ ദാരിദ്ര്യം ചൂഷണം ചെയ്ത് അവരെ ഇതിന്റെ വില്‍പനക്കാരാക്കി മാറ്റുന്നു. സമ്പന്നന്റെ മക്കളാണെങ്കില്‍ ഗള്‍ഫ് നാടുകളില്‍ നിന്നും രക്ഷിതാക്കള്‍ അയച്ചുകൊടുക്കുന്ന പണം ഉപയോഗിച്ച് ഇതിന്റെ ഇരകളായി മാറുന്നു.(www.evisionnews.in)
മക്കളെ സ്‌കൂളിലേക്കും കോളജിലേക്കും പറഞ്ഞയക്കുന്ന രക്ഷിതാക്കളുടെ ഒരു കണ്ണ് എപ്പോഴും മക്കളിലുണ്ടായിരിക്കണം. അധികാരികളുടെ കണ്ണ് വെട്ടിച്ചാണ് കഞ്ചാവ് മാഫിയകള്‍ വിലസുന്നത്. ലഹരി ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ നമ്മുടെ മഹല്ല് നേതൃത്വവും സന്നദ്ധ സംഘടനകളും മുന്നോട്ടു വന്നാല്‍ ഒരു പരിധിവരെ കഞ്ചാവടക്കമുള്ള ലഹരി ഉപയോഗങ്ങളില്‍ നിന്ന് പുതിയ തലമുറയെ രക്ഷിക്കാന്‍ സാധിക്കും. ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളില്‍ നിയമപാലകന്മാരില്‍ ഒരാളെ സ്ഥിരമായി നിയമിക്കണം. രക്ഷിതാക്കള്‍ നിരന്തരമായി സ്‌കൂള്‍ അധികൃതരുമായും അധ്യാപകരുമായും സമ്പര്‍ക്കം പുലര്‍ത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ബോധം ഉണ്ടാകും. നാളെയുടെ വാഗ്ദാനങ്ങളായി വളര്‍ന്നുവരേണ്ട പുതിയ തലമുറയെ കഞ്ചാവു മാഫിയകളില്‍ നിന്നും രക്ഷിച്ചില്ലെങ്കില്‍ വലിയൊരു ദുരന്തമാണ് വരാന്‍പോകുന്നത്. നിരന്തരമായ ഇടപെടലുകളും ബോധവല്‍ക്കരണവും ഉണ്ടായാല്‍ മാത്രമേ ഇത്തരം ദുരന്തങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ക്യാമ്പസുകളില്‍ പാഠപുസ്തകങ്ങളില്‍ നിന്നുള്ള അറിവുകള്‍ക്കപ്പുറം ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള അവബോധം നല്‍കാന്‍ അധ്യാപകരും തയ്യാറാകണം. ചില സ്‌കൂള്‍-കോളേജുകളില്‍ ഇത്തരം ബോധവല്‍ക്കരണം നടക്കുന്നുണ്ട്. അതു മുഴുവന്‍ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ അധികാരികള്‍ തയ്യാറാകണം. എന്നാല്‍ നല്ല ഒരു തലമുറ ഭാവിയില്‍ വളര്‍ന്നുവരും. മക്കളുടെ ജീവിതം കൈവിട്ടുപോയ ശേഷം പിന്നെ പരിഭവിച്ചിട്ട് കാര്യമില്ല അതുകൊണ്ട്തന്നെ ഓരോ രക്ഷിതാക്കളും തങ്ങളുടെ മക്കളെ ജാഗ്രതയോടെ വളര്‍ത്തിയാലെ മാഫിയകളുടെ വലയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുള്ളു. എന്റെ മകന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്ന മുന്‍ധാരണ തിരുത്തണം. പുതിയ കൂട്ടുകെട്ടുകള്‍ പല തെറ്റുകളിലേക്കും വിദ്യാര്‍ത്ഥികളെ നയിച്ചേക്കാം. അതുകൊണ്ട് തന്നെ മക്കളെ കയറൂരി വിടാതെ ശ്രദ്ധേയോടെ വളര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം. എങ്കിലെ ഈ ദുരന്തത്തില്‍ നിന്ന് നമ്മുടെ നാടിനെയും മക്കളെയും രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുള്ളു. (www.evisionnews.in)

Post a Comment
0 Comments