Type Here to Get Search Results !

Bottom Ad

പോലീസുകാരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു; സി ഐയെയും രാഷ്ട്രീയക്കാരെയും വിമര്‍ശിച്ച് അക്രമത്തിനിരയായ നിഹാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌


കാസര്‍കോട്: (www.evisionnews.in) കടഅടച്ച് വീട്ടില്‍ പോകുന്നതിനിടെ സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അതിക്രമത്തിനിരയായ നെല്ലിക്കുന്ന് സ്വദേശി നിഹാദ് പോലീസിനെയും രാഷ്ട്രീയ നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തി ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.ഞാന്‍ നിഹാദ്. നെല്ലിക്കുന്നിലാണ് താമസം. നിച്ചു എന്ന് എല്ല്‌ലാവരും വിളിക്കും. കഴിഞ്ഞ ആഴ്ച്ച മൊബൈല്‍ കടയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, എനിക്ക് പോലീസിന്റെ മര്‍ദ്ദനമേറ്റ സംഭവം നിങ്ങള്‍ അറിഞ്ഞിരിക്കുമെന്ന് വിചാരിക്കുന്നു.
ഇതിനെ തുടര്‍ന്ന് ചില ചര്‍ച്ചകള്‍ നടക്കുന്നതായി എനിക്ക് വാട്‌സ്ആപ്പിലൂടെ അറിയാന്‍ കഴിയുന്നു. പ്രചരിക്കുന്ന മെസേജുകള്‍ ഇന്‍ബോക്‌സിലേക്ക് പലരും അയച്ച് തരുന്നുണ്ട്. ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നത് കൊണ്ട്, ആ കാര്യങ്ങള്‍ വിശദീകരിക്കാന്‍ വേണ്ടി മാത്രമാണ് ഈ കുറിപ്പ്.
ഏപ്രില്‍ അഞ്ചിന് രാത്രി 9:45 ഓടെ ചക്കര ബസാറിലെ കട പൂട്ടി, ഞാന്‍ സ്‌ക്കൂട്ടറില്‍ നാട്ടിലേക്ക് പോകുന്നതിനിടെയാണ് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് മുന്‍വശത്ത് നിന്ന് ഒരു സുഹൃത്തിനെ കണ്ട് മുട്ടുന്നത്. ഏതാനും മിനിട്ടുകള്‍ സംസാരിച്ച് അവന്‍ ബൈക്കെടുത്ത് പോയി. ആ നിമിഷമാണ് പിറകില്‍ നിന്ന് പോലീസ് വാഹനം ഓവര്‍ടേക്ക് ചെയ്ത് എന്റെ സ്‌ക്കൂട്ടറിന്റെ മുന്നില്‍ നിര്‍ത്തുന്നത്. തൊട്ട് മുമ്പ് സംസാരിച്ച് പോയത് ആരാണെന്ന് ചോദിച്ചു. ഞാന്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചു. പോലീസ് ഓഫീസര്‍ വണ്ടി സ്റ്റേഷനിലേക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, വീട്ടില്‍ വൈകിയാല്‍ പ്രശ്‌നമാകും, എനിക്ക് പോകണം എന്ന്. സി.ഐ ഓടാണോ തന്റെ അധികപ്രസംഗം എന്ന് ചോദിച്ച് അന്നേരം എന്റെ പുറത്ത് ഇടിക്കുകയും സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയും ചെയ്തു. അത് സി.ഐ ആണെന്ന് അന്നേരമാണ് എനിക്ക് മനസിലായത്.
തുടര്‍ന്ന് സ്റ്റേഷനില്‍ വെച്ച് നാല് പോലീസുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും കേട്ടാലറക്കുന്ന ഭാഷയില്‍ തെറി പറയുകയും ചെയ്തു. ഞാന്‍ കൊല്ലം കാരനാണ്, നിന്നെയൊക്കെ കൊന്നാലും എന്നോട് ആരും ചോദിക്കില്ല എന്നാണ് ഒരു പോലീസുകാരന്‍ പറഞ്ഞത്. തല്ലിയ പോലീസുകാരില്‍ രണ്ട് പേര്‍ കാവി മുണ്ടായിരുന്നു ഉടുത്തിരുന്നത്. പിന്നീട് ഒരു മണിക്കൂറിന് ശേഷം കടയുടമ വന്നിട്ടാണ് എന്നെ മോചിപ്പിക്കുന്നത്.
18 വയസില്‍ തന്നെ കൃത്യമായി ഡ്രൈവിംഗ് ലൈസന്‍സ് ഏടുത്ത വ്യക്തിയാണ് ഞാന്‍. നിയമങ്ങള്‍ പാലിച്ച് തന്നെയാണ് വാഹനം ഓടിക്കാറുള്ളത്. ഇതു വരെയായി ക്രിമിനല്‍ കേസ് പോയിട്ട് ഒരു പെറ്റി കേസ് പോലും എന്റെ പേരിലില്ല. എന്നിട്ടാണ് കാരണം പോലുമില്ലാതെ പോലീസ് എന്നെ സ്റ്റേഷനില്‍ കൊണ്ട് പോവുകയും മര്‍ദ്ദിക്കുകയും ചെയ്തത്. സി.ഐ ആസാദാണ് എന്നെ ആദ്യം അടിച്ചത്. പക്ഷെ, മൊഴിയെടുക്കാന്‍ വന്ന പോലീസുകാര്‍ ഇതൊന്നും രേഖപ്പെടുത്തിയില്ല. നിയമവ്യവസ്ഥയെ സംബന്ധിച്ച് അറിവില്ലായ്മ കൊണ്ട്, ഞാന്‍ അത് ഒപ്പിട്ട് കൊടുക്കുകയും ചെയ്തു. കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ് തരാനോ, സഹായിക്കാനോ ഒരു നേതാക്കളും വന്നിട്ടുമില്ല. വന്നവര്‍ ആകട്ടെ, സന്ദര്‍ശിച്ച് പോയതല്ലാതെ, പോലീസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായാണ് എനിക്കും കുടുംബത്തിനും തോന്നുന്നത്.
പോലീസ് സ്റ്റേഷനില്‍ തന്നെ ഞാന്‍ ആദ്യമായിട്ടാണ് കയറുന്നത്. പോലീസ് പീഡനം എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ അത് പത്രങ്ങളില്‍ വായിച്ച്, അവഗണിക്കാറാണ് പതിവ്. പക്ഷെ, അതിന്റെ ഭീകരത അറിയണമെങ്കില്‍ അകപ്പെടുക തന്നെ വേണം. എന്റെ സുഹൃത്തുക്കളൊക്കെ, പോലീസിന്റെ ഇത്തരം സമീപനങ്ങളെ കുറിച്ച് മുമ്പൊക്കെ പറയുമ്പോള്‍ ഞാനും കാര്യമായി എടുത്തിരുന്നില്ല. ഇന്ന്, ഞാന്‍ മനസിലാക്കുന്നു, ഏറ്റവും വര്‍ഗീയമായ, മനുഷ്യത്വരഹിതമായ ഇടമാണ് അത് എന്ന്. മതത്തിന്റെ പേര് പറഞ്ഞ് പോലും അവിടെ അപമാനിക്കപ്പെടുന്നു. കുറ്റം ചെയ്‌തോ എന്നൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. ഇന്ന് എനിക്കാണെങ്കില്‍ നാളെ ഇത് മറ്റൊരാള്‍ക്കും സംഭവിക്കാം.
അത് കൊണ്ടാണ് കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് എന്റെ കുടുംബം പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പടെ പരാതി നല്‍കിയത്. എനിക്ക് സംഭവിക്കാനുള്ളത് സംഭവിച്ചു. നാളെ മറ്റൊരാള്‍ക്ക് നേരെ ഇത് ആവര്‍ത്തിച്ച് കൂടാ. പോലീസ് എന്ത് അന്യായം ചെയ്താലും സഹിക്കാന്‍ നമുക്ക് ബാധ്യത ഒന്നുമില്ല. പ്രതികരിക്കാത്തത് കൊണ്ടാണ് അവര്‍ പിന്നെയും നിരപരാധികളെ ആക്രമിക്കുന്നത്.
എനിക്ക് ഈ സംഭവത്തില്‍ മനസിലായ ഒരു കാര്യം, നമ്മള്‍ ഇങ്ങനെയൊരു പോരാട്ടത്തിനിറങ്ങുമ്പോള്‍ സഹകരിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും ഉണ്ടാകില്ല എന്നതാണ്. എന്റെ വിഷയത്തില്‍ ബഹുമാനപ്പെട്ട എം.എല്‍.എയുടെ അളിയന്‍ പോലീസിനെ ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിനെയും എന്റെ കണ്‍മുന്നില്‍ വെച്ചാണ് പോലീസ് തല്ലിയത്. എന്നിട്ട് പോലും അദ്ദേഹത്തിന് പരാതിയില്ല. മൊബൈല്‍ ഡീലേഴ്‌സിന്റെ ഭാരവാഹി ഹോസ്പിറ്റലിലും പരാതി നല്‍കാനും വന്നതൊഴിച്ചാല്‍ വേറൊരു സഹായവും അവരുടെ ഭാഗത്ത് നിന്നുമില്ല. കണ്‍മുന്നില്‍ ഇങ്ങനെയൊക്കെ നടന്നിട്ടും ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ. എനിയിപ്പൊ, നമ്മളെ കൊന്നാല്‍ പോലും ആരും മിണ്ടില്ലെന്ന് തോന്നുന്നു. അത്രയും പരിതാപകരമാണ് നമ്മുടെ നാടും നേതാക്കളും.
എന്നിട്ടും, ഇവിഷന്‍ ന്യൂസും ഖയ്യൂം മാന്യയുമാണ് ഈ വിഷയത്തില്‍ കാര്യമായി എന്തെങ്കിലും ഇടപെട്ടത്. അല്ലായിരുന്നുവെങ്കില്‍, ആരും ശ്രദ്ധിക്കാത്ത ഒരു സംഭവമായി ഇത് ഒതുങ്ങിപ്പോയേനേ. സത്യത്തിന് വേണ്ടി നിന്നിട്ടും ഖയ്യൂം മാന്യയെ ചിലര്‍ വിമര്‍ശിക്കുന്നത് കാണുമ്പോള്‍, നിങ്ങള്‍ തന്നെ ചിന്തിക്കുക ഇവിടുത്തെ അവസ്ഥ. എന്റെ കാര്യത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ഉത്തരവാദിത്തത്തോടെ ഇടപെട്ടതാണോ ഖയ്യൂം ചെയ്ത കുറ്റം?
എന്തായാലും, ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ നിയമത്തിന്റെ ഏതറ്റം വരെയും പോകാണാണ് എന്റെ കുടുംബത്തിന്റെ തീരുമാനം. അതിന് രാഷ്ട്രീയത്തിന് അതീതമായ നിങ്ങളുടെ പിന്തുണ വേണം. ഇനി   നമ്മുടെ നാട്ടുകാരുടെ മേല്‍ ഈ അനീതി സംഭവിച്ച് കൂടാ.

keywords: nihadciassaultfacebookagainstpolice


Post a Comment

0 Comments

Top Post Ad

Below Post Ad