കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും മനപ്പൂര്‍വം മറന്നു കളഞ്ഞ കുടിവെള്ള പ്രശ്‌നവും കുടിവെള്ളത്തില്‍ ഉപ്പുകലരുന്ന ദയനീയാവസ്ഥയും മുഖ്യമന്ത്രിയെ നേരിട്ടറിയിച്ച് നഗരത്തിലെ വീട്ടമ്മ ജനശ്രദ്ധ പിടിച്ചുപറ്റി. പുതിയ ബസ്റ്റാന്റിലെ തീപ്പെട്ടി കമ്പനിക്കുന്നില്‍ പ്രസ്‌ക്ലബ്ബിനോട് ചേര്‍ന്ന് താമസിക്കുന്ന ഗിരിജമ്മയാണ് ചൊവ്വാഴ്ച ഉപ്പുവെള്ളപ്രശ്‌നം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിയെ 'പിടികൂടിയത്'. പ്രസ് ക്ലബ്ബില്‍ ജനസഭ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങി കാറില്‍ കയറും മുമ്പാണ് മുഖ്യമന്ത്രിക്ക് മുമ്പില്‍ കാസര്‍കോടിന്റെ ജനപ്രതിനിധിയായി രംഗത്ത് വന്ന് ഉപ്പുവെള്ളം വിതക്കുന്ന നരകയാതന ഗിരിജമ്മ തൊഴുകയ്യോടെ വിവരിച്ചത്.
നഗരത്തില്‍ ജലഅതോറിറ്റി കുടിവെള്ളത്തിനു പകരം ഉപ്പുവെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് അവര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബോധ്യപ്പെടുത്തി. കുടിയും കുളിയുമെല്ലാം ഉപ്പുവെള്ളത്തില്‍ തന്നെ. പതിറ്റാണ്ടുകളായി നേരിടുന്ന ഈ ദുരിതത്തിന് പരിഹാരം കാണാനാകുമോ എന്നായിരുന്നു ഗിരിജമ്മയുടെ ചോദ്യം. മുഖ്യമന്ത്രി പതിവു ശൈലിയില്‍ പുഞ്ചിരിച്ച് വീട്ടമ്മയുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കാറില്‍ കയറിപ്പോയി. ബുധനാഴ്ച ചേരുന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രസ് ക്ലബ്ബില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി ഒഴിവാക്കുകയും ചെയ്തു. പ്രസ്‌ക്ലബ് സംഘടിപ്പിച്ച ജനസഭ പരിപാടിയിലും കാസര്‍കോട്ടെ ഉപ്പുവെള്ളം ചര്‍ച്ചയായിരുന്നു.
Post a Comment
0 Comments