കാസര്‍കോട്: (www.evisionnews.in) മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് കാരണവരും കേരളത്തിന്റെ പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍ ഇടതു മുന്നണിയുടെ സംസ്ഥാന തല തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമിടാന്‍ ബുധനാഴ്ച പുലര്‍ച്ചെ കാസര്‍കോട്ടെത്തി. നാലരമണിയോടെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വന്നിറങ്ങിയ വന്ദ്യവയോധികനായ നേതാവിനെ വരവേല്‍ക്കാന്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയിരുന്നു. റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് നേരെ ഗവ ഗസ്റ്റ് ഹൗസിലെത്തിയ വി.എസ് രാവിലെ എട്ടു മണി വരെ വിശ്രമിച്ചു. ശേഷം പതിവ് തെറ്റാതെയുള്ള വ്യായാമത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് അംഗരക്ഷകരോടൊപ്പം മുറിയില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം ഗസ്റ്റ് ഹൗസ് വളപ്പില്‍ സൂര്യസ്‌നാനവും നടത്തി.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കുമ്പളയില്‍ നിന്നാണ് വി.എസ് തെരഞ്ഞെടുപ്പ് പര്യടനം ആരംഭിക്കുന്നത്. കേരളത്തില്‍ ആഞ്ഞടിക്കുന്ന ഇടതു തരംഗത്തിന്റെ ഗതിവേഗം കൂട്ടാനാണ് വി.എസിന്റെ നിയോജക മണ്ഡലങ്ങള്‍ തോറുമുള്ള പര്യടനമെന്ന് സിപിഎം നേതൃത്വം പറഞ്ഞു. കുമ്പളയിലെ പരിപാടിക്ക് ശേഷം കുറ്റിക്കോലില്‍ വ്യാപാരി വ്യവസായി സമിതിയുടെ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യും. ഉച്ച ഭക്ഷണവും വിശ്രമവും ഗസ്റ്റ് ഹൗസിലാണ്. മൂന്നരമണിക്ക് ഉദുമയിലെ പാലക്കുന്നിലും ആറു മണിക്ക് തൃക്കരിപ്പൂരിലെ ചിറ്റാരിക്കാലിലും അദ്ദേഹം ഇടതു മുന്നണി റാലിയെ അഭിസംബോധന ചെയ്യും.
ഗസ്റ്റ് ഹൗസില്‍ കാസര്‍കോട്ടെ എല്‍.ഡി.എഫ് -ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥി ഡോ. എ.എ അമീന്‍ വിഎസിനെ സന്ദര്‍ശിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, മഞ്ചേശ്വരം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി.എച്ച് കുഞ്ഞമ്പു, സിപിഎം ഏരിയാ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ, ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം എന്നിവരും വിഎസിനൊപ്പമുണ്ടായിരുന്നു.

Post a Comment
0 Comments