Type Here to Get Search Results !

Bottom Ad

കടുവയെ കിടുവ പിടിച്ചു, പോലീസ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ മോഷണം പോയി.


കാസര്‍കോട്: (www.evisionnews.in) ജില്ലയില്‍ പോലീസ് സ്ഥാപിച്ച 83 സി.സി.ടി.വി ക്യാമറകളിലൊന്ന് മോഷണം പോയി രണ്ട് പൊലീസ് സബ് ഡിവിഷനുകളിലായി സ്ഥാപിച്ച ക്യാമറകളിലൊന്നാണ് മോഷണം പോയതെന്ന് പൊലീസ് സമ്മതിച്ചു. ബദിയടുക്ക ചെടേക്കാലിലെ സി.എച്ച് മുഹമ്മദ് കുഞ്ഞിയുടെ അപേക്ഷയിലാണ് സംസ്ഥാന വിവരാവകാശ ഓഫീസര്‍ ഇക്കാര്യമറിയിച്ചത്. എന്നാല്‍ എവിടെ സ്ഥാപിച്ച ക്യാമറയാണ് മോഷണം പോയതെന്ന് വ്യക്തമാക്കിയിട്ടില്ല. 2015  ജൂണ്‍ 26നാണ് ക്യാമറ കാണാതായത്. സുരക്ഷാ കാരണങ്ങളാല്‍ ക്യാമറകള്‍ സ്ഥാപിച്ച ഇടങ്ങള്‍ വ്യക്തമാക്കാന്‍ പറ്റില്ലെന്ന് വിവരാവകാശ ഓഫീസറുടെ കുറിപ്പില്‍ പറയുന്നു.
നേരത്തെ സ്ഥാപിച്ചിരുന്ന എട്ട് ക്യാമറകള്‍ സാമൂഹിക ദ്രോഹികളാലും മറ്റു കുറ്റവാളികളാലും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു. 
ജില്ലയില്‍ പൊലീസ് സ്ഥാപിച്ച 83 ക്യാമറകളില്‍ 14 എണ്ണം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അപേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി വിവരാവകാശ ഓഫീസര്‍ വെളിപ്പെടുത്തി. ആറ് ക്യാമറകള്‍ റോഡ് പ്രവൃത്തിമൂലം അഴിച്ചുവെച്ചതിനാലും അഞ്ച് ക്യാമറകള്‍ സാങ്കേതിക തകരാറുമൂലവും രണ്ട് ക്യാമറകള്‍ ലോറി ഇടിച്ച് തകര്‍ന്നതിനാലും ഒരു ക്യാമറ മോഷണം പോയതിനാലുമാണ് പ്രവര്‍ത്തിക്കാത്തതെന്നാണ് വിശദീകരണം.
വധശ്രമക്കേസുകളിലടക്കം പ്രതികളെ തിരിച്ചറിയുന്നതിന് സി.സി.ടി.വി ക്യാമറകള്‍ ഉപകാരപ്രദമായിട്ടുണ്ടെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഉദുമ എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ച് പുതുതായി രണ്ട് ക്യാമറകള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad