കാസര്‍കോട് (www.evisionnews.in); തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം അവശേഷിക്കെ ഇരുമുന്നണികളും പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ 20ന് ജില്ലയിലെത്തുന്നതോടെ എല്‍ഡിഎഫ് പ്രചാരണം കനക്കും. അഞ്ച് മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികള്‍ ഒന്നും രണ്ടും വട്ട പര്യടനം പൂര്‍ത്തിയാക്കി പൊതു പരിപാടികളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്. 22ന് പത്രിക നല്‍കാന്‍ തുടങ്ങുന്നതോടെ പൊതു പര്യടനത്തിനും തുടക്കംകുറിക്കും.
ഇടതുപക്ഷത്തിനുവേണ്ടി പ്രമുഖരായ സംസ്ഥാന- ദേശീയ നേതാക്കള്‍ ജില്ലയിലെത്തും. പ്രചാരണരംഗത്ത് എല്‍ഡിഎഫ് നേടിയ മേല്‍ക്കൈ നിലനിര്‍ത്തുന്നതിന് നേതാക്കളുടെ പര്യടനം സഹായിക്കുമെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍. വി.എസ് 20ന് മൂന്ന് പൊതുയോഗത്തില്‍ സംസാരിക്കും. രാവിലെ പത്തിന് കുമ്പളയില്‍നിന്നാണ് തുടക്കം. പകല്‍ മൂന്നിന് പാലക്കുന്നിലും വൈകിട്ട് അഞ്ചിന് ചിറ്റാരിക്കാലിലും വി.എസ് സംസാരിക്കും.
സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 23ന് വൈകിട്ട് നാലിന് കുറ്റിക്കോലിലും 5.15ന് ചുള്ളിക്കരയിലും രാത്രി ഏഴിന് പടന്നയിലും സംസാരിക്കും. 26ന് പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയും മെയ് ആറിന് പിണറായി വിജയനും ജില്ലയിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കും. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ഭാര്യ ബൃന്ദാ കാരാട്ട്, ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മകള്‍ സുഭാഷിണി അലി എന്നിവരും ജില്ലയിലെത്തും.
സിപിഐ നേതാക്കളായ കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം എന്നിവരും ജില്ലയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്.
യുഡിഎഫ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുതവണ വന്നുപോയെങ്കിലും യുഡിഎഫ് ക്യാമ്പ് ഉണര്‍ന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി പ്രസിഡന്റ് അമിത്ഷാ, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരെ കൊണ്ടുവരുമെന്നാണ് പ്രചാരണമെങ്കിലും ആരുടെയും തിയതികള്‍ തീരുമാനിച്ചിട്ടില്ല.

Post a Comment
0 Comments