തിരുവനന്തപുരം (www.evisionnews.in): കാസര്‍കോട് മുതല്‍ വിഴിഞ്ഞം വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. അതു കൊണ്ട് തന്നെ വിഷു ആഘോഷം കടലോരത്ത് വേണ്ടെന്നും തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.
തിരമാലകള്‍ അസാധാരണമായി ഉയരുന്ന കള്ളക്കടല്‍ പ്രതിഭാസമാണ് വ്യാഴാഴ്ച സംഭവിക്കാനിടയുള്ളതെന്നാണ് മുന്നറിയിപ്പ്. വിഴിഞ്ഞം മുതല്‍ കാസര്‍കോടു വരെയുള്ള കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ 2.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അസാധാരണമായി ഉയരുന്ന കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കടലാക്രമണം പതിവില്ലാത്ത സമയത്ത് അപ്രതീക്ഷിതമായി സമുദ്ര ജലനിരപ്പ് ഉയരുകയും വന്‍ തിരമാലകള്‍ രൂപപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് 'കള്ളക്കടല്‍'
അര്‍ധരാത്രി വരെ ഈ പ്രതിഭാസമുണ്ടാവുമെന്നാണു മുന്നറിയിപ്പ്. രണ്ട് മീറ്ററോളം ഉയരുന്ന തിരമാലകള്‍ക്ക് പ്രഹരശേഷി അതിശക്തമായിരിക്കും. കടല്‍ പുറമെ ശാന്തമെന്ന് തോന്നിക്കുമെങ്കിലും ഒന്നിനു പിറകെ ഒന്നായി ആക്രമണോത്സുകതയോടെ ആഞ്ഞടിക്കുന്ന തിരമാലകള്‍ കടല്‍ ക്ഷോഭത്തിന് കാരണമാകും. ബോട്ടുകളും വള്ളങ്ങളും മറിച്ചിടാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പിലുണ്ട്.
Keywords: Kasaragod-news-kerala-vizinham
Post a Comment
0 Comments