കാസര്‍കോട് (www.evisionnews.in): കനത്ത ചൂടില്‍ രാവും പകലും വെന്തുരുകുകയാണ് നാടും നഗരവും. സംസ്ഥാനത്ത് സൂര്യതാപമേറ്റുള്ള മരണങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് 41.1 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. കേരളത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. 29 വര്‍ഷം മുമ്പു 1987ലാണ് ഇതിനു മുമ്പ് ഇത്രയും രൂക്ഷമായ ചൂട് മലമ്പുഴയില്‍ അനുഭവപ്പെട്ടിട്ടുള്ളത്. നിര്‍ജ്ജലീകരണം മൂലമുള്ള രോഗങ്ങളും കൂടി. കുടിവെള്ളക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്.
ജില്ലയില്‍ 35 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. കൊച്ചിയില്‍ 35.2ഉം തിരുവനന്തപുരത്ത് 35ഉം കോഴിക്കോട്ട് 38.2ഉം കോട്ടയത്തും ആലപ്പുഴയിലും 37ഉം കണ്ണൂരില്‍ 37.8ഉം ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസത്തെ താപനില. ചൂട് കൂടിയതോടെ ജില്ലയില്‍ പരക്കെ കുടിവെള്ള ക്ഷാമം രൂക്ഷമായി. കിണറുകളും ജലസ്രോതസുകളുമൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. പല കുടുംബങ്ങളും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന സ്ഥിതിയിലാണ്. ചില ഭാഗങ്ങളില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ട്.
ശക്തമായ വേനലില്‍ തുറസ്സായ സ്ഥലങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ തൊഴിലാളികളെക്കൊണ്ട് തൊഴില്‍ ചെയ്യിക്കരുതെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. എല്ലാ തൊഴിലുടമകളും ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്നും ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ തൊഴില്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 04994 256950 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
വേനല്‍മഴ കുറഞ്ഞതും ചൂട് രൂക്ഷമാക്കി. അതേസമയം രണ്ടുദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് വേനല്‍മഴ ലഭിക്കുമെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്‍കാലങ്ങളില്‍ ഏപ്രില്‍ -മെയ് മാസങ്ങളില്‍ വേനല്‍മഴ ചൂടിന് ആശ്വാസമാകാറുണ്ട്. ഇത്തവണ ഇതുവരെ 43ശതമാനം കുറവ് മഴയാണ് ലഭിച്ചത്. വേനല്‍മഴ കുറഞ്ഞതോടെ കൃഷിയിടങ്ങളും കരിഞ്ഞുണങ്ങി.
Post a Comment
0 Comments