Type Here to Get Search Results !

Bottom Ad

ജില്ല ചുട്ടുപൊള്ളുന്നു: വേനല്‍ മഴയില്ലാതെ ജനം ആശങ്കയില്‍


കാസര്‍കോട് (www.evisionnews.in): മീനമാസം അവസാനഘട്ടത്തിലെത്തിയതോടെ അസഹ്യമായ ചൂടില്‍ ജില്ലയാകെ ചുട്ടുപൊള്ളുകയാണ്. ഇടയ്ക്കിടെ ആകാശം മൂടിക്കെട്ടുന്നുണ്ടെങ്കിലും പേരിനെങ്കിലും മഴ പെയ്യുന്നില്ല. ഒരുപതിറ്റാണ്ടിനിടെ ആദ്യമായാണ് വേനല്‍മഴയുടെ പൊടിപോലും കാണാത്തത്. മാര്‍ച്ചില്‍ പെയ്തില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരമെങ്കിലും വേനല്‍മഴ കാസര്‍കോടിന്റെ മണ്ണിനേയും മനസിനേയും നനയ്ക്കാറുണ്ട്. എന്നാല്‍ ഇത്തവണ ചൂട് ഏറിവരുന്നതല്ലാതെ വേനല്‍മഴയുടെ സൂചനപോലുമില്ല.

ഏപ്രില്‍ ആദ്യവാരം വേനല്‍മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നെങ്കിലും ജില്ലയില്‍ പുറത്തിറങ്ങാന്‍ പോലുമാവാത്ത വിധം ചൂട് കൂടിയിരിക്കുകയാണ്. കടലുമായി ചേര്‍ന്ന് കിടക്കുന്നതിനാല്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നതിനാലാണ് കാസര്‍കോട്ടെ ചൂട് കുഴപ്പക്കാരനാകുന്നത്.

പുലര്‍കാലങ്ങളില്‍ പോലും വിയര്‍ത്തൊലിക്കുന്ന അവസ്ഥയാണിപ്പോള്‍. 2006 മുതല്‍ 2016 വരെയുള്ള കണക്കനുസരിച്ച് മാര്‍ച്ചില്‍ എല്ലാ വര്‍ഷവും മഴ പെയ്യാറില്ല. പക്ഷെ, ഏപ്രിലില്‍ ഉറപ്പായും വേനല്‍മഴ കിട്ടാറുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായ കാസര്‍കോട് വേനല്‍മഴ കൂടി കിട്ടിയില്ലെങ്കില്‍ അതിരൂക്ഷമായ വരള്‍ച്ചയിലേക്ക് നാട് നീങ്ങും.

മാര്‍ച്ചിനെ ഉപമിക്കേണ്ടത് 2009ല്‍ അനുഭവപ്പെട്ട ചൂടിനോടാണ്. 2009 മാര്‍ച്ചില്‍ 33.6 ഡിഗ്രി സെല്‍ഷ്യസാണ് അനുഭവപ്പെട്ട ചൂട്. ആ മാസം രണ്ടു ദവസം കൊണ്ട് 29.8 മില്ലീമീറ്റര്‍ മഴ കാസര്‍കോട് ലഭിച്ചിരുന്നതിനാല്‍ ചൂടിന്റെ ആധിക്യം കുറഞ്ഞു. എന്നാല്‍, ഈ വര്‍ഷം മാര്‍ച്ചില്‍ ചൂട് 33.5 ഡിഗ്രി സെല്‍ഷ്യസായി. വേനല്‍മഴയുടെ ഒരു തുള്ളിപോലും കിട്ടിയതുമില്ല. 

വേനല്‍മഴ അല്‍പമെങ്കിലും ഏപ്രിലിലുണ്ടാകുമെന്നാണ് പഴമക്കാര്‍ കരുതുന്നത്. ഏപ്രിലിലും മഴയൊഴിഞ്ഞുനിന്നാല്‍ കുടിക്കാന്‍പോലും വെള്ളമില്ലാതെ പക്ഷിമൃഗാദികള്‍ ചത്തുവീഴുന്നത് കാണേണ്ടിവരും. വേനല്‍ മഴ വിട്ടുനിന്നതോടെ ജില്ലയിലെ മിക്ക ജലസ്രോതസ്സുകള്‍ വരണ്ടുണങ്ങിക്കഴിഞ്ഞു. ഉള്ള ജലസംഭരണികള്‍ ഉപ്പുകലര്‍ന്നതിനാല്‍ കുടിവെള്ളം പോലുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ജില്ലയിലെ ജനങ്ങള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad