Type Here to Get Search Results !

Bottom Ad

നഗരത്തില്‍ മാലിന്യം കുന്നുകൂടുന്നു: അനക്കമില്ലാതെ അധികൃതര്‍


പടന്ന (www.evisionnews.in): റോഡരികില്‍ മാലിന്യം കുന്നുകൂടിയിട്ടും അനക്കമില്ലാതെ അധികൃതര്‍. നഗരത്തിലെ ഊടുവഴികളുള്‍പ്പെടെയുള്ള ഇടങ്ങളില്‍ മാലിന്യം നിറഞ്ഞതോടെ മൂക്കുതുറന്ന് കടന്നുപോകാനാവാത്ത സ്ഥിതിയാണ്. പടന്ന ടൗണിന്റെ വിവിധ ഭാഗങ്ങളിലാണ് ഖരമാലിന്യം കുന്നുകൂടുന്നത്. തെരുവോരങ്ങളില്‍ മാലിന്യക്കെട്ടുകള്‍ നിറഞ്ഞതോടെ അവശിഷ്ടങ്ങള്‍ ആഹാരമാക്കാന്‍ വരുന്ന തെരുവു നായകളും പ്രദേശത്തുകാരുടെ സൈ്വര്യം കെടുത്തുന്നു. വി.കെ.പി. ഖാലിദ് ഹാജി സ്മാരക എംആര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കും മറ്റുമുള്ള റോഡിന്റെ ഇരുപാര്‍ശ്വങ്ങളിലും ഒരു നിയന്ത്രണവുമില്ലാതെ മാലിന്യങ്ങള്‍ വലിച്ചെറിയുകയാണ്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് ഈ ഭാഗങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടു വന്ന് തള്ളുന്നത്. 

നഗരത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സമീപത്തും മാലിന്യക്കൂമ്പാരം രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ നിന്നും നിര്‍ഗളിക്കുന്ന ദുര്‍നഗന്ധം കാരണം ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ കൂടുതല്‍ അസ്വസ്ഥരാവുകയാണ്. ആരോഗ്യ രംഗത്തുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ അറിയുന്നവര്‍ തന്നെയാണ് ഇവിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതെന്നാണ് ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ പറയുന്നത്. അതേസമയം മാലിന്യ നിക്ഷേപത്തിനെതിരെ നടപടിയെടുക്കേണ്ടവരാകട്ടെ നിശബ്ദത പാലിക്കുകയാണ്. ഇത് പരിസരവാസികളിലും നാട്ടുകാരിലും പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ടൗണില്‍ മാലിന്യം സംഭരിക്കുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനും മാലിന്യം പൊതുവഴിയിലും മറ്റും വലിച്ചെറിഞ്ഞ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ടവര്‍ ജാഗ്രത കാട്ടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad