തൃക്കരിപ്പൂര്‍ (www.evisionnews.in): കവ്വായി പുഴയുടെ രണ്ടുദിശകളായ കാര്യങ്കോട് മുതല്‍ ഒളവറവരെ അധികാര അതിര്‍ത്തിയുള്ള തൃക്കരിപ്പൂര്‍ സംയുക്ത മഹല്‍ ജമാഅത്തിന്റെ പുതിയ ഖാസിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ 22ന് സ്ഥാനമേല്‍ക്കും.സംയുക്ത ജമാഅത്തിന്റെ പ്രഥമ ഖാസിയായിരുന്ന സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാരുടെ വിയോഗത്തെ തുടര്‍ന്നാണ് ആലിക്കുട്ടി മുസല്യാര്‍ ചുമതലയേല്‍ക്കുന്നത്.
വൈകിട്ട് പടന്ന മൂസാ ഹാജി മുക്കിനു സമീപം ഒരുക്കുന്ന സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ് നഗറില്‍ വിപുലമായ ചടങ്ങിലാണ് സ്ഥാനാരോഹണം. പ്രാര്‍ത്ഥനക്കു ശേഷം മുഹ്‌യുദ്ദീന്‍ മസ്ജിദില്‍ നിന്ന് ദഫ്, സ്‌കൗ!ട്‌സ് തുടങ്ങിയവയുടെ അകമ്പടിയില്‍ ഘോഷയാത്രയായി നിയുക്ത ഖാസിയെയും മുഖ്യാതിഥികളെയും ആനയിക്കും. തുടര്‍ന്ന് പൊതുസമ്മേളനം. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഖാസി സ്ഥാനാരോഹണ കര്‍മവും പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തും.
ഖാസിയെ ട്രഷറര്‍ ജി.എസ്.ഹമീദ് ഹാജി ആദരിക്കും.നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സംയുക്ത മഹല്‍ ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ടി.കെ.പൂക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എസ്.സി.കുഞ്ഞഹമ്മദ് ഹാജി, ട്രഷറര്‍ ജി.എസ്.ഹമീദ് ഹാജി, വി.കെ.സി.അബ്ദുല്ല, കെ.എം.സി. ഇബ്രാഹിം, പി.സി.മുസ്തഫ ഹാജി എന്നിവര്‍ അറിയിച്ചു. 1992 ല്‍ നിലവില്‍വന്ന തൃക്കരിപ്പൂര്‍ സംയുക്ത മഹല്‍ ജമാഅത്തില്‍ വിവിധ പഞ്ചായത്തുകളിലെ 32 മഹല്ലുകളുണ്ട്.

Post a Comment
0 Comments