മൈസൂരു (www.evisionnews.in): സംഘപരിവാര്‍ ശക്തികളുടെ ഭീഷണികളെയും തരംതാണ പ്രചാരണങ്ങളെയും അതിജീവിച്ച് മാണ്ഡ്യയിലെ കമിതാക്കളായ അഷിതയും ഷക്കീലും വിവാഹിതരായപ്പോള്‍ രാജ്യം ഉറ്റുനോക്കിയ ഈ വൈവാഹിക വിപ്ലവം നല്‍കിയ സന്ദേശം ഇന്ത്യയിലെ മതേതരത്വത്തെ കുത്തിനോവിക്കാനും അനുരാഗികളുടെ പ്രണയബദ്ധതയെ അതിര്‍വരമ്പിട്ട് തടഞ്ഞുനിര്‍ത്താനുമാവില്ലെന്നായിരുന്നു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി മാണ്ഡ്യയിലെ ഡോ നരേന്ദ്രബാബുവിന്റെ മകള്‍ അഷിതയും സ്ഥലത്തെ ബിസിനസുകാരനായ അഹമ്മദിന്റെ മകന്‍ ഷക്കീലും തമ്മിലുള്ള പ്രണയവും തുടര്‍ന്ന് നടക്കാനിരിക്കുന്ന വിവാഹത്തെച്ചൊല്ലിയും സംഘപരിവാരുകാര്‍ ഒരു ദേശീയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയിട്ട്. മുസ്ലിം യുവാവിന് മകളെ വിവാഹം കഴിച്ചു കൊടുക്കരുതെന്നും ഇത് ലൗ ജിഹാദില്‍ കലാശിക്കുമെന്നായിരുന്നു ആര്‍.എസ്.എസിന്റെ ഭീഷണി. അവര്‍ ഒളിഞ്ഞും തെളിഞ്ഞും വിവാഹം മുടക്കാന്‍ പതിനെട്ടടവും പയറ്റിയിട്ടും മാണ്ഡ്യയിലെയും മൈസൂരിലെയും ജനങ്ങള്‍ എം.ബി.എ ബിരുദധാരികളായ ഇവരുടെ വിവാഹം ഏറ്റെടുത്ത് നടത്തുകയായിരുന്നു. വിവാഹിതയായതോടെ ഷക്കീലിന്റെ ഭാര്യ അഷിത ഇനി മുതല്‍ ഷൈസ്ത സുല്‍ത്താന എന്നായി മാറുമ്പോള്‍ ഒരു വ്യാഴവട്ടക്കാലം നീണ്ടു നിന്ന ഇവരുടെ പ്രണയം മഴവില്ലിന്റെ ഏഴഴകോടെ പൂത്തുലയും.
ഷക്കീലിന്റെ സ്വന്തം പെണ്ണായി മാറുമ്പോള്‍ ഞാന്‍ ഷക്കീലിന്റെ വിശ്വാസ ആചാരങ്ങള്‍ മുറുകെ പിടിക്കുമ്പോള്‍ മാതൃകാ ദമ്പതികളാകുമെന്നും അഷിത പൊതുസമൂഹത്തെ നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച മാണ്ഡ്യയിലെ അഷിതയുടെ വീട്ടില്‍ ഹൈന്ദവ ആചാരപ്രകാരം ബളെശാസ്ത്ര (വള മാറല്‍) ചടങ്ങ് നടന്നു. ഇതേതുടര്‍ന്ന് നികാഹ് ചടങ്ങും നടന്നു. തുടര്‍ന്ന് നവദമ്പതികളും ബന്ധുക്കളും മൈസൂരിലേക്ക് തിരിച്ചു. ഞായറാഴ്ച കൊട്ടാരനഗരിയിലെ താജ് കണ്‍വെന്‍ഷന്‍ ഹാളിലായിരുന്നു വിവാഹസല്‍ക്കാരം. കനത്ത പോലീസ് അകമ്പടിയോടെയാണ് വധൂവരന്മാരും ബന്ധുക്കളും ഹാളിലെത്തിയത്. സന്ധ്യയ്ക്ക് കൃത്യം ഏഴരമണിയോടെ വിവാഹ സല്‍ക്കാരച്ചടങ്ങുകള്‍ നടന്നു. കര്‍ണാടകയിലെ പൊതുജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ നവദമ്പതികള്‍ക്ക് സ്‌നേഹാശംസകള്‍ ചൊരിഞ്ഞു.
വധഭീഷണി നേരിടുന്ന കര്‍ണാടകയിലെ പ്രമുഖ സാഹിത്യകാരന്‍ കെ.എസ് ഭഗവാന്‍, മാധ്യമ പ്രവര്‍ത്തക ഗൗരി ലംഗേഷ്, മുന്‍മന്ത്രി എം.എസ് ആത്മാനന്ദ, ജനതാദള്‍ എംഎല്‍എ ബി.സെഡ് സമീര്‍ അഹമ്മദ് ഖാന്‍, സിപിഎം മഹിളാ നേതാവ് കെ.എസ് വിമല, മുന്‍ എംഎല്‍എ ബി.എസ് ശിവകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Post a Comment
0 Comments