ബദിയടുക്ക (www.evisionnews.in): കുടിവെള്ളവും വൈദ്യുതി വെട്ടവും പടിക്കു പുറത്തായിരുന്ന എന്‍മകജെ പഞ്ചായത്തിലെ നടുവയല്‍ പട്ടികവര്‍ഗ കോളനിക്കാര്‍ക്ക് ജനമൈത്രി പോലീസ് തുണയായി. കുടിവെള്ളത്തിനുള്ള സംവിധാനങ്ങളും വീടുകള്‍ക്കു മുന്നിലും വൈദ്യുതി തൂണുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതു വീട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ കഴിഞ്ഞ 13 വര്‍ഷമായി പുരപ്പുറത്തായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ട ബദിയടുക്ക ട്രൈബല്‍ ജനമൈത്രി പോലീസ് ഇടപെട്ട് തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുകയായിരുന്നു.
നേരത്തെ കോളനിയില്‍ വീടുകള്‍ കോണ്‍ക്രീറ്റ് ചെയ്തു നല്‍കുന്ന സമയത്ത് രണ്ടു പോയിന്റ് വീതമുള്ള വയറിങ് ചെയ്തിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. പിന്നീട് ജനമൈത്രി പോലീസ് ഇടപെട്ട് ഓരോ വീട്ടിലും എട്ടു പോയിന്റ് വയറിംഗ് പൂര്‍ത്തിയാക്കി വൈദ്യുതിയെത്തിക്കുകയായിരുന്നു.
കുടിവെള്ളത്തിനായി പമ്പ്ഹൗസും ടാങ്കും ഉണ്ടായിരുന്നെങ്കിലും അത് ഉപയോഗിക്കുന്നതിന് സംവിധാനമൊരുക്കിയിരുന്നില്ല. ഇപ്പോള്‍ മോട്ടോറുള്‍പ്പെടെ മാറ്റിസ്ഥാപിച്ചാണ് കുടിവെള്ളപ്രശ്നവും പരിഹരിച്ചത്. കൂടാതെ ആറു സോളാര്‍ വിളക്കുകളും കോളനിയിലേക്ക് ജനമൈത്രി പോലീസ് എത്തിച്ചുനല്‍കി. നടുവയലിന് സമീപത്തുള്ള കാര്യാട കോളനിയിലും വൈദ്യുതി പ്രശ്നം പരിഹരിക്കാന്‍ ജനമൈത്രി പോലീസ് ഇടപെട്ടിരുന്നു. വര്‍ഷങ്ങളായി സ്വപ്‌നമായി മാത്രം ബാക്കിയായ കുടിവെള്ളവും വൈദ്യുതി വെളിച്ചവും യാഥാര്‍ത്ഥ്യമായപ്പോള്‍ പറഞ്ഞു തീരാനാവാത്ത സന്തോഷത്തിലാണ് കോളനി നിവാസികള്‍.
Post a Comment
0 Comments