തിരുവനന്തപുരം (www.evisionnews.in): തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വാട്‌സ് ആപ്പ്, ഫേസ് ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളെ നിരീക്ഷിക്കാനും ഇതുവഴി പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വരുത്തുന്ന ചെലവ് കണക്കുകൂട്ടാനോ സംവിധാനങ്ങളില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ നവമാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെങ്കിലും അത് എങ്ങനെയെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അങ്കലാപ്പിലാണ്.
ജില്ലാ തലത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് സെല്ലിന് രൂപം നല്‍കിയിട്ടുണ്ട്. ഈ സെല്ലാകട്ടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തുന്ന പരസ്യങ്ങള്‍ക്ക് അനുമതി നല്‍കാനാണ് രൂപീകരിച്ചിരിക്കുന്നത്. ഈ സെല്ലിന്റെ അനുമതി വാങ്ങിവേണം സ്ഥാനാര്‍ത്ഥികള്‍ ബ്ലോഗുകള്‍, യുടൂബ്, വിക്കിപീഡിയ, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയിലെല്ലാം പരസ്യങ്ങള്‍ പ്രചരിപ്പിക്കാനെന്നാണ് നിര്‍ദേശം. പക്ഷേ പരസ്യങ്ങളല്ലാതെ പല അക്കൗണ്ടുകളില്‍നിന്നായി പ്രചാരണം എന്ന നിലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനോ അതിന്റെ സ്രോതസ് കണ്ടുപിടിക്കാനോ ഉള്ള സംവിധാനം തെരഞ്ഞെടുപ്പ് കമ്മിഷനില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ തന്നെ മുന്നണികളുടെ പേരിലും പൊതുസ്വഭാവത്തിലുമുള്ള ട്രോളുകളും സന്ദേശങ്ങളും വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പറന്നു തുടങ്ങിയിരുന്നു. ഇവയുടെയൊന്നും സ്രോതസ് എവിടെനിന്നാണെന്നും കണ്ടെത്താനാവില്ല. സിനിമാ സീനുകളില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ട്രോളുകള്‍ മുന്നണികളുടെ പ്രവര്‍ത്തനങ്ങളേയും വികസനത്തേയും തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളേയും കണക്കറ്റ് കളിയാക്കുന്നവയാണ്. ഇവയുടെ ഉറവിടത്തെക്കുറിച്ച് മാത്രം വ്യക്തമല്ല. ഇങ്ങനെയുള്ള കാര്യങ്ങളില്‍ പരാതി ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കാനാകൂ എന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. പക്ഷേ നവമാധ്യമങ്ങളിലൂടെ മുന്‍കൂര്‍ അനുമതിയില്ലാതെ പരസ്യപ്രചാരണം നടത്തുന്ന തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. വ്യക്തികള്‍ക്കെതിരായ ആക്രമണങ്ങള്‍, സാമുദായിക സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ എന്നിവയെല്ലാം തെരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തുക.

Post a Comment
0 Comments