കാസര്‍കോട് (www.evisionnews.in): പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് സുഗമമാക്കാന്‍ രണ്ട് കമ്പനി കേന്ദ്രസേനയും മൂന്ന് കമ്പനി അന്യസംസ്ഥാന സേനയും ജില്ലയിലെത്തുമെന്ന് കലക്ടര്‍ ഇ. ദേവദാസന്‍ അറിയിച്ചു. ജില്ലയിലെ 799 പോളിംഗ് സ്റ്റേഷനുകളില്‍ 356 എണ്ണം പ്രശ്നബാധിത പോളിംഗ് സ്റ്റേഷനുകളാണ്. 261 കേന്ദ്രങ്ങളില്‍ ക്യാമറ സ്ഥാപിക്കും. സി.സി.ടി.വി., വീഡിയോ, വെബ് കാസ്റ്റിംഗ് എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കും ഇവിടങ്ങളിലുണ്ടാവുക. 192 പോളിംഗ് സ്റ്റേഷനുകളില്‍ കേന്ദ്രനിരീക്ഷകര്‍ എത്തും.
ജില്ലയില്‍ 25 വനിതാ പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ മുതല്‍ വോട്ടുചെയ്യുന്നവരുടെ ക്യൂ നിയന്ത്രണം ഉള്‍പ്പെടെ വനിതകള്‍ നിര്‍വഹിക്കും. ഇക്കുറി അമ്പതോളം മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ വോട്ടു ശതമാനം വര്‍ധിപ്പിക്കാന്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ളത്. വോട്ടുവിശേഷങ്ങളും വിവരങ്ങളും പൊതുജനങ്ങളിലെത്തിക്കാന്‍ വെബ്‌സൈറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Post a Comment
0 Comments