Type Here to Get Search Results !

Bottom Ad

ആറ്റിങ്ങല്‍ ഇരട്ടക്കൊല: നിനോ മാത്യുവിന് തൂക്കുകയര്‍; അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം


തിരുവനന്തപുരം (www.evisionnews.in): ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ. രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും കോടതി വിധിച്ചു. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് വധശിക്ഷ വിധിച്ചത്.

സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ പോലും കൂട്ടുനിന്ന രണ്ടാം പ്രതിയായ അനുശാന്തി മാതൃത്വത്തിന് അപമാനമെന്ന് കോടതി പറഞ്ഞു. നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തില്ല എന്നതുകൊണ്ടും സ്ത്രീ എന്ന പരിഗണന നല്‍കിയും മാത്രമാണ്  ഇവരെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയതെന്നും കോടതി വ്യക്തമാക്കി.

ഇരു പ്രതികളില്‍ നിന്നും 50 ലക്ഷം വീതം നഷ്ടപരിഹാരം ഈടാക്കാനും കോടതി ഉത്തരവിട്ടു. 50 ലക്ഷം രൂപ നിനോ മാത്യു അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന് നല്‍കണം. 30 ലക്ഷം രൂപ അനുശാന്തി ഭര്‍തൃമാതാവ് ഓമനയുടെ ഭര്‍ത്താവിനും നല്‍കാനാണ് കോടതി ഉത്തരവിട്ടത്.

അവിഹിത ബന്ധത്തിന് വേണ്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും പിഞ്ചുകുഞ്ഞിനെ നിനോമാത്യു ക്രൂരമായി കൊന്നത് ന്യായീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. എത്ര പെര്‍ഫ്യൂം ഉപയോഗിച്ചുകഴുകിയാലും നിനോയുടെ കൈയിലെ രക്തക്കറ മാറില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയേക്കാള്‍ നീളമുള്ള ആയുധമുപയോഗിച്ചാണ് പ്രതി അതിക്രൂരമായി കൊലപാതകം നടത്തിയതെന്നും പ്രതിയുടെ ആക്രമണത്തില്‍ കുട്ടിയുടെ തലച്ചോറ് ചിതറിത്തെറിച്ചെന്നും കോടതി പറഞ്ഞു.

കേസന്വേഷണം അതിവേഗം പൂര്‍ത്തിയാക്കിയ പോലീസിനേയും കോടതി പ്രശംസിച്ചു. അതിക്രൂരമായ കൊലപാതകം എന്ന വിധിന്യായത്തോട് കൂടിയാണ് പ്രതികളുടെ വിധി കോടതി പറഞ്ഞത്. പ്രതികളും ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരുമായ നിനോ മാത്യു, അനുശാന്തി എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

2014 ഏപ്രില്‍ പതിനാറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനാണ് നിനോ മാത്യു അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമനയെയും മകള്‍ മൂന്നുവയസുകാരി സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തിയത്. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

പ്രതികളില്‍ ആരോപിക്കെപ്പട്ട ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു. സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിക്കരുതെന്ന് ശിക്ഷ സംബന്ധിച്ച വാദത്തിനിടെ അനുശാന്തി കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ളെന്ന് പ്രതി നിനോ മാത്യു കോടതിയില്‍ പറഞ്ഞു.

എന്നാല്‍ അനുശാന്തിക്ക് എതിരെ ഗൂഢാലോചനയ്ക്ക് വാട്സ്ആപ് അടക്കം സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചതിന് ഐടി നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് 49 സാക്ഷികളെയാണ് വിസ്തരിച്ചത്. 41 തൊണ്ടികളും 85 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. റൂറല്‍ എസ്.പിയായിരുന്ന രാജ്പാല്‍ മീണ, ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയായിരുന്ന ആര്‍. പ്രതാപന്‍ നായര്‍, ആറ്റിങ്ങല്‍ സി.ഐ എം. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത്കുമാര്‍, അഭിഭാഷകരായ അനില്‍ പ്രസാദ്, ബാബു നാഥുറാം, ചൈതന്യ കിഷോര്‍, പി. സുഭാഷ് എന്നിവര്‍ ഹാജരായി.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad