Type Here to Get Search Results !

Bottom Ad

അശ്വിനെ അക്രമാസക്തനാക്കിയത് ദുര്‍മന്ത്രവാദിയുടെ ചികിത്സക്ക് വിധേയമാക്കാനുള്ള വീട്ടുകാരുടെ ശ്രമം


ബദിയടുക്ക (www.evisionnews.in): നെക്രാജെയില്‍ മാതാപിതാക്കളടക്കം കുടുംബത്തിലെ അഞ്ചുപേരെ വെട്ടിയ ശേഷം കെട്ടിത്തൂങ്ങി ജീവനൊടുക്കാന്‍ ഐ.ടി ഉദ്യോഗസ്ഥനായ അശ്വിന്‍ കല്ലൂരായയെ പ്രേരിപ്പിച്ചത് യുവാവിനെ ദുര്‍മന്ത്രവാദിയുടെ ചികിത്സക്ക് വിധേയമാക്കാനുള്ള കുടംബാംഗങ്ങളുടെ നീക്കത്തെ തുടര്‍ന്നാണെന്ന് പോലീസ്. അശ്വിന്‍ കുറച്ചുകാലമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നത് വീട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. 

വിഷുവിന് മുമ്പ് ബംഗളൂരുവില്‍ നിന്ന് വീട്ടിലെത്തിയ അശ്വിന്‍ വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ തളിപ്പറമ്പിലെ മന്ത്രവാദിയുടെ സമീപമെത്തിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. ഇതറിഞ്ഞ് പ്രകോപിതനായ യുവാവ് അക്രമാസക്തമായി കുടുംബാംഗങ്ങളെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. കൂട്ടനിലവിളികേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് നടുക്കുന്ന രംഗമായിരുന്നു. 

വീട്ടില്‍ ഫോണ്‍ ചെയ്യുന്നതിനിടയിലാണ് പിതാവ് ശ്രീഹരിക്ക് വെട്ടേറ്റത്. പൂജാമുറിയിലായിരുന്ന മാതാവ് ലതയെയും അശ്വിന്‍ വെട്ടിവീഴ്ത്തി. മറ്റുള്ളവരെയും വെട്ടിയ ശേഷം അശ്വിന്‍ അക്ഷരാര്‍ത്ഥത്തില്‍ സംഹാരരുദ്രനായി കലിതുള്ളുകയായിരുന്നു. പിന്നീട് വീട് വിട്ട അശ്വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. സംഭവത്തിന് അരമണിക്കൂര്‍ മുമ്പ് തന്നെ അശ്വിന്‍ വീട്ടിലെ ലാന്‍ഡ്ഫോണിന്റെ കേബിള്‍ മുറിച്ചുമാറ്റിയിരുന്നു. വെട്ടേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വിദ്യാനഗര്‍ സി.ഐയുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad