കാസര്‍കോട്:(www.evisionnews.in) പുതിയ ബസ്റ്റാന്റ് പരിസരത്തെ കോട്ടക്കണ്ണി റോഡിലെ വസ്ത്രാലയത്തിന് മുന്നില്‍ സ്വകാര്യ നിര്‍മാണ കമ്പനിയുടെ പേര് പ്രദര്‍ശിപ്പിച്ച് അനധികൃതമായി സ്ഥാപിച്ച ട്രാഫിക് സര്‍ക്കിള്‍ വിഷയത്തില്‍ നഗരസഭാധീകൃതരുടെ ഒളിച്ചുകളി തുടരുന്നു. സര്‍ക്കിളില്‍ നിന്നും കമ്പനിയുടെ പേര് നീക്കുമെന്നും സര്‍ക്കിള്‍ നിര്‍മ്മിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും മുന്‍സിപ്പല്‍ സെക്രട്ടറി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ദിവസങ്ങളായിട്ടും ഈ വിഷയത്തില്‍ മനപ്പൂര്‍വം നടപടിയെടുക്കാതെ ജനങ്ങളുടെ പരാതികള്‍ക്ക് നേരെ കണ്ണടക്കുകയാണ് നഗരസഭാധികൃതര്‍ ചെയ്യുന്നത്.
മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ അനുമതിയില്ലാതെയാണ് സ്വകാര്യ നിര്‍മാണ കമ്പനി റോഡ് കയ്യേറി സ്വന്തം സ്ഥാപനത്തിന്റെ പേര് പ്രദര്‍ശിപ്പിച്ച് കോണ്‍ക്രീറ്റ് ചെയ്ത സര്‍ക്കിള്‍ സ്ഥാപിച്ചത്. ഇതിന്റെ നിര്‍മാണം അശാസ്ത്രീയമായതിനാല്‍ ഗതാഗതക്കുരുക്ക് സ്ഥലത്ത് ഇരട്ടിച്ചതായാണ് പരിസരത്തുള്ളവര്‍ പറയുന്നത്.
അതേസമയം കോട്ടക്കണ്ണി റോഡിന്റെ പ്രവേശന സ്ഥലത്ത് നഗരസഭ നേരിട്ട് ട്രാഫിക് സര്‍ക്കിള്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് താന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും കോട്ടക്കണ്ണി സര്‍ക്കിള്‍ എന്ന് ഇതിന് നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും വാര്‍ഡ് കൗണ്‍സിലര്‍ ബി ജെ പിയിലെ സന്ധ്യാഷെട്ടി കഴിഞ്ഞ ദിവസം ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാല്‍ കൗണ്‍സിലറുടെ ആവശ്യം പോലും നിരാകരിച്ചാണ് മുന്‍സിപ്പല്‍ അധികൃതര്‍ അനധികൃത സര്‍ക്കിളിന് അനുമതി നല്‍കിയിരിക്കുന്നത്. വിവാദ സര്‍ക്കിള്‍ നഗരസഭക്ക് മാറ്റാനായില്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ ഇതേ മാതൃകയില്‍ അനധികൃത നിര്‍മാണ പ്രവൃത്തികള്‍ പൊതുസ്ഥലം കയ്യേറി നടത്താന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Keywords: Kasaragod-news-kottakkanni-circle

Post a Comment
0 Comments