ഉഡുപ്പി (www.evisionnews.in): വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ. കുന്താപുരം ഹെമ്മാടിയിലെ ഫാന്‍സി കടയുടമ സതീഷ് പൂജാരിയെയാണ് തൂക്കിക്കൊല്ലാന്‍ കുന്താപുരം അഡീഷണല്‍ ജില്ലാ കോടതി വിധിച്ചത്. കോടതിയുടെ ചരിത്രത്തിലെ ആദ്യ വധശിക്ഷാണിത്.
ബീഡി തെറുത്ത് ഉപജീവനം നടത്തുന്ന നിര്‍ധനകുടുംബത്തിലെ അക്കയ്യ എന്ന ലത പൂജാരിയെയാണ് സതീഷ് കൊലപ്പെടുത്തിയത്. 2010 ജൂണിലാണ് സംഭവം. ജഡ്ജി രാജ്‌ശേഖര പാട്ടീലാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. കേസിലെ സാക്ഷി നല്‍കിയ നിര്‍ണായക മൊഴികള്‍ പ്രതിക്ക് അത്യന്തം പ്രതികൂലമാവുകയും പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ച് കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. കാമുകിയെ നിരന്തരം തന്റെ ലൈംഗികമായ ഇംഗിതങ്ങള്‍ക്ക് വിധേയമാക്കിയതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അതിനിടയിലാണ് ലത സതീഷിനോട് വിവാഹാഭ്യാര്‍ത്ഥന നടത്തിയത്. ഇതോടെ കുപിതനായ പ്രതി യുവതിയെ തന്നില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ലത പ്രതികാരമെന്നോണം രണ്ടു തവണ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിച്ച സതീഷിനെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തി. ഇതോടെയാണ് ലതയുടെ കഥകഴിക്കാന്‍ സതീഷ് തീരുമാനിച്ചത്.
കൊലനടന്ന ദിവസം പകല്‍ മൂന്നു മണിയോടെ കാമുകിയെ തന്ത്രപൂര്‍വം ഫാന്‍സി കടയില്‍ എത്തിച്ച് മാരുതി ഓമ്‌നി വാനില്‍ കയറ്റി കുന്താപുരത്തെ കടപ്പുറത്തെത്തിച്ച് ചൂരിദാര്‍ ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം മൃതദേഹം കൊല്ലൂര്‍ റോഡിന് സമീപത്തെ കാട്ടിലേക്ക് വലിച്ചെറിഞ്ഞ് പ്രതി രക്ഷപ്പെടുകയായിരുന്നു. ലതയെ ഓമ്‌നിവാനില്‍ കയറ്റുന്നത് കണ്ട ദൃക്‌സാക്ഷിയുടെയും ലതയുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് സതീഷിനെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത്.
Post a Comment
0 Comments