Type Here to Get Search Results !

Bottom Ad

ആയമ്പാറ ജലസേചന പദ്ധതി നോക്കുകുത്തി

പെരിയ (www.evisionnews.in): ആയമ്പാറ ബന്നൂര്‍ ആദിവാസി കോളനിയിലെ ജലസേചന പദ്ധതി നോക്കുകുത്തിയായി. സമഗ്ര നെല്‍ക്കൃഷി വികസനത്തിന്റെ ഭാഗമായി പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ബന്നൂര്‍ പട്ടികവര്‍ഗ കോളനിവാസികള്‍ക്കായി അനുവദിച്ച ജലസേചന പദ്ധതിക്കാണ് ഈ ഗതികേട്. 

ജില്ലയില്‍ തന്നെ ആദിവാസി മേഖലയിലുള്ള ഏറ്റവും വലിയ പാടശേഖരമാണ് ആയമ്പാറ ബന്നൂരിലേത്. 11 കുടുംബങ്ങളുടെ കീഴില്‍ അഞ്ചേക്കറോളം വരുന്ന ഈ പാടത്ത് സമഗ്ര നെല്‍ക്കൃഷി വികസനത്തിനു വേണ്ടിയാണു പഞ്ചായത്തിന്റെ അണ്‍എയ്ഡ് ഫണ്ടില്‍ നിന്നും 1998 ല്‍ തുക അനുവദിക്കുന്നത്. 

കൃഷിക്കായി ജലസേചന സൗകര്യമൊരുക്കുക എന്ന ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പദ്ധതിക്ക് ആദ്യ ഘട്ടത്തില്‍ എഴുപതിനായിരം രൂപയും പിന്നീട് ഒരു ലക്ഷം രൂപയും അനുവദിച്ചു. എന്നാല്‍ 15 വര്‍ഷം പിന്നിട്ടിട്ടും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ പദ്ധതി നോക്കു കുത്തിയായി. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഒറ്റവിള നെല്‍ക്കൃഷി ചെയ്യുന്ന പാടത്ത് രണ്ടു വിളയും പിന്നീട് പച്ചക്കറി കൃഷിയും ചെയ്യാമെന്നായിരുന്നു കോളനിവാസികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ പമ്പടക്കം സ്ഥാപിച്ചെങ്കിലും വൈദ്യുതി കണക്ഷന്‍ കിട്ടാത്തതിനാല്‍ പദ്ധതി യാഥാര്‍ത്ഥ്യമായില്ല. പദ്ധതിയുടെ ഭാഗമായി വയലില്‍ സ്ഥാപിച്ച പൈപ്പുകളടക്കം തുരുമ്പെടുത്തു നശിച്ചു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി വൈദ്യുതി കണക്ഷനു വേണ്ടിയും മറ്റ് അറ്റകുറ്റപ്പണികള്‍ക്കുമായി 50,000 രൂപ അനുവദിച്ചിരുന്നു. 

എന്നാല്‍ പദ്ധതി കാലതാമസം വന്നതിനാല്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ വരുമെന്ന കാരണം പറഞ്ഞ് വൈദ്യുതി വകുപ്പ് അധികൃതര്‍ എസ്റ്റിമേറ്റ് നല്‍കിയില്ല. ഇതോടെ അനുവദിച്ച അന്‍പതിനായിരവും പാഴായി പോകുന്ന സ്ഥിതിയാണ്. ആര്‍ക്കും ഗുണമില്ലാതെ പാതിവഴിയിലായ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ അധികൃതര്‍ കനിയണമെന്നാണ് നാട്ടുകാര്‍ പറുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad