കാഞ്ഞങ്ങാട്: (www.evisionnews.in)മലയോര കുടിയേറ്റ കര്‍ഷക പ്രസ്ഥാനങ്ങളുടെയും ദേശീയ പ്രക്ഷോഭങ്ങളുടെയും വിലനിലമായ കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങളായ കിനാനൂര്‍ കരിന്തളം, തായ്യന്നൂര്‍, കാലിച്ചാനടുക്കം തുടങ്ങിയ പ്രദേശങ്ങളിലെ സ്‌നേഹോഷ്മളമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഇ ചന്ദ്രശേഖരന്‍ എം എല്‍ എ പര്യടനം തുടരുന്നു. കാഞ്ഞങ്ങാട് നഗരത്തിലെ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ രാവിലെ തന്നെ എത്തിച്ചേര്‍ന്ന എല്‍ ഡി എഫ് നേതാക്കളുമായി അരമണിക്കൂറോളം ചിലവഴിച്ചാണ് പത്ത് മണിയോടെ ഇ ചന്ദ്രശേഖരന്‍ കിനാനൂര്‍ വെസ്റ്റിലെ തന്റെ ആദ്യ സ്വീകരണ കേന്ദ്രമായ കക്കോട്ടിലേക്ക് യാത്ര തിരിച്ചത്. വളവും തിരിവും കയറ്റവും ഇറക്കവുമുള്ള യാത്രക്കൊടുവില്‍ സ്വീകരണ കേന്ദ്രത്തിലെത്തുമ്പോള്‍ സമയം 10.30 കഴിഞ്ഞിരുന്നു. സി പി എം ഏ കെ നാരായണനും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു. എല്‍ ഡി എഫ് നേതാക്കളുടെ ചെറുപ്രസംഗങ്ങള്‍ക്കൊടുവില്‍ ഇ ചന്ദ്രശേഖരന്റെ ഒരു പ്രസംഗം. . സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാന്‍ ഇടതുപക്ഷത്തിനും എനിക്കും ധാന്യകതിരും അരിവാളും ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് വാക്കുകള്‍ ചുരുക്കി. അടുത്ത സ്വീകരണം കിളിയളംകോടിലായിരുന്നു. നൂറിലധികം വോട്ടര്‍മാരാണ് ഇവിടെ തടിച്ചുകൂടിയിരുന്നത്. സ്ഥാനാര്‍ഥിയെ പടക്കം പൊട്ടിച്ചും രക്ത ഹാരമണിയിച്ചുമാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മലയിറങ്ങി വയല്‍ പ്രദേശമായി കീഴ്മാലയില്‍ സ്ഥാനാര്‍ഥി പ്രചരണ വാഹനം എത്തുമ്പോള്‍ വേനല്‍ചൂടിന്റെ അളവ് കൂടിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം സ്ഥാനാര്‍ഥിയുടെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. മാലപടക്കം പൊട്ടിച്ചും പൂക്കള്‍ നല്‍കിയും രക്തഹാരം അണിയിച്ചും വലിയ പ്രകടനമായാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. കുട്ടികള്‍ ചന്ദ്രശേഖരനൊപ്പം സെല്‍ഫിയെടുക്കാനും തിടുക്കം കൂട്ടി. എല്‍ ഡി എഫ് വന്നാല്‍ വോട്ടര്‍മാരില്‍ ഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ക്കായി ഒരു വകുപ്പ് തന്നെ രുപീകരിക്കുമെന്നും അതിന്റെ ആവശ്യകതയെ കുറിച്ചും സ്ഥാനാര്‍ഥി വിവരിച്ചു. അണ്ടുരിലും കുമ്പപ്പള്ളിയിലും സ്ഥാനാര്‍ഥി സ്വീകരണം മത്സരിക്കുന്നതായിരുന്നു. വേനല്‍ചൂടിന്റെ കാഠിന്യത്തില്‍ ദാഹം കൊണ്ട് തെണ്ട വലഞ്ഞ പര്യടന സഖാക്കള്‍ക്ക് അണ്ടൂര്‍ സ്വീകരണ കേന്ദ്രത്തില്‍ നിന്ന് നല്‍കിയ ഇളനീര്‍ വലിയ ആശ്വാസം നല്‍കി. തുടര്‍ന്ന് പെരിയങ്ങാനത്തെ സ്വീകരണം കഴിഞ്ഞ് കോളംകുളത്ത് ഉച്ചഭക്ഷണം കഴിച്ച് അല്‍പം വിശ്രമം. ഉച്ചയ്ക്ക് ശേഷം കാളിയാനം, കോളംകുളം, അട്ടക്കണ്ടം, ആനപ്പെട്ടി, വേങ്ങച്ചേരി, മൂപ്പില്‍, അയ്യങ്കാവ്, മുക്കുഴി, എണ്ണപ്പാറ താഴെ, തായ്യന്നൂര്‍ എന്നിവിടങ്ങളിലെ സ്വീകരണം കഴിഞ്ഞാണ് മടക്കം.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് പുറമേ എല്‍ ഡി എഫ് നേതാക്കളായ ഏ കെ നാരായണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, സി പ്രഭാകരന്‍, ടി കെ രവി, പി വിജയകുമാര്‍, പി പി നന്ദകുമാര്‍, എന്‍ പുഷ്പരാജന്‍, സുനില്‍ മാടക്കല്‍, പാറക്കോല്‍ രാജന്‍, എന്‍ കെ തമ്പാന്‍, ഷാലുമാത്യു, എം കുമാരന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment
0 Comments