Type Here to Get Search Results !

Bottom Ad

മെഡിക്കൽ കോളജിന്റെ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു


കാസർകോട് :(www.evisionnews.in) കാസര്‍കോടിന്റെ സ്വപ്ന പദ്ധതിയായ മെഡിക്കല്‍ കോളജിന്റെ പ്രവൃത്തി ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. എന്‍.എ നെല്ലിക്കുന്നിന്റെ ശ്രമഫലമായി ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ആദ്യ ബഡ്ജറ്റില്‍ അനുവദിച്ച മെഡിക്കല്‍ കോളജിന് 2013 നവംബര്‍ 30 നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപനം നടത്തിയത്.
ഒരു കോടി രൂപ ചെലവഴിച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഏറെക്കാലമായി മുടങ്ങികിടന്ന പ്രവൃത്തിയുടെ സാങ്കേതിക തടസങ്ങള്‍ നീക്കി കഴിഞ്ഞ ഡിസംബര്‍ 22നാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ച ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചത്. 88 കോടി രൂപയുടെ പദ്ധതി ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിര്‍കോ എന്ന സ്ഥാപനമാണ് ഏറ്റെടുത്ത് നടത്തുന്നത്.
പ്രഭാകരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പാക്കേജില്‍ നിന്നുള്ള ഒരു കോടി രൂപയും നബാര്‍ഡ് സഹായവും സംയോജിപ്പിച്ച് 282 കോടി രൂപയാണ് മെഡിക്കല്‍ കോളജിന് അനുവദിച്ചത്. 300 കിടക്കകളുള്ള ആശുപത്രി, വെള്ളം, വൈദ്യുതി , ലൈബ്രറി, ഹോസ്റ്റല്‍ തുടങ്ങിയ അനുബന്ധ സംവിധാനവും ഇതോടപ്പം നടപ്പിലാവും. അക്കാദമി ബ്ലോക്കിന്റെ നിര്‍മാണം പത്തു മാസത്തിനകം പൂര്‍ത്തീകരിക്കുന്ന വിധത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.




Post a Comment

0 Comments

Top Post Ad

Below Post Ad